ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ച പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടത്തിലും വിരാട് കോലി ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്ന് സൂചന. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങിയ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലി നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗൺസുള്ള പിച്ചിൽ നടന്ന ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ നാലു പന്തിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറി നേടി തിളങ്ങിയപ്പോൾ കോലിക്ക് ഐപിഎല്ലിലെ ഫോം തുടരാനായില്ല.

വിരാട് കോലിയും രോഹിത് ശർമയും ഓപ്പണർമാരാകുമ്പോൾ പാക്കിസ്ഥാനെതിരെയും മൂന്നാം നമ്പറിൽ ഋഷഭ് പന്ത് തന്നൊകും ഇറങ്ങുക. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ അർധസെഞ്ചുറി നേടിയ പന്ത് അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 26 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നിരുന്നു.

പാക്കിസ്ഥാനെതിരെ അയർലൻഡിനെതിരെ കളിച്ച അതേ ടീമിനെ നിലനിർത്താൻ തീരുമാനിച്ചാൽ മലയാളി താരം സഞ്ജു സാംസണും യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളും ഒരിക്കൽ കൂടി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താവും. ടൂർണമെന്റിൽ മൂന്നാം നമ്പറിൽ പന്ത് തന്നെയാകും ഇറങ്ങുകയെന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോർ അയർലൻഡിനെതിരായ മത്സരശേഷം വ്യക്തമാക്കിയത് സഞ്ജുവിന് ഇമുണ്ടാകില്ലെന്നതിന്റെ സൂചനയാണ്.

പേസർമാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാൽ മൂന്ന് പേസർമാർമാരെ നിലനിർത്തിയാകും പാക്കിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഹാർദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേരുമ്പോൾ പേസ് നിര ശക്തമാകും.

സ്പിൻ നിരയിൽ അക്‌സർ പട്ടേലിനെ കളിപ്പിക്കണോ കുൽദീപ് യാദവിനെ കളിപ്പിക്കണോ എന്ന ആശ്യക്കുഴപ്പം ഇന്ത്യൻ ടീം മാനേജ്‌മെന്റിനുണ്ട്. അക്‌സർ ആദ്യ മത്സരത്തിൽ മികച്ച ബൗളിങ് പുറത്തെടുത്തെങ്കിലും പാക്കിസ്ഥാനെതിരെ കുൽദീപ് മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എന്നാൽ കുൽദീപിനെ കളിപ്പിച്ചാൽ വാലറ്റത്തിന്റെ നീളം കൂടുമെന്നതാണ് ആശങ്ക. ബാറ്റിങ് നിരയിൽ സൂര്യകുമാർ യാദവും ശിവം ദുബെയും രവീന്ദ്ര ജഡേജയും തുടരാനാണ് സാധ്യത.

അതേ സമയം ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്ന നാസൗ സ്റ്റേഡിയത്തിലെ പിച്ച് സ്ഥിരത പുലർത്തുന്നില്ലെന്നും എന്നാൽ വരും മത്സരങ്ങളിൽ പിച്ച് മെച്ചപ്പെടുത്തുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

നാസൗവിലെ പിച്ച് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. അതിനാൽ വരും മത്സരങ്ങൾക്ക് മുമ്പായി പിച്ച് മെച്ചപ്പെടുത്തുന്നതിന് ലോകോത്തര നിലവാരമുള്ള ഗ്രൗണ്ട്‌സ്മാന്മാരുടെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മത്സരത്തിനുശേഷം ഇവർ പിച്ച് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണെന്നും ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇനിയുള്ള മത്സരങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പിച്ച് തന്നെ തയാറാക്കാൻ ശ്രമിക്കുമെന്നും ഐസിസി പറഞ്ഞു.

ക്രിക്കറ്റിന് അധികം ആരാധകരില്ലാത്ത യുഎസിലേക്ക് ക്രിക്കറ്റ് ലോകകപ്പെത്തിയപ്പോൾ എല്ലാവരും ഒരുപോലെ സംശയം പ്രകടപ്പിച്ചതായിരുന്നു എന്താകും യുഎസിലെ പിച്ചുകളുടെ സ്വഭാവമെന്ന്. എന്നാൽ ആശങ്കപ്പെട്ടതുപോലെ നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റർമാർ റണ്ണടിക്കാൻ പാടുപെടുകയും അപ്രതീക്ഷിത ബൗൺസിൽ കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.