ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചാണ് വാർത്തകളിൽ നിറയുന്നത്. സൂപ്പർ ഓവറിലേക്കു നീണ്ട നാടകീയ മത്സരത്തിൽ പാക്കിസ്ഥാനെ വീഴ്‌ത്തിയ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയമാണു സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ജീവൻ മരണ പോരാട്ടത്തിനാകും പാക്കിസ്ഥാൻ ഇറങ്ങുക.

പാക്കിസ്ഥാൻ ആദ്യ മത്സരം തോൽക്കുകയും ആതിഥേയരായ യുഎസ്എ തുടർച്ചയായ രണ്ടാംജയം നേടുകയും ചെയ്തതോടെ ലോകകപ്പിലെ എ ഗ്രൂപ്പിൽ ശേഷിക്കുന്ന പോരാട്ടങ്ങൾ കടുക്കുമെന്ന് ഉറപ്പായി. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറുക. രണ്ട് ജയം നേടിയ യു എസാണ് മുന്നിൽ അയർലൻഡിനെതിരെ ജയം നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നാണ് കരുതിയിരുന്നതെങ്കിലും യുഎസിനെതിരായ തോൽവിയോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. ആദ്യ മത്സരത്തിൽ കാനഡയെയും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും കീഴടക്കിയതോടെ യുഎസാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം എ ഗ്രൂപ്പിൽ നിർണായകമാകും. ഈ കളിയും തോറ്റാൽ പാക്കിസ്ഥാന്റെ സൂപ്പർ 8 പ്രവേശനനം തുലാസിലാകും.

അതേ സമയം ആദ്യ മത്സരത്തിൽ ജയം നേടിയ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇറങ്ങുക. അയർലൻഡിനെതിരെ ബൗളിംഗിൽ ബുമ്രയും സിറാജും ഹാർദ്ദിക്കുമെല്ലാം തിളങ്ങി. ആദ്യ മൂന്ന് കളികളും ഇതേവേദിയിലാണെന്നതും ഇന്ത്യക്ക് മുൻതൂക്കം നൽകുന്നുണ്ട്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരവും അയർലൻഡിനെതിരായ മത്സരവും ഇന്ത്യ ഇതേ വേദിയിലാണ് കളിച്ചത്.

ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ബാറ്റ് ചെയ്യുമ്പോൾ അപ്രതീക്ഷിത ബൗൺസിൽ കൈത്തണ്ടക്ക് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് ഇന്നലെ ബാറ്റിങ് പരിശീലനത്തിനിടെ തള്ളവിരലിനും പരിക്കേറ്റിരുന്നു. പരിശീലന പിച്ചിലും പന്ത് അപ്രതീക്ഷിതമായി കുത്തി ഉയർന്നാണ് രോഹിത്തിന്റെ കൈയിലെ തള്ളവിരലിൽ പരിക്കേറ്റത്. പന്തുകൊണ്ട ഉടൻ രോഹിത് വേദനകൊണ്ട് പുളഞ്ഞെങ്കിലും പ്രാഥമിക ചികിത്സ തേടിയശേഷം ബാറ്റിങ് തുടർന്നത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും ന്യൂയോർക്കിലെ പിച്ചിന്റെ മോശം നിലവാരത്തിനെതിരെ ഐസിസിക്ക് ബിസിസിഐ അനൗദ്യോഗികമായി പരാതി നൽകിയതായാണ് റിപ്പോർട്ട്. നെറ്റ്‌സിൽ ബാറ്റിങ് താളം കണ്ടെത്താൻ വിരാട് കോലിയും പാടുപെട്ടിരുന്നു.

ഓപ്പണർ സ്ഥാനത്ത് രോഹിത് ശർമക്ക് ഒപ്പം വിരാട് കോലി തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിൽ ഓപ്പണറായി തകർത്തടിച്ചെങ്കിലും അയർലൻഡിനെതരായ ആദ്യ മത്സരത്തിൽ ഒരു റൺ മാത്രമെടുത്ത് പുറത്തായ കോലി നിരാശപ്പെടുത്തിയിരുന്നു. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗൺസുള്ള പിച്ചിൽ കോലിക്ക് താളം കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിൽ നാളെ പാക്കിസ്ഥാനെതിരെയും കോലിയാണ് ഓപ്പണറായി ഇറങ്ങുന്നതെങ്കിൽ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് തുറന്നു പറയുകയാണ് മുൻ പാക് വിക്കറ്റ് കീപ്പറായ കമ്രാൻ അക്മൽ. വിരാട് കോലി ഓപ്പണറാവാതെ മൂന്നാം നമ്പറിലിറങ്ങുന്നതാണ് ഉചിതം. രോഹിത്തിനൊപ്പം യശസ്വി ജയ്‌സ്വാളാണ് ഓപ്പൺ ചെയ്യേണ്ടത്. ഇതോടെ മൂന്നാം നമ്പറിലിറങ്ങുന്ന കോലിക്ക് കളി ഫിനിഷ് ചെയ്യാൻ അവസരം ലഭിക്കും.

ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് ഓർഡർ ശരിയാണെന്ന് ഞാൻ കരുതുന്നില്ല. കോലി ഓപ്പണറായി ഇറങ്ങിയാൽ മത്സരത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യ പാടുപെടുമെന്നാണ് തോന്നുന്നത്. അതിന് പകരം കോലി ഒരറ്റത്ത് നിന്ന് കളി ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. കോലിയെ ഓപ്പണറാക്കിയത് അബദ്ധമാണെന്നും കമ്രാൻ അക്മൽ യുട്യൂബ് വീഡിയോയിൽ പറഞ്ഞു

ഇന്ത്യ-അയർലൻഡ് മത്സരത്തിലെ പിച്ചിന്റെ മോശം നിലവാരത്തെത്തുടർന്ന് വിമർശനം ഉയർന്നപ്പോൾ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനായി പിച്ചിൽ മിനുക്കുപണികൾ നടത്തുമെന്ന് ഐസിസി പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. ഏറ്റവും മികച്ച ഗ്രൗണ്ട്സ്റ്റാഫുകളുടെ സേവനം ഉപയോഗിച്ച് പിച്ചിന്റെ നിലവാരം ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.