- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരാട്ടം ന്യയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കും. പ്രാദേശിക സമയം രാവിലെ പത്തരക്ക് ആണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.
ആദ്യ മത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി വിജയത്തുടക്കമിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേ സമയം ആതിഥേയരായ അമേരിക്കയോട് സൂപ്പർ ഓവറിൽ പരാജയപ്പെട്ട പാക്കിസ്ഥാന് സൂപ്പർ 8 സാധ്യത നിലനിർത്താൻ ജയിച്ചേ തീരു.
ന്യയോർക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആശങ്ക. 150 ന് മുകളിലുള്ള സ്‌കോർ നേടുക എന്നത് ഈ ഗ്രൗണ്ടിൽ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യ രണ്ട് കളികളിലും 100 റൺസ് പോലും പിറക്കാതിരുന്ന ഗ്രൗണ്ടിൽ ഇന്നലെ കാനഡ നേടിയ 137 റൺസാണ് ഉയർന്ന സ്‌കോർ.
ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ നാലാം മത്സരമാണ് നാളെ നടക്കുന്നത്. പിച്ചിന്റെ പ്രവചനാതീത സ്വഭാവം കൊണ്ട് ഏറെ പഴികേട്ട ഗ്രൗണ്ടിൽ ടോസ് നിർണായകമാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയ ടീം ഫീൽഡിങ് തെരഞ്ഞെടുക്കുകയും എതിരാളികളെ 100ൽ താഴെ സ്‌കോറിൽ ഒതുക്കുകയും ചെയ്‌തെങ്കിലും ചേസിംഗും അത്ര എളുപ്പമായിരുന്നില്ല.
ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ 137 റൺസടിച്ച് ഈ ഗ്രൗണ്ടിൽ 100 പിന്നിടുന്ന ആദ്യ ടീമായി. 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിനാകട്ടെ 20 ഓവറിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
പിച്ചിനെ പേടിച്ചിറങ്ങുന്ന ഇന്ത്യൻ ടീമിൽ അയർലൻഡിനെതിരെ കളിച്ച ടീമിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് നാളെ പാക്കിസ്ഥാനെതിരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്നും മലയാളികൾ ഉറ്റുനോക്കുന്നു. അയർലൻഡിനെതിരെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വിരാട് കോലി തന്നെ പാക്കിസ്ഥാനെതിരെയും ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്.
പാക്കിസ്ഥാനെതിരെ ലോകകപ്പിൽ മികച്ച റെക്കോർഡുള്ള താരമാണ കോലി. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങിയ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലി മിന്നും ഫോമിലുമാണ്. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ നാലു പന്തിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും രോഹിത്തിനൊപ്പം കോലി തന്നെ ഓപ്പണറായി എത്തും. കോലി ഓപ്പണറാകുമ്പോൾ യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും വീണ്ടും പുറത്തിരിക്കേണ്ടിവരും.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലും അയർലൻഡിനെതിരെയും തിളങ്ങിയ ഋഷഭ് പന്ത് തന്നെയാകും പാക്കിസ്ഥാനെതിരെയും മൂന്നാം നമ്പറിൽ ഋഷഭ് പന്ത് തന്നെയാകും ഇറങ്ങുക. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ അർധസെഞ്ചുറി നേടിയ പന്ത് അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 26 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നിരുന്നു.
നാലാം നമ്പറിൽ സൂര്യകുമാറും പിന്നാലെ ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരും എത്തുമ്പോൾ സ്പിൻ ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും കളിക്കാനാണ് സാധ്യത. അക്്‌സർ ആദ്യ മത്സരത്തിൽ മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ കുൽദീപിനെ കളിപ്പിക്കുന്ന കാര്യം പരിഗണിച്ചെങ്കിലും ബൗളർമാർക്ക് ആധിപത്യം ലഭിക്കുന്ന പിച്ചിൽ കുൽദീപിനെ കളിപ്പിച്ചാൽ വാലറ്റത്തിന്റെ നീളം കൂടുമെന്നതിനാൽ അക്‌സർ തന്നെ തുടരാനാണ് സാധ്യത.
പേസർമാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാൽ മൂന്ന് പേസർമാർമാരെ നിലനിർത്തിയാകും പാക്കിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരായ ഹാർദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേരുമ്പോൾ പേസ് നിര ശക്തമാകും. അഞ്ച് പേസർമാരും രണ്ട് സ്പിൻ ഓൾറൗണ്ടർമാരുമായാകും ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുക.
മത്സരം തൽസമയം കാണാം
ഇന്ത്യയിൽ ടെലിവിഷനിൽ സ്റ്റാർ സ്‌പോർട്‌സിലൂടെയും ലൈവ് സ്ട്രീമിംഗിൽ ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. മൊബൈൽ ഉപയോക്താക്കൾക്ക് ഹോട്സ്റ്റാറിൽ മത്സരം സൗജന്യമായി കാണാൻ അവസരമുണ്ട്. സ്റ്റാർ സ്‌പോർട്‌സിന് പുറമെ ഡിഡി സ്‌പോർട്‌സിലും മത്സരത്തിന്റെ തത്സമയം സംപ്രേഷണമുണ്ടാകും.
2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ മെൽബണിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അന്ന് ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ വിരാട് കോലിയുടെ ബാറ്റിങ് മികവിൽ ഇന്ത്യ ജയിച്ചു കയറി. ഇന്ത്യയോട് തോറ്റെങ്കിലും പാക്കിസ്ഥാൻ ഫൈനലിലെത്തി. ഇന്ത്യയാകട്ടെ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി.
പാക്കിസ്ഥാന് ജീവൻ മരണ പോരാട്ടം
നാളെ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ പാക്കിസ്ഥാനും ക്യാപ്റ്റൻ ബാബർ അസമും കടുത്ത സമ്മർദ്ദത്തിലാണ്. പാക്കിസ്ഥാന്റെ ബാറ്റിങ് നിരയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയേറെയാണ്. ആദ്യ മത്സരത്തിൽ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോൽവി പാക്കിസ്ഥാന് മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയൊരു തോൽവി പാക്കിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യ കഴിഞ്ഞാൽ അട്ടിമറി വീരന്മാരായ അയർലൻഡും കാനഡയുമാണ് പാക്കിസ്ഥാന്റെ എതിരാളികൾ.
ഡ്രോപ്പ് ഇൻ പിച്ച്
മറ്റൊരു സ്ഥലത്ത് നിർമ്മിച്ച് പരിപാലിച്ചശേഷം ക്രെയ്‌നിന്റെ സഹായത്തോടെ സ്റ്റേഡിയത്തിൽ കൊണ്ടുവന്നു സ്ഥാപിക്കുന്ന പിച്ചുകളാണ് 'ഡ്രോപ് ഇൻ പിച്ചുകൾ'. മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളിൽ മത്സരശേഷം ഗ്രൗണ്ടിൽ നിന്ന് നീക്കം ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ റഗ്‌ബി, ബേസ്ബോൾ, ഹോക്കി തുടങ്ങിയ മത്സരങ്ങൾക്കായും ഉപയോഗിക്കുന്ന ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലുമാണ് ഇതു കൂടുതലായുള്ളത്. ലോകകപ്പിനായി ന്യൂയോർക്കിലെ നാസോ കൗണ്ടിയിൽ നിർമ്മിച്ച ഐസനോവർ പാർക്ക് സ്റ്റേഡിയവും പിന്നീട് മറ്റു മത്സരങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഇവിടെ സ്ഥിരം പിച്ച് നിർമ്മിക്കാത്തത്.
പിച്ചുകളുടെ സ്വഭാവം മുൻകൂട്ടി പ്രവചിക്കാനാവില്ല എന്നതാണ് ഡ്രോപ് ഇൻ പിച്ചുകളുടെ പ്രധാന പ്രത്യേകത. ആദ്യ രണ്ട് മൽസരങ്ങളിൽ ബോളർമാർക്ക് അധിക ബൗൺസടക്കം നൽകി സഹായിച്ച നാസോ കൗണ്ടി പിച്ച് തന്നെ ഉദാഹരണം.അപ്രതീക്ഷിത പെരുമാറ്റമായിരിക്കും പിച്ചിൽ നിന്നുണ്ടാവുന്നത്. ഇതിനനുസരിച്ച് താരങ്ങൾ കരുതിയിരിക്കണമെന്ന് സാരം. കാലാവസ്ഥ പിച്ചിനെ സ്വാധീനിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ന്യൂയോർക്കിലെ സ്റ്റേഡിയത്തിൽ സ്ഥാപിച്ച പിച്ചിലെ കളിമണ്ണ് ഓസ്‌ട്രേലിയയിൽ നിന്നാണെങ്കിൽ അതിൽ പുല്ല് പിടിപ്പിച്ചത് യുഎസിലെ ഫ്‌ളോറിഡയിൽ എത്തിച്ചശേഷമാണ്.
ബൗളർമാരെ അതിരുവിട്ട് സഹായിക്കുന്ന, ബാറ്റർമാർക്ക് പരിക്കേൽക്കാനിടയുള്ള നാസൗ സ്റ്റേഡിയത്തിലെ പിച്ചിനെ പറ്റി താരങ്ങൾക്കും പരിശീലകർക്കും ആശങ്കകളുണ്ട്. പാക്കിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നത് നാസൗ സ്റ്റേഡിയത്തിലാണ്. ആദ്യ രണ്ട് മൽസരങ്ങളിൽ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച അതേ സ്വഭാവമാണ് അന്നും പിച്ച് കാണിക്കുന്നതെങ്കിൽ വലിയ വിമർശനമാകും ഉയരുക.