- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസിലെ ഭാഗ്യം പാക്കിസ്ഥാന്; ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ലോകകപ്പിൽ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന നാലു മത്സരങ്ങളിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ അസാധാരണ ബൗൺസും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിങ് ദുഷ്‌കരമാക്കുമെന്നാണ് കരുതുന്നത്.
അയർലൻഡിനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം അമേരിക്കയോട് തോറ്റ ടീമിൽ അസം ഖാൻ പുറത്തായി. ഇമാദ് വാസിമാണ് അസം ഖാന് പകരം പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവനിലെത്തിയത്. ന്യൂയോർക്കിൽ രാവിലെ മുതൽ കനത്ത മഴ പെയ്തതോടെയാണ് മത്സരത്തിന്റെ ടോസ് വൈകിയത്. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും ടോസ് അരമണിക്കൂർ വൈകിയാണ് നടന്നത്. മത്സരം പ്രാദേശിക സമയം 11നും ഇന്ത്യൻ സമയം 8.30ന് ആരംഭിക്കുമെന്നാണ് വിവരം.
ന്യൂയോർക്കിലെ നാസൗ സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗൺസിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകൾക്കും ആശങ്കയുണ്ട്. കനത്ത മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാൽ പവർ പ്ലേയിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിങ് എളുപ്പമായിരിക്കില്ല. അസാരാണ സ്വിംഗും ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗൺസും കൂടിയാകുമ്പോൾ ബാറ്റർമാർക്ക് പിടിച്ചു നിൽക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്. മഴ മാറിയെങ്കിലും ആകാശം മേഘാവൃതമാണെന്നതും പേസർമാർക്ക് സഹായകരമണ്.
ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പരാജയപ്പെട്ട പാക്കിസ്ഥാനെയാണ് യുഎസിനെതിരെ കണ്ടത്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവി ടീമിന് അകത്തും പുറത്തും വിമർശനങ്ങൾക്കു തിരികൊളുത്തിയിട്ടുണ്ട്. ഗ്രൂപ്പ് എയിൽ യുഎസ്, ഇന്ത്യ, കാനഡ എന്നിവർക്കു പിറകിലായി നാലാമതാണ് നിലവിൽ പാക്കിസ്ഥാൻ.
ഇരുടീമുകൾക്കും കുറഞ്ഞത് 5 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടിവരും. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്കു റിസർവ് ദിനമില്ല. മഴ കാരണം കളി ഉപേക്ഷിക്കേണ്ടിവന്നാൽ ടീമുകൾ പോയിന്റ് പങ്കുവയ്ക്കും.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.