- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലനായി മഴ; പിന്നാലെ വിക്കറ്റ് മഴ; തകർന്നുടഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര
ന്യൂയോർക്ക്: മഴ വില്ലനായി അവതരിച്ചതിന് പിന്നാലെ വിക്കറ്റ് മഴ. ന്യൂ യോർക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ പാക്കിസ്ഥാന് 120 റൺസ് വിജയലക്ഷ്യം. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 42 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്.
മഴ മാറി മത്സരം ആരംഭിച്ചതോടെ പാക് ബൗളർമാരുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. കോലിയും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകർന്നുടഞ്ഞു. ഒടുക്കം 19-ഓവറിൽ 119-ന് ഇന്ത്യ ഓൾഔട്ടായി. 42-റൺസെടുത്ത ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്കോറർ. പാക്കിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.
പവർ പ്ലേയിൽ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും പന്തും അക്സർ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോറിലെത്തുമെന്ന് കരുതിയ ഇന്ത്യ പതിനൊന്നാം ഓവറിൽ 89-3 എന്ന മികച്ച സ്കോറിൽ നിന്നാണ് 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായത്.
മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാൽ മഴ മാറി മത്സരം ആരംഭിച്ചയുടൻ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കോലി മടങ്ങി. വെറും നാല് റൺസ് മാത്രമെടുത്ത കോലി ഉസ്മാൻ ഖാന്റെ കൈകളിലൊതുങ്ങി.
പിന്നാലെ മൂന്നാം ഓവറിൽ നായകൻ രോഹിത്തും കൂടാരം കയറി. ഷഹീൻ അഫ്രീദിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിന് പാളി. താരത്തെ ഹാരിസ് റൗഫ് കൈകകളിലൊതുക്കിയതോടെ ഇന്ത്യ 19-2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഋഷഭ് പന്തും അക്ഷർ പട്ടേലും ചേർന്ന് സ്കോറുയർത്തി. ഇരുവരും ടീം സ്കോർ 50-കടത്തി.
ടീം സ്കോർ 58-ൽ നിൽക്കേ ഇന്ത്യയ്ക്ക് അക്ഷർ പട്ടേലിനെ നഷ്ടമായി. നസീം ഷായുടെ പന്തിൽ താരം ക്ലീൻ ബൗൾഡായി. 18-പന്തിൽ നിന്ന് 20 റൺസാണ് അക്ഷറിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലിറങ്ങിയ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. എട്ട് പന്തിൽ നിന്ന് ഏഴ് റൺസെടുത്ത താരത്തെ ഹാരിസ് റൗഫ് പുറത്താക്കി. വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്.
പിന്നാലെ പന്തുൾപ്പെടെ ബാറ്റർമാർ നിരനിരയായി കൂടാരം കയറിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ശിവം ദുബൈ(3), രവീന്ദ്ര ജഡേജ(0) എന്നിവർ നിരാശപ്പെടുത്തി. 31-പന്തിൽ നിന്ന് 42 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പന്തിനേയും ജഡേജയേയും ആമിർ പുറത്താക്കിയപ്പോൾ ദുബൈയെ നസീം ഷാ പുറത്താക്കി. അതോടെ ഇന്ത്യ 96-7 എന്ന നിലയിലേക്ക് വീണു.
ഹാർദിക് പാണ്ഡ്യ(7), ജസ്പ്രീത് ബുംറ(0), അർഷ്ദീപ് സിങ്(9) എന്നിവരും വേഗം മടങ്ങിയതോടെ 19-ഓവറിൽ 119-ന് ഇന്ത്യ ഓൾഔട്ടായി. പാക്കിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു. ഇന്ത്യൻ ടീം; രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് പാക്കിസ്ഥാൻ ടീം: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ശദബ് ഖാൻ, ഇമാദ് വസിം, ഇഫ്തിക്കർ അഹമ്മദ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ