ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ അനായാസ വിജയം ഉറപ്പിച്ചിടത്തു നിന്നും അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്റെ സൂപ്പർ 8 മോഹം തുലാസിൽ. ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിൽ അമേരിക്കയോട് തോറ്റതിന് പിന്നാലെ ഇന്നലെ ഇന്ത്യയോടും തോറ്റതോടെ അവസാന രണ്ട് മത്സരങ്ങളിൽ ജയിച്ചാലും പാക്കിസ്ഥാന് സൂപ്പർ 8 ഉറപ്പിക്കാനാവില്ല. രണ്ട് ജയങ്ങളുമായി ഇന്ത്യയും അമേരിക്കയും മുന്നിൽ നിൽക്കുമ്പോൾ ഒരു പോയിന്റു പോലുമില്ലാതെ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് പാക്കിസ്ഥാനും അയർലൻഡും.

രണ്ട് കളികളിൽ രണ്ട് ജയവും പ്ലസ് വൺ.455 നെറ്റ് റൺറേറ്റും നാലു പോയന്റമായി ഗ്രൂപ്പ് എയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയും കാനയഡുമാണ് അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ എതിരാളികൾ എന്നതിനാൽ ഇന്ത്യ സൂപ്പർ 8 ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കാനഡയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ആതിഥേയരായ അമേരിക്ക നാലു പോയന്റും +0.626 നെറ്റ് റൺറേറ്റുമായി ഗ്രൂപ്പിൽ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളിൽ ഒരു ജയത്തിൽ നിന്ന് നേടിയ രണ്ട് പോയന്റുമായി കാനഡയാണ് മൂന്നാമത്. രണ്ട് മത്സരങ്ങളും തോറ്റ പാക്കിസ്ഥാനും അയർലൻഡിനും ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ 8ലേക്ക് മുന്നേറുക. അയർലൻഡും കാനഡയുമാണ് ഇനിയുള്ള മത്സരങ്ങളിൽ പാക്കിസ്ഥാന്റെ എതിരാളികൾ. അട്ടിമറി വീരന്മാരായ അയർലൻഡ് ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ട്വന്റി 20 പരമ്പരയിൽ പാക്കിസ്ഥാനെ അട്ടിമറിച്ച ടീം കൂടിയാണ്. ഇതിന് പുറമെ കാനഡക്കെതിരായ മത്സരം ഇന്നലെ ഇന്ത്യക്കെതിരായ മത്സരം നടന്ന ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണെന്നത് പാക്കിസ്ഥാന്റെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ്. നാളെയാണ് പാക്കിസ്ഥാൻ-കാനഡ പോരാട്ടം.

16ന് അയർലൻഡിനെതിരായ മത്സരം ഫ്‌ളോറിഡയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ മികച്ച മാർജിനിൽ ജയിക്കുകയും അമേരിക്ക അടുത്ത രണ്ട് കളികളും പരാജയപ്പെടുകയും ചെയ്താൽ മാത്രമെ പാക്കിസ്ഥാന് ഇനി സൂപ്പർ 8ലേക്ക് മുന്നേറാനാവു. ഒപ്പം കാനഡയുടെയും അയർലൻഡിന്റെയും മത്സരഫലങ്ങളും അനുകൂലമാകണം.

ഇന്ത്യയും അയർലൻഡുമാണ് ഇനി അമേരിക്കയുടെ എതിരാളികളെന്നതാണ് പാക്കിസ്ഥാന് അൽപമെങ്കിലും ആശ്വസിക്കാവുന്ന കാര്യം. എങ്കിലും വലിയ സ്‌കോറുകൾ പിറക്കാത്ത അമേരിക്കൻ പിച്ചുകളിൽ മികച്ച മാർജിനിൽ ജയിച്ച് നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

ഇനിയുള്ള രണ്ട് കളികളും ജയിക്കുകയും അമേരിക്ക അവസാന രണ്ട് കളികളും തോൽക്കുകയും ചെയ്താലും നെറ്റ് റൺറേറ്റ് പാക്കിസ്ഥാന് മുന്നിൽ വലിയ വെല്ലുവിളിയായേക്കുമെന്നാണ് കരുതുന്നത്. ഫ്‌ളോറിഡയിൽ 14ന് നടക്കുന്ന അമേരിക്ക-അയർലൻഡ് മത്സരത്തിൽ അമേരിക്ക ജയിച്ചാൽ പാക്കിസ്ഥാൻ സൂപ്പർ 8ലെത്താതെ പുറത്താവും.

ഇന്ത്യക്കെതിരായ മത്സരത്തിൽ ശക്തമായ നിലയിൽ നിന്നുമാണ് പാക്കിസ്ഥാൻ തോൽവി വഴങ്ങിയത്. പതിനാല് ഓവറിൽ 80-3 എന്ന സ്‌കോറിലെത്തിയ പാക്കിസ്ഥാന് അവസാന ആറോവറിൽ ജയിക്കാൻ 36 റൺസ് മതിയായിരുന്നു. എന്നാൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ മുഹമ്മദ് റിസ്വാൻ പുറത്തായതോടെ അടിതെറ്റി പാക്കിസ്ഥാൻ ആറ് റൺസ് തോൽവി വഴങ്ങി.

തോൽവിക്ക് പിന്നാലെ കണ്ണീരടക്കാൻ പാടുപെട്ട് പൊട്ടിക്കരഞ്ഞ നസീം ഷായെ കൂടെയുണ്ടായിരുന്ന ഷഹീൻ അഫ്രീദി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നേരത്തെ ഇന്ത്യൻ ഇന്നിങ്‌സിൽ വിരാട് കോലിയെയും അക്‌സർ പട്ടേലിനെയും ശിവം ദുബെയെയും പുറത്താക്കിയ നസീം ഷാ നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബൗളിംഗിൽ തിളങ്ങിയിരുന്നു.

ഇന്നലെ അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ 18 റൺസായിരുന്നു പാക്കിസ്ഥാന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. അർഷ്ദീപ് സിങ് എറിഞ്ഞ ഓവറില ആദ്യ പന്തിൽ തന്നെ ഇമാദ് വാസിം പുറത്തായതോടെയാണ് ഷഹീൻ അഫ്രീദിക്ക് കൂട്ടായി നസീം ഷാ ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ സിംഗിളെടുത്ത് അഫ്രീദിക്ക് സ്‌ട്രൈക്ക് കൈമാറി. ഇതോട പാക് ലക്ഷ്യം നാലു പന്തിൽ 17 ആയി. അടുത്ത പന്തിലും അഫ്രീദിക്ക് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. ഇതടെ ലക്ഷ്യം മൂന്ന് പന്തിൽ 16 ആയി. എന്നാൽ അർഷ്ദീപിന്റെ നാലാം പന്ത് വിക്കറ്റിന് പിന്നിലേക്ക് സ്‌കൂപ്പ് ചെയ്ത് ബൗണ്ടറി നേടിയ നസീം ഷാ ലക്ഷ്യം രണ്ട് പന്തിൽ 12 റൺസാക്കി. അഞ്ചാം പന്തിൽ ഡീപ് പോയന്റിലേക്ക് ഉയർത്തിയടിച്ച നസീം ഷായെ പറന്നു പിടിക്കാൻ വിരാട് കോലി നോക്കിയെങ്കിലും പന്ത് ബൗണ്ടറി കടന്നു. ഇതോടെ ലക്ഷ്യം അവസാന പന്തിൽ എട്ട് റൺസായി. എന്നാൽ അവസാന പന്തിൽ ഒരു റണ്ണെടുക്കാനെ നസീം ഷാക്ക് കഴിഞ്ഞുള്ളു.