- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയോട് തോൽവി; ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഗ്രൂപ്പ് എ യിലെ ആദ്യ രണ്ട് മത്സരങ്ങളിലും തുടർച്ചയായ തോൽവികൾ വഴങ്ങിയതോടെ പാക്കിസ്ഥാന്റെ സൂപ്പർ 8 മോഹത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിൽ അമേരിക്കയോട് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെ ഞായറാഴ്ച ഇന്ത്യയോടും അടിയറവ് പറഞ്ഞു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ പാക്കിസ്ഥാന് ജയം അനിവാര്യമായി. തന്നെയുമല്ല, ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളുടെ ഇനിയുള്ള മത്സരഫലത്തെ ആശ്രയിച്ചാണ് പാക്കിസ്ഥാന്റെ സാധ്യതകൾ നിൽക്കുന്നത്
ജീവന്മരണപ്പോരാട്ടത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തി. പാക്കിസ്ഥാൻ ടീമിൽ എന്തൊക്കെയോ പുകയുന്നുണ്ടെന്നും ലോകകപ്പിനുശേഷം എല്ലാം തുറന്നു പറയുമെന്നും മുൻ നായകൻ ഷാഹിദ് അഫ്രീദി പറഞ്ഞു. ബാബറിന്റെ നേതൃത്വത്തിലുള്ള ഈ പാക്കിസ്ഥാൻ ടീമിന് സൂപ്പർ 8ൽ എത്താൻ അർഹതയില്ലെന്ന് മുൻ താരം ഷൊയൈബ് അക്തർ തുറന്നുപറഞ്ഞു.
കടുത്ത വിമർശനമാണ് ഷാഹിദ് അഫ്രീദി ഉന്നയിച്ചത്. എല്ലാവരെയും കൂടെ നിർത്തുന്നയാളാകണം ടീമിന്റെ ക്യാപ്റ്റൻ. ക്യാപ്റ്റന് ടീമിനകത്തെ അന്തരീക്ഷം നശിപ്പിക്കാനും നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാനുമാകും. ഈ ലോകകപ്പ് ഒന്ന് കഴിയട്ടെ, ബാക്കി കാര്യങ്ങൾ ഞാൻ അപ്പോൾ പറയാം. ഷഹീൻ അഫ്രീദിയെ പിന്തുണച്ച് എന്തെങ്കിലും പറഞ്ഞാൽ എന്റെ മകളുടെ ഭർത്താവയതിനാൽ ഞാൻ പിന്തുണക്കുകയാണെന്ന് പറയും. അതുകൊണ്ട് ഇപ്പോഴൊന്നും പറയുന്നില്ലെന്നും അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഷഹീൻ അഫ്രീദിയാണ്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ഷഹീൻ അഫ്രീദിയെ ടി20 ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ തോൽവിക്ക് പിന്നാലെ ഷഹീൻ അഫ്രീദിയെ മാറ്റി ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു.
ജയിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരുന്ന പാക്കിസ്ഥാൻ ടീം രാജ്യത്തെ കോടിക്കണക്കിന് ആരാധകരെയാണ് നിരാശരാക്കിയതെന്ന് ഷൊയൈബ് അക്തർ പറഞ്ഞു. ഈ ടീം സൂപ്പർ എട്ടിൽ സ്ഥാനം അർഹിക്കുന്നില്ലെന്നും അക്തർ പറഞ്ഞു.
അവസാന ഓവറുകളിൽ ഏറെ ഡോട്ട്‌ബോളുകൾ കളിച്ച ഇമാദ് വാസിമാണ് പാക് തോൽവിക്ക് കാരണക്കാരനെന്ന് മുൻ നായകൻ ഷൊയൈബ് മാലിക് കുറ്റപ്പെടുത്തി. റണ്ണടിക്കാതെ ഡോട്ട് ബോളുകൾ കളിച്ച് കളിച്ച് ഇമാദ് വാസിം ടീമിനെയകെ സമ്മർദ്ദത്തിലാക്കിയെന്ന് മാലിക് പറഞ്ഞു. പാക് ഇന്നിങ്‌സിൽ 59 ഡോട്ട് ബോളുകളുണ്ടായിരുന്നത്. നാലോവർ എറിഞ്ഞ ജസ്പ്രീത് ബുമ്ര 15 ഡോട്ട ബോളുകളാണ് എറിഞ്ഞത്.
പാക്കിസ്ഥാന് ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു. ചിലപ്പോൾ മോശം പിച്ചുകളിൽ നല്ല മത്സരങ്ങൾ സംഭവിക്കും. ഇന്നലത്തെ മത്സരം അതുപോലെ ഒന്നായിരുന്നു. ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലാതെ പോയതാണ് പാക് തോൽവിക്ക് കാരണമായതെന്നും വോൺ പറഞ്ഞു.
കാനഡ, അയർലൻഡ് ടീമുകളെയാണ് പാക്കിസ്ഥാന് ഇനി നേരിടാനുള്ളത്. ഇതിലേതെങ്കിലും മഴ കാരണം തടസ്സപ്പെട്ടാൽ പാക്കിസ്ഥാൻ ഏതാണ്ട് പുറത്താവും. രണ്ട് കളികൾ ജയിച്ചുനിൽക്കുന്ന യു.എസ്.എ. ഇനി ഒരു കളിയിലും ജയിക്കുകയുമരുത്. ഇന്ത്യ, അയർലൻഡ് ടീമുകൾക്കെതിരെയാണ് യു.എസിന് ഇനി മത്സരങ്ങളുള്ളത്. അതേസമയം കാനഡ ജയിച്ചാലും പാക്കിസ്ഥാന്റെ സാധ്യതയ്ക്ക് മങ്ങലേൽക്കും.
അടുത്ത രണ്ട് കളികൾ പാക്കിസ്ഥാൻ ജയിക്കുകയും യു.എസ്.എ.യും കാനഡയും ജയിക്കാതിരിക്കുകയും ചെയ്താൽ, നെറ്റ് റൺറേറ്റ് നിർണായകമാകും. റൺ റേറ്റിൽ യു.എസ്.എ.യെ മറികടക്കാനായാൽ പാക്കിസ്ഥാന് സൂപ്പർ എട്ടിലെത്താം. അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാം. നിലവിൽ പാക്കിസ്ഥാന്റെ നെറ്റ് റൺറേറ്റ് -0.15 ആണ്. രണ്ടുവീതം കളികൾ ജയിച്ച ഇന്ത്യക്കും യു.എസ്.എ.ക്കും ഭേദപ്പെട്ട നെറ്റ് റൺറേറ്റുണ്ട്.
അതുകൊണ്ടുതന്നെ യു.എസ്.എ.യ്ക്കെതിരേ ഇന്ത്യ വൻ മാർജിനിൽ ജയിക്കണമെന്നായിരിക്കും പാക്കിസ്ഥാൻ ആഗ്രഹിക്കുക. അതുവഴി യു.എസ്.എ.യുടെ നെറ്റ് റൺറേറ്റ് കുറയ്ക്കാനാകുമെന്നാണ് പാക് താരങ്ങളുടെ പ്രതീക്ഷ. നിലവിൽ രണ്ട് കളികളിൽ രണ്ട് ജയവുമായി ഇന്ത്യയും യു.എസ്സും നാലുപോയിന്റോടെ ഒന്നാമതാണ്. ജയമില്ലാതെ പാക്കിസ്ഥാൻ നാലാമതും. ഓരോ ഗ്രൂപ്പിൽനിന്നും രണ്ട് ടീമുകൾ വീതമാണ് സൂപ്പർ എട്ടിലെത്തുക.