ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ വീഴ്‌ത്തി തുടർച്ചയായ രണ്ടാം ജയം നേടിയതോടെ ഇന്ത്യ സൂപ്പർ 8 ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യ പ്രതിരോധത്തിലായ നിമിഷങ്ങളിൽ നായകൻ രോഹിത് ശർമയും സംഘവും എടുത്ത നിർണായക തീരുമാനങ്ങളായിരുന്നു ഇന്ത്യയെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ചത്. പ്രത്യേകിച്ച് ബാറ്റിങ് ഓർഡറിൽ അക്ഷർ പട്ടേലിന് സ്ഥാനക്കയറ്റം നൽകിയതും നിർണായക സമയത്ത് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗും.


മൂന്ന് ഓവറിൽ 19 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായപ്പോഴായിരുന്നു അക്ഷർ പട്ടേൽ ബാറ്റിംഗിന് ഇറങ്ങിയത്. ഓപ്പണർമാരായ വിരാട് കോലിയും രോഹിത് ശർമയും തുടക്കത്തിലെ പവലിയനിൽ തിരിച്ചെത്തി. പ്രതിസന്ധി ഘട്ടത്തിൽനിന്നു ടീമിനെ കരകയറ്റാൻ 'ക്രൈസിസ് മാനേജർ' ആയി ഇന്നലെ ഇന്ത്യ കളത്തിലിറക്കിയത് ഓൾറൗണ്ടർ അക്ഷർ പട്ടേലിനെയാണ്. രാജ്യാന്തര ട്വന്റി20യിൽ ആദ്യമായാണ് നാലാമനായി ബാറ്റിങ്ങിനിറങ്ങുന്നതെങ്കിലും സമ്മർദത്തിന് അടിപ്പെടാതെ അക്ഷർ പന്തിന് മികച്ച പിന്തുണ നൽകി.

18 പന്തിൽ 2 ഫോറും ഒരു സിക്‌സും അടക്കം 20 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 30 പന്തിൽ 39 റൺസ് നേടിയ ഋഷഭ് പന്ത്അക്ഷർ കൂട്ടുകെട്ടാണ് ഇന്ത്യയെ തുടക്കത്തിലെ തകർച്ചയിൽ നിന്നു കരയറ്റിയത്. വലംകൈ ബാറ്റർമാർ നിറഞ്ഞ ഇന്ത്യയുടെ ടോപ് ഓർഡറിലെ ഏക ഇടംകൈ ബാറ്റർ ഋഷഭ് പന്തായിരുന്നു. പവർപ്ലേയിൽ പന്തെറിഞ്ഞ മൂന്ന് പാക്കിസ്ഥാൻ പേസർമാരിൽ ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ഇടംകയ്യന്മാരായിരുന്നു. പാക്കിസ്ഥാന്റെ ഈ ഇടംകൈ ആക്രമണത്തെ ചെറുക്കുകയായിരുന്നു ഇടംകൈ ബാറ്ററായ അക്ഷറിന് പ്രമോഷൻ നൽകിയതിനു പിന്നിലുള്ള ലക്ഷ്യം. നീക്കം വിജയം കണ്ടു.

രോഹിത് ശർമ നിർണായക സമയത്ത് ജസ്പ്രീത് ബുമ്രയെ ബൗളിങ് ഏൽപ്പിച്ചതും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഇന്ത്യൻ ബോളിങ്ങിലെ 15ാം ഓവറിൽ ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തുമ്പോൾ 36 പന്തിൽ വെറും 40 റൺസായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ആത്മവിശ്വാസം ഇരട്ടിപ്പിച്ച് മുഹമ്മദ് റിസ്വാൻ (43 പന്തിൽ 31) ക്രീസിലുണ്ടായിരുന്നു. ലോകകപ്പ് ബ്രോഡ്കാസ്റ്റർമാരുടെ കണക്ക് അനുസരിച്ച് അപ്പോൾ 8 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിജയസാധ്യത.

പക്ഷേ ബാറ്ററുടെ കണക്കൂട്ടലുകൾ തെറ്റിച്ച് പറന്ന ഒരു ഇൻസ്വിങ്ങിറിലൂടെ ബുമ്ര പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ആദ്യം റിസ്വാന്റെ വിക്കറ്റ് വീഴ്‌ത്തി. തുടർന്നുള്ള 5 പന്തുകളിൽ വിട്ടുനിൽകിയത് 3 റൺസ് മാത്രം. അനായാസ ജയം പ്രതീക്ഷിച്ചുനിന്ന പാക്കിസ്ഥാൻ വിറച്ചു തുടങ്ങിയതും ഇന്ത്യ വിജയമോഹങ്ങളിലേക്കു തിരിച്ചെത്തിയതും ആ ഓവറിനുശേഷമാണ്.

2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ വിസ്മയ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു നാടകീയ ജയം സമ്മാനിച്ച വിരാട് കോലിയുടെ പ്രകടനത്തോടാണ് ഇന്നലത്തെ ബുമ്രയുടെ ബോളിങ്ങിനെയും ആരാധകർ താരതമ്യം ചെയ്യുന്നത്. അന്ന് 15 ശതമാനം മാത്രം വിജയസാധ്യതയുണ്ടായിരുന്ന ടീമിനെയാണ് കോലി ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചത്.

15ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്രയെ 19ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പന്തേൽപിച്ചു. രണ്ട് ഓവറിൽ 21 റൺസായിരുന്നു അപ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം. 3 റൺസ് മാത്രം വഴങ്ങി വീണ്ടും ബുമ്ര പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. അതോടെ ഒരോവറിൽ 18 എന്ന നിലയിലേക്ക് ലക്ഷ്യം ചുരുങ്ങി. അതോടെ അവസാന ഓവറിൽ അർഷ്ദീപ് സിങ്ങിന് ജോലി എളുപ്പമായി. 4 ഓവറിലായി 15 ഡോട്‌ബോളുകളാണ് ബുമ്ര ഇന്നലെ എറിഞ്ഞത്.