- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോച്ചിനെ മാത്രമല്ല, ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായെന്ന് വസീം അക്രം
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ ടീമിനെയും ക്യാപ്റ്റൻ ബാബർ അസമിനെയും രൂക്ഷമായി വിമർശിച്ച് മുൻ നായകന്മാരായ വസീം അക്രമും വഖാർ യൂനുസും. മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ടീമിലെ തങ്ങളുടെ സ്ഥാനത്തിന് ഇളക്കമൊന്നും വരില്ലെന്നാണ് പാക് താരങ്ങൾ കരുതുന്നത്. കോച്ചിനെയോ സപ്പോർട്ട് സ്റ്റാഫിനെയോ മാത്രമെ പാക് ക്രിക്കറ്റ് ബോർഡ് മാറ്റൂ. എന്നാൽ കോച്ചിനെ മാത്രമല്ല, ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായെന്നും വസിം അക്രമം പറഞ്ഞു.
സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇഫ്തീഖർ അഹമ്മദും ഫഖർ സമനുമെല്ലാം സാഹചര്യങ്ങൾ മനസിലാക്കി കളിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷമായി കളിക്കുന്ന ഇവരെ എന്ത് പഠിപ്പിക്കാനാണെന്നും അക്രം സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ ചോദിച്ചു.
അവർ കഴിഞ്ഞ 10 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നവരാണ്. അതുകണ്ട് തന്നെ ഇനി അവരെ ഒന്നും പഠിപ്പിക്കാൻ എനിക്കാവില്ല. മത്സരഗതിയെക്കുറിച്ച് റിസ്വാന് യാതൊരു ധാരണയുമില്ലായിരുന്നു. രണ്ടാം സ്‌പെല്ലിന് ബുമ്രയെ രോഹിതുകൊണ്ടുവന്നത് വിക്കറ്റെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തിൽ ബുമ്രയെ കരുതലോടെ കളിക്കുന്നതിന് പകരം ആദ്യ പന്തിൽ തന്നെ കൂറ്റൻ ഷോട്ടിന് ശ്രമിച്ചുവെന്നും അ്ക്രം കുറ്റപ്പെടുത്തി.
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയശേഷം ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും കണ്ടാൽ മിണ്ടാറില്ല. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങൾ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും അക്രം പറഞ്ഞു.
പാക്കിസ്ഥാന്റെ ദയനീയ പ്രകടനം കണ്ട് തനിക്ക് എന്തെങ്കിലും പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് മുൻ പേസർ വഖാർ യൂനിസ് പറഞ്ഞു. മികച്ച ടീമായ ഇന്ത്യക്കെതിരെ ജയം പാക്കിസ്ഥാന് തളികയിൽ വെച്ച് നീട്ടിയതാണ്. അതുപോലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെക്കുറിച്ച് എന്ത് പറയാനാണ്. ആരാധകരെ ഞെട്ടിക്കുന്ന പ്രകടനാണ് പാക്കിസ്ഥാൻ ബാറ്റർമാർ പുറത്തെടുത്തത്. ചെറിയ ചില കൂട്ടുകെട്ടുകളുണ്ടായിരുന്നങ്കിലും പാക്കിസ്ഥാന് ജയത്തിലെത്താനായില്ലെന്നും വഖാർ പറഞ്ഞു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 119 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ആറു റൺസ് വിജയം. ബോളിങ്ങിലും തിളങ്ങിയ നസിംഷാ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.
മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും ബാറ്റർമാർ പരാജയപ്പെട്ടതാണു തിരിച്ചടിയായതെന്ന് പാക്ക് ക്യാപ്റ്റൻ ബാബർ അസം മത്സരത്തിനു ശേഷം പ്രതികരിച്ചു. ബാറ്റർമാർ കുറേയേറെ ബോളുകൾ പാഴാക്കിയെന്നാണ് ബാബറിന്റെ നിലപാട്. "ഞങ്ങൾ നന്നായി പന്തെറിഞ്ഞു. എന്നാൽ ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. കുറേയേറെ ഡോട്ട് ബോളുകളും വഴങ്ങി. സാധാരണപോലെ കളിച്ചാൽ തന്നെ മതിയായിരുന്നു. ഇനിയുള്ള രണ്ടുകളികളും ജയിക്കേണ്ടതുണ്ട്." ബാബർ അസം പ്രതികരിച്ചു.