ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യുഎസിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് യുഎസിനെതിരേ ജയിച്ചാൽ സൂപ്പർ എട്ടിലെത്താം. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്

ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ യുഎസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമെന്ന് കരുതപ്പെട്ടെങ്കിലും ഒരിക്കൽകൂടി നിരാശപ്പെടേണ്ടി വന്നു.

യുഎസ് നിരയിൽ പരിക്ക് കാരണം ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ കളിക്കുന്നില്ല. ആരോൺ ജോൺസാണ് നയിക്കുന്നത്. മൊണാങ്ക് പട്ടേലിന് പകരം ഷയാൻ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്ലി വാൻ ഷാൽക്വിക്കും കളിക്കും.

തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യയും അമേരിക്കയും നാല് പോയിന്റുമായി സൂപ്പർ എട്ടിനരികെ നിൽക്കുന്നു. കളി മികവിൽ ഇരുടീമും താരതമ്യം അർഹിക്കുന്നില്ല. രോഹിത് ശർമ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും ഉൾപ്പെട്ട ഇന്ത്യൻ ടീമിന് ഇക്കാര്യത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്.

എന്നാൽ റൺ കണ്ടെത്താൻ പ്രയാസമുള്ള ന്യൂയോർക്കിലെ ഡ്രോപ് ഇൻ പിച്ചുകൾ ടീമുകളുടെ അന്തരം കുറയ്ക്കുന്നു. അമേരിക്ക ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിൽ പാക്കിസ്ഥാനെ വീഴ്‌ത്തിയതും പാക്കിസ്ഥാനെതിരെ 28 റൺസിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമായതും പിച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോ്‌ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

യുഎസ്: സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ, ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), ആരോൺ ജോൺസ് (ക്യാപ്റ്റൻ), നിതീഷ് കുമാർ, കോറി ആൻഡേഴ്‌സൺ, ഹർമീത് സിങ്, ഷാഡ്‌ലി വാൻ ഷാൽക്വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.