- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വിക്കറ്റ് എറിഞ്ഞിട്ട് അർഷ്ദീപ്; യു എസിനെ 110 റൺസിന് എറിഞ്ഞൊതുക്കി ഇന്ത്യ
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യുഎസിനെതിരെ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസിനെ നാല് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് തകർത്തത്. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രമാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. അർഷ്ദീപിനൊപ്പം നാല് ഓവറിൽ ഒരു മെയ്ഡനടക്കം 14 റൺസിന് രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയും ബൗളിങ്ങിൽ തിളങ്ങി. 27 റൺസ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറർ. എട്ട് വിക്കറ്റുകൾ യുഎസിന് നഷ്ടമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ പിഴച്ചു. മൊണാങ്ക് പട്ടേലിന് പകരം ടീമിലെത്തിയ ഷയാൻ ജഹാംഗീർ (0) ആദ്യ പന്തിൽ തന്നെ അർഷ്ദീപിനു മുന്നിൽ വീണു. പിന്നാലെ അതേ ഓവറിലെ ആറാം പന്തിൽ ആൻഡ്രിസ് ഗോസിനെയും (2) വീഴ്‌ത്തിയ അർഷ്ദീപ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
പിന്നീട് എട്ടാം ഓവറിൽ ഫോമിലുള്ള ആരോൺ ജോൺസിനെ (22 പന്തിൽ 11) മടക്കി ഹാർദിക് പാണ്ഡ്യയും യുഎസിനെ പ്രതിരോധത്തിലാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച സ്റ്റീവൻ ടെയ്ലർ - നിതീഷ് കുമാർ സഖ്യം ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 30 പന്തിൽ നിന്ന് രണ്ട് സിക്സടക്കം 24 റൺസെടുത്ത ടെയ്ലറെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ നിതീഷ് പിടിച്ചുനിന്ന് സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. 23 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 27 റൺസെടുത്ത താരത്തെ ഒടുവിൽ 15-ാം ഓവറിൽ അർഷ്ദീപ് മടക്കി. നിതീഷാണ് യുഎസ് ഇന്നിങ്സിലെ ടോപ് സ്‌കോറർ. കോറി ആർഡേഴ്സൺ 12 പന്തിൽ 14 റൺസെടുത്തു. ഹർമീത് സിങ് 10 പന്തിൽ നിന്ന് 10 റൺസ് നേടി. ഷാഡ്‌ലി വാൻ ഷാൽക്വിക്ക് (11*) പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്തി. യുഎസ് ടീമിൽ ക്യാപ്റ്റൻ മൊണാങ്ക് പട്ടേലിന് പകരം ഷയാൻ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്‌ലി വാൻ ഷാൽക്വിക്കുമാണ് നിർണായക പോരാട്ടത്തിന് ഇറങ്ങിയത്. ആരോൺ ജോൺസാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോ്‌ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
യുഎസ്: സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ, ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), ആരോൺ ജോൺസ് (ക്യാപ്റ്റൻ), നിതീഷ് കുമാർ, കോറി ആൻഡേഴ്‌സൺ, ഹർമീത് സിങ്, ഷാഡ്‌ലി വാൻ ഷാൽക്വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.