ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയരായ യു എസിനെയും കീഴടക്കിയതോടെ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ. യുഎസിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ബാറ്റർമാരുടെ പേടിസ്വപ്‌നമായ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ യുഎസ്എയ്ക്കെതിരേ തുടക്കത്തിൽ വിറച്ച ശേഷമാണ് ഇന്ത്യ ജയത്തിലെത്തിയത്. യുഎസ് ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

മോശം തുടക്കത്തോടെ പ്രതിസന്ധിയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അർധ സെഞ്ചുറി നേടിയ സൂര്യ 49 പന്തിൽ നിന്ന് 50 റൺസോടെ പുറത്താകാതെ നിന്നു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ ദുബെ 35 പന്തിൽ നിന്ന് 31 റൺസെടുത്തു. ഇരുവരും ചേർന്നെടുത്ത 72 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

മത്സരത്തിനിടെ പുതിയ ഓവർ ആരംഭിക്കാൻ യുഎസ് മൂന്ന് തവണ 60 സെക്കൻഡിലേറെ സമയമെടുത്തതോടെ പെനാൽറ്റിയായി ഇന്ത്യയ്ക്ക് അഞ്ചു റൺസ് അനുവദിച്ചുകിട്ടുകയും ചെയ്തു. ഇന്ത്യയ്ക്ക് 30 പന്തിൽ ജയിക്കാൻ 35 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു ഇത്.

111 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ വിരാട് കോലിയെ (0) നഷ്ടമായി. ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലു പരാജയമായ കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുകയായിരുന്നു. പിന്നാലെ സ്‌കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ആറു പന്തിൽ മൂന്നു റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പാളി. പാക്കിസ്ഥാനെതിരേ യുഎസിന് ജയമൊരുക്കിയ സൗരഭ് നേത്രവാൽക്കറാണ് ഇരുവരെയും പുറത്താക്കിയത്.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - സൂര്യകുമാർ യാദവ് സഖ്യം സ്‌കോർ 39 വരെയെത്തിച്ചു. എട്ടാം ഓവറിൽ പന്തിനെ മടക്കിയ ആലി ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 18 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. തുടർന്നായിരുന്നു മത്സരഫലം നിർണയിച്ച സൂര്യ - ദുബെ കൂട്ടുകെട്ട്. ഇന്ത്യ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

നേരത്തെ, എട്ട് വിക്കറ്റുകൾ യുഎസിന് നഷ്ടമായിരുന്നു. മോശമായിരുന്നു യുഎസിന്റെ തുടക്കം. ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് നേടി അർഷ്ദീപ് സിങ് യുഎസിനെ പ്രതിരോധത്തിലാക്കി. ഷയാൻ ജഹാഗീർ (0), ആൻഡ്രീസ് ഗൗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവറിൽ അർഷ്ദീപ് നേടിയത്. നാലാമനായി എത്തിയ ആരോൺ ജോൺസിനെ (11) ഹാർദിക് പാണ്ഡ്യയും മടക്കി. ചെറുത്ത് നിന്ന് സ്റ്റീവൻ ടെയ്ലറെ (24) അക്സർ പട്ടേൽ ബൗൾഡാക്കിയതോടെ യുഎസ് നാലിന് 56 എന്ന നിലയിലായി. പിന്നീട് നിതീഷ് - കോറി ആൻഡേഴ്സൺ (14) സഖ്യം 25 റൺസ് കൂട്ടിചേർത്തു.

ഇരുവരും മടങ്ങിയത് അൽപം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹർമീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം. ഷാഡ്ലി വാൻ ഷാക്വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിങ് (2) അവസാന പന്തിൽ റണ്ണൗട്ടായി. അർഷ്ദീപിന് പുറമെ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്‌ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറിൽ 25 റൺസ് വഴങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഇന്ത്യ കൈവിട്ട താരം, യു എസിന്റെ തുറപ്പുചീട്ട്

പാക്കിസ്ഥാനെ വിറപ്പിച്ചു വീഴ്‌ത്തിയ സൗരഭ് നേത്രാവൽക്കർ ഇന്ത്യൻ ഓപ്പണർമാരെയും പരീക്ഷിച്ചു. നായകൻ രോഹിത് ശർമയെയും വിരാട് കോലിയെയും വീഴ്‌ത്തി യു എസിന് പ്രതീക്ഷ നൽകിയത്. മുപ്പത്തിരണ്ടുകാരനായ നേത്രാവൽക്കറായിരുന്നു. ഇന്ത്യൻ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ ക്രിക്കറ്റ് മോഹം ഉപേക്ഷിച്ച് ഉപരി പഠനത്തിനായി യു എസിലേക്ക് ചേക്കേറിയ താരം ഇന്ന് യു എസ് ടീമിന്റെ തുറപ്പുചീട്ടാണ്.

2010ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ജഴ്‌സിയിൽ മിന്നിയ മുംബൈക്കാരനായ ഇടംകൈ പേസ് ബോളർ അന്ന് 7 മത്സരങ്ങളിൽ നിന്ന് 3.11 ഇക്കോണമിയിൽ 9 വിക്കറ്റു നേടിയിരുന്നു. എന്നാൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി തിളങ്ങിയിട്ടും ആഭ്യന്തര ക്രിക്കറ്റിലോ സീനിയർ ടീമിലോ നേത്രാവൽക്കറിന് കാര്യമായ അവസരം ലഭിച്ചില്ല.

അതോടെ പാതിവഴിയിൽ മുടങ്ങിയ പഠനം പുനരാരംഭിക്കാൻ നേത്രാവൽക്കർ തീരുമാനിച്ചു. മുംബൈ സർവകലാശാലയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനിരിക്കെ, 2013ൽ മുംബൈ രഞ്ജി ടീമിൽ നേത്രാവൽക്കറിനെ ഉൾപ്പെടുത്തി. കർണാടകയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റ് നേടി മികവു തെളിയിച്ച ഇടംകൈ പേസർക്കു പക്ഷേ, പിന്നീട് ടീമിൽ അവസരം ലഭിച്ചില്ല. അതോടെയാണ് ഉപരിപഠനത്തിനും ജോലിക്കുമായി യുഎസിലേക്കു മാറാൻ നേത്രാവൽക്കർ തീരുമാനിച്ചത്.

തിരികെ പഠനവഴിയിൽ യുഎസിലെ പ്രസിദ്ധമായ കോർണൽ സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ നേത്രാവൽക്കറിനു സ്‌കോളർഷിപ് ലഭിച്ചു. അമേരിക്കൻ കോളജ് ക്രിക്കറ്റ് എന്ന സംഘടനയിൽ അംഗമായതോടെ ക്ലബ് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചു. പഠനം പൂർത്തിയാക്കി ഒറാക്കിൾ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച നേത്രാവൽക്കർ ക്രിക്കറ്റിനോടുള്ള താൽപര്യം കാരണം സുഹൃത്തിനൊപ്പം ചേർന്ന് ക്രിക്ഡികോഡ് എന്നൊരു ആപ്പും നിർമ്മിച്ചു. ക്രിക്കറ്റിനും കോഡിങ്ങിനും പുറമേ യോഗ, സംഗീതം എന്നിവയിലും മികവുതെളിയിച്ചിട്ടുണ്ട് നേത്രാവൽക്കർ.

സാൻ ഫ്രാൻസിസ്‌കോയിൽ താമസമാക്കിയതോടെയാണ് ക്രിക്കറ്റിൽ നേത്രാവൽക്കറിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നത്. അവിടെവച്ച് യുഎസ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഇന്ത്യൻ വംശജനുമായ ടിമിൽ പട്ടേലിനെ പരിചയപ്പെട്ടു. ടിമിലാണ് പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകളിലേക്കും അതുവഴി യുഎസ് ദേശീയ ടീമിലേക്കുമുള്ള വഴി തുറന്നിട്ടത്. ക്ലബ് ക്രിക്കറ്റിൽ മികവു പുലർത്തിയതോടെ 2018ൽ യുഎസ് ദേശീയ ടീമിലേക്കു വിളിയെത്തി.