- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ 8 കാണാതെ പാക്കിസ്ഥാൻ പുറത്തായതിന് പിന്നിൽ പാളയത്തിൽ പട
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാൻ പുറത്തായതിന് പിന്നിൽ ടീമിലെ പടലപ്പിണക്കവും ഗ്രൂപ്പ് കളിയുമെന്ന വിമർശനവുമായി ആരാധകർ രംഗത്ത്. നായക സ്ഥാനത്തിന് വേണ്ടി സീനിയർ താരങ്ങൾ തമ്മിലടിച്ചതും ഇവരുടെ പിന്നിൽ ടീമിലെ അംഗങ്ങൾ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞതും ടീമിലെ ഐക്യം നഷ്ടപ്പെടുത്തിയെന്ന വിമർശനമാണ് ഉയരുന്നത്.
ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ ഷഹീൻ അഫ്രീദി അസ്വസ്ഥനായിരുന്നുവെന്നും ഷഹീനെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുഹമ്മദ് റിസ്വാന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ പാക്കിസ്ഥാൻ ടീമിൽ സീനിയർ താരങ്ങളായ ബാബറിന്റെയും ഷഹീനിന്റെയും റിസ്വാന്റെയും നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നും ടീമിനോട് അടുത്തവൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
സജീവ ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന മുഹമ്മദ് ആമിറിനെയും ഇമാദ് വാസിമിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചത് ടീം അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ദീർഘാലമായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത ഇരുവരിൽ നിന്നും മികച്ച പ്രകടനം ഉണ്ടാവാതിരുന്നത് ബാബറിനെ പ്രശ്‌നത്തിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ടീമിലെ പല കളിക്കാരും പരസ്പരം സംസാരിക്കുക പോലുമില്ലെന്നും ചിലർ ഗ്രൂപ്പ് നേതാക്കളായാണ് പെരുമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യ മത്സരത്തിൽ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഡ്രസിങ്റൂമിലെ അന്തരീക്ഷം ആകെ കലുഷിതമായത്. ട്വന്റി20 ലോകകപ്പിൽ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളിലൊന്നായ പാക്കിസ്ഥാൻ അമേരിക്ക പോലെയുള്ള ഒരു ടീമിനോട് തോറ്റത് ആരാധകർക്ക് സഹിക്കാനായിട്ടില്ല. പിന്നാലെ ലോകകപ്പിൽ നിന്നും ടീം പുറത്തായതോടെ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. പാക്കിസ്ഥാനിലെ പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ഷൊയ്ബ് ജാട്ട് പറയുന്നതനുസരിച്ച്, ടീം ഒരു വിഭജിത രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ സംസാരങ്ങൾ നടക്കുന്നില്ല .രണ്ട് താരങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ച മുഹമ്മദ് റിസ്വാൻ ഇപ്പോൾ ഈ ഉദ്യമത്തിൽ നിന്നു പിന്മാറിയതായും അദ്ദേഹം വെളിപ്പെടുത്തി.
ടീമിനകത്തെ പടലപ്പിണക്കത്തെക്കുറിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ദേശീയ സെലക്ടറായ വഹാബ് റിയാസ് ഇക്കാര്യങ്ങളെല്ലാം നഖ്വിയെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പിന് മുമ്പ് ടീം അംഗങ്ങളുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ നഖ്വി പരസ്പരം ഉള്ള പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് ലോകകപ്പിൽ മാത്രം ശ്രദ്ധിക്കണമെന്ന് കളിക്കാരോട് അഭ്യർത്ഥിച്ചിരുന്നു. ലോകകപ്പ് നേടിയാൽ ടീമിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം കളിക്കാരോട് പറഞ്ഞിരുന്നു. എന്നാൽ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ തോൽവി പാക്കിസ്ഥാന്റെ പദ്ധതികളാകെ തകിടം മറിക്കുകയായിരുന്നു.
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയോട് സൂപ്പർ ഓവറിൽ തോറ്റ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ കാനഡയെ തോൽപ്പിച്ചെങ്കിലും പാക്കിസ്ഥാനെയും കാനഡയെയും തോൽപ്പിക്കുകയും അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ അമേരിക്ക സൂപ്പർ 8ൽ എത്തുകയായിരുന്നു.
തുടരുന്ന കസേരകളി
ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിൽ കടക്കാത്തതിനെ തുടർന്നാണ് അസം സ്ഥാനം ഒഴിഞ്ഞത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഷഹീൻ അഫ്രീദിക്ക് ട്വന്റി 20 ടീമിന്റെ ഉത്തരവാദിത്തം നൽകി, എന്നാൽ ബാബറിന് ഈ നീക്കം ഇഷ്ടപ്പെട്ടില്ല, ഷഹീനെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചിട്ടും, പുതിയ നായകനോട് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നു. ഒരു പരമ്പരയ്ക്ക് ശേഷം ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിസിബിയുടെ പുതിയ ചെയർമാൻ പുറത്താക്കിയപ്പോൾ, ക്യാപ്റ്റനായി വീണ്ടും നിയമിക്കപ്പെട്ട ബാബർ, ഷഹീനോട് ഒന്നും വെളിപ്പെടുത്തിയില്ല. മുഹമ്മദ് റിസ്വാൻ പോലും ഷഹീൻ അഫ്രീദിക്ക് പിന്തുണ നൽകിയില്ല. ടീമിന്റെ നിലവിലെ മോശം അവസ്ഥയ്ക്ക് കാരണം ബാബർ അസമാണെന്നാണ് പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകർ പറയുന്നത്.
ക്യാപ്റ്റൻ ബാബർ അസമിനും സഹ താരങ്ങൾക്കുമെതിരെ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമടക്കം രംഗത്തെത്തിയിരുന്നു. ബാബറും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ പടലപ്പിണക്കമാണ് എന്ന ആരോപണം നിഷേധിക്കുകയാണ് പാക് സഹപരിശീലകൻ അസ്ഹർ മഹമ്മൂദ്.
'വസീം അക്രം പറഞ്ഞത് കേട്ടു. എന്നാൽ എനിക്ക് അതിനെ കുറിച്ച് അറിയില്ല, ഞാൻ ഷഹീനും ബാബറും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി കണ്ടിട്ടില്ല. ഇരുവരും നല്ല സുഹൃത്തുക്കളാണ്, രണ്ട് പേരും സംസാരിക്കുന്നത് കാണാറുണ്ട്. ബാബറും ഷഹീനും പാക് ടീമിന്റെ ഭാഗമാണ്' എന്നുമാണ് അസ്ഹർ മഹമ്മൂദിന്റെ പ്രതികരണം.
അക്രത്തിന്റെ വിമർശനം
'കോച്ചിനെ മാത്രമല്ല, പാക് ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായി. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിൽ കണ്ടാൽ മിണ്ടാറില്ല. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങൾ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടത്' എന്നുമായിരുന്നു മുമ്പ് വസീം അക്രത്തിന്റെ വിമർശനം. ഇത്തവണ ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും ടീം ഇന്ത്യയോടും തോറ്റ പാക്കിസ്ഥാൻ കാനഡയോട് മാത്രമാണ് വിജയിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡാണ് പാക്കിസ്ഥാന്റെ എതിരാളികൾ.