ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരത്തിന്റെ ടോസ് വൈകുന്നു. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും നനഞ്ഞ ഔട്ട് ഫീൽഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഇതുവരെ ടോസ് സാധ്യമായിട്ടില്ല. അഞ്ചോവർ വിതമുള്ള മത്സരമെങ്കിലും സാധ്യമാവില്ലെങ്കിൽ മത്സരം പൂർണമായും ഉപേക്ഷിക്കും.

ഔട്ട് ഫീൽഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഏത് സമയത്തും മഴ തിരിച്ചെത്താമെന്നതിനാൽ മത്സരം നടത്താനാകുമോയെന്നാണ് ആശങ്ക.

ഇന്ത്യൻ സമയം രാത്രി ഒമ്പതിന് അമ്പയർമാർ വീണ്ടും പിച്ചും ഔട്ട് ഫീൽഡും പരിശോധിച്ചശേഷമെ മത്സരം സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തതവരൂ.ഇന്നലെ ഇതേവേദിയിൽ നടക്കേണ്ടിയിരുന്ന അമേരിക്ക-അയർലൻഡ് മത്സരം കനത്ത മഴയിൽ നനഞ്ഞ ഔട്ട് ഫീൽഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു. ഇന്ത്യ നേരത്തെ സൂപ്പർ എട്ടിലെത്തുകയും കാനഡ സൂപ്പർ 8 കാണാതെ പുറത്താവുകയും ചെയ്തതിനാൽ ഇന്നത്തെ മത്സരഫലം അപ്രധാനമാണ്.

സൂപ്പർ 8 ഉറപ്പിച്ചതിനാൽ ടീമിൽ ഇതുവരെ അവസരം കിട്ടാത്ത താരങ്ങൾക്ക് ഇന്ത്യ അവസരം നൽകുമോ എന്നായിരുന്നു ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർക്കാണ് ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്തത്.

സൂപ്പർ എട്ടിന് മുമ്പ് ബെഞ്ച് സ്‌ട്രെങ്ത് പരീക്ഷിക്കാനുള്ള സുവർണാവസരം കൂടിയാണ് ഇന്ത്യക്കിന്ന്. ന്യൂയോർക്കിലെ മത്സര സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഫ്‌ളോറിഡയിലേത്. ബാറ്റിംഗിന് അനുകൂലമായ ഫ്‌ളോറിഡയിലെ പിച്ചിൽ 150 റൺസിന് മുകളിൽ ശരാശരി സ്‌കോർ പിറന്നിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും 1, 4, 0 എന്നിങ്ങനെ ചെറിയ സ്‌കോറുകൾക്ക് പുറത്തായ വിരാട് കോലിക്ക് സൂപ്പർ 8ന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണിന്ന്.