ഫ്ളോറിഡ: മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഇന്ത്യ - കാനഡ ട്വന്റി 20 ലോകകപ്പ് മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഒരു തവണ മൈതാനത്ത് പരിശോധന നടത്തിയ അമ്പയർമാർ ഔട്ട്ഫീൽഡ് ഉണക്കിയെടുക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാൻ സാധിക്കാതിരുന്നതോടെയാണ് ഉപേക്ഷിച്ചത്. മഴ തോർന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ലോഡർഹിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മയാമിയിൽ ഉൾപ്പെടെ ഫ്‌ളോറിഡയുടെ വിവിധഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയിട്ടുണ്ട്.

മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ യുഎസും നേരത്തേ സൂപ്പർ 8 ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന യുഎസ്എ അയർലൻഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ഇതോടെ സൂപ്പർ എട്ട് മത്സരങ്ങൾക്കായി ഇന്ത്യ വെസ്റ്റിൻഡീസിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസം ഇതേ വേദിയിൽ നടക്കേണ്ടിയിരുന്ന യുഎസ്എ - അയർലൻഡ് മത്സരവും സമാന സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. നാല് കളികളിൽ നിന്ന് ഏഴു പോയന്റുമായാണ് ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ സൂപ്പർ എട്ടിലെത്തിയത്. നാല് കളികളിൽ നിന്ന് അഞ്ചു പോയന്റുമായി യുഎസ്എയാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യയ്ക്കൊപ്പം സൂപ്പർ എട്ടിലെത്തിയത്.