ലാഹോർ: ട്വന്റി 20 ലോകകപ്പിൽ നിന്നും പാക്കിസ്ഥാൻ ടീം സൂപ്പർ എട്ട് കാണാതെ പുറത്തായതോടെ ടീമിനുള്ളിൽ തമ്മിലടി മൂർച്ഛിക്കുന്നു. നിലവിലെ നായകൻ ബാബർ അസമിനെ ടീമിനുള്ളിൽ ഒരുവിഭാഗം കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. നായകനെ ഉൾപ്പടെ മാറ്റണം എന്ന ആവശ്യവുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് വന്നുകഴിഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിലേക്ക് കടന്നപ്പോൾ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്നും പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചിരുന്നത്. ആതിഥേയരായ അമേരിക്കയാണ് ഇന്ത്യക്ക് ഒപ്പം സൂപ്പർ എട്ട് ഉറപ്പിച്ചത്. ആദ്യമായി ലോകകപ്പിനെത്തിയ ടീം മുന്നേറിയപ്പോൾ മുൻചാമ്പ്യമാരായ പാക്കിസ്ഥാന് തലകുനിച്ച് മടങ്ങേണ്ടി വന്നത് ആരാധകർക്ക് കനത്ത ആഘാതമായി.

പാക് ടീമിനുള്ളിൽ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ചേരിപ്പോര് രൂക്ഷമാണ് എന്ന അഭ്യൂഹങ്ങളും ശക്തമാണ്. മുഹമ്മദ് റിസ്വാനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്. ഇതിനിടെ ടീമിൽ മാറ്റങ്ങൾ വരണമെന്ന മുറവിളി ടീമിനുള്ളിൽ ശക്തമായിരിക്കുകയാണ്.

പാക് ടീം മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ മാറ്റങ്ങൾക്ക് വിധേയരാകണം എന്ന് തുറന്നുപറഞ്ഞത് ഓൾറൗണ്ടർ ഇമാദ് വസീമാണ്. 'ഇതിനേക്കാൾ കുറഞ്ഞ പോയിന്റ് പാക്കിസ്ഥാന് ഒരു ലോകകപ്പിൽ കിട്ടാനില്ല എന്നതൊരു യാഥാർഥ്യമാണ്. ടീമിലെ മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ടയാൾ ഞാനല്ല. എന്നാൽ ടീമിൽ സമൂലമായ മാറ്റം മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമാണ് എന്ന് തോന്നുന്നു. എങ്ങനെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ആലോചനയിലാണ് ഞാൻ വിരമിക്കൽ പിൻവലിച്ച് ലോകകപ്പ് കളിക്കാനെത്തിയത്. എന്നാൽ അതിനൊന്നും കഴിഞ്ഞില്ല'- ഇമാദ് വസീം പറഞ്ഞു.

'പിച്ചുകൾ എല്ലാവരും ചിന്തിക്കുന്നതിനേക്കാൾ കഠിനമായിരുന്നു. ആർക്ക് വേണമെങ്കിലും ഏത് ടീമിനെയും തോൽപിക്കാവുന്ന തരത്തിലുള്ളത്. നേപ്പാൾ വിജയത്തിന് അടുത്തെത്തിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഇതൊക്കെ സംഭവിക്കും. എന്നാൽ മത്സരത്തോടുള്ള സമീപനം മാറ്റിയാൽ നമുക്ക് അത് മാറ്റം. തോൽവികൾ വളരെ പ്രതികൂലമായി ബാധിച്ചതിനാൽ സമീപനം മാറ്റാൻ എല്ലാ താരങ്ങളും തൽപരരാണ്. ഗെയിമിന്റെ മെന്റൽ സൈഡിലാണ് നിർണായക മാറ്റം വരേണ്ടത്.

ഞാനെന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. പാക്കിസ്ഥാൻ വളരെ മികച്ച ടീമാണ്. എന്ത് തരത്തിലുള്ള ക്രിക്കറ്റ് കളിക്കാനും താരങ്ങൾക്ക് കഴിയും. അതിനാൽ തോൽവിയുടെ ഭയമില്ലാതെ ഇറങ്ങുകയാണ് വേണ്ടത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും തോൽവിയുടെ ആശങ്കയില്ലാതെ കളിക്കണം. വ്യക്തിഗതമായ മാറ്റങ്ങൾ ഫലമുണ്ടാക്കില്ല. മൈൻഡ് സെറ്റിലെ മാറ്റങ്ങളെ ഗുണംചെയ്യൂ'- വസീം കൂട്ടിച്ചേർത്തു.

ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് കാരണം ടീമിനുള്ളിലെ ഗ്രൂപ്പിസമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത് ടീമിൽ മാത്രമല്ല പിസിബിയിലും വലിയ മാറ്റങ്ങൾക്ക് ഇടയാക്കും എന്നാണ് വിവരം. ക്യാപ്റ്റനായി തിരിച്ചെത്തിയ ബാബർ അസമിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ടീമിനെ ഒന്നിപ്പിക്കുക എന്നതായിരുന്നു.

എന്നാൽ ഗ്രൂപ്പിസം കാരണം അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വൃത്തങ്ങൾ പറയുന്നത്. നായകസ്ഥാനം നഷ്ടമായതിൽ ഷഹീൻ അഫ്രീദി അസ്വസ്ഥനായിരുന്നു. ബാബർ ആവശ്യമുള്ള സമയങ്ങളിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അതേസമയം മുഹമ്മദ് റിസ്വാൻ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കാത്തതിൽ അസന്തുഷ്ടനായിരുന്നു.

'ടീമിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്, ഒന്ന് ബാബർ അസം നയിക്കുന്ന ഒന്ന്, രണ്ടാമത്തേത് ഷഹീൻ ഷഹീൻ അഫ്രീദി, മൂന്നാമത്തേത് മുഹമ്മദ് റിസ്വാൻ. ഇതിലേക്ക് മുഹമ്മദ് ആമിർ, ഇമാദ് വാസിം തുടങ്ങിയ സീനിയർമാരുടെ തിരിച്ചുവരവ് കൂടിയായതോടെ എല്ലാം പൂർണമായി, ലോകകപ്പ് ഒരു ദുരന്തമായി മാറി,' പാക്കിസ്ഥാൻ ടീമുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഇമാദിന്റെയും അമീറിന്റെയും മടങ്ങിവരവ് ആശയക്കുഴപ്പം വർധിപ്പിച്ചു

ലോകകപ്പിന് മുമ്പുതന്നെ ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചെയർമാൻ മൊഹ്‌സിൻ നഖ്വിക്ക് നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വലംകൈയും ദേശീയ സെലക്ടറും സീനിയർ മാനേജരുമായ വഹാബ് റിയാസ് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. 'നഖ്വി എല്ലാ കളിക്കാരുമായും സ്വകാര്യമായി രണ്ട് മീറ്റിംഗുകൾ നടത്തി. അവരുടെ പ്രശ്‌നങ്ങൾ മാറ്റിവച്ച് ലോകകപ്പ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു.

ടീമിലെ എല്ലാ ആശയക്കുഴപ്പങ്ങളും അദ്ദേഹം നീക്കിയെന്ന് തോന്നിപ്പിച്ചെങ്കിലും കാര്യങ്ങൾ ഫലവത്തായില്ല. 'ഞാൻ ബാബറിനെ പ്രതിരോധിക്കുകയല്ല. പക്ഷേ നിങ്ങളുടെ പ്രീമിയം ബൗളർക്ക് അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കാൻ പോലും കഴിയാതെ ഫുൾ ടോസുകളിലൂടെ ഒരു ബൗണ്ടറിയും സിക്‌സും വഴങ്ങുമ്പോൾ ഒരു ക്യാപ്റ്റൻ എന്താണ് ചെയ്യേണ്ടത്,' പിസിബി ഉദ്യോഗസ്ഥൻ ചോദിക്കുന്നു.

കളിക്കാരുടെ ഏജന്റുമാരും സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ നടത്തിയ ചില മുൻ കളിക്കാരും ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങളുടെ പങ്ക് ടീമിലെ പിരിമുറുക്കം ലഘൂകരിക്കുന്നതിന് പകരം വർധിപ്പിക്കുകയാണ് ചെയ്തത്. ദേശീയ ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് നഖ്വി സൂചന നൽകിയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ബോർഡിലും ഇനി മാറ്റങ്ങൾ വരുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

"ചെയർമാൻ വ്യക്തമായും ടീം ഉടച്ചുവാർക്കാൻ പോകുകയാണ്. ബോർഡിലെ സീനിയർ, മിഡ് ലെവൽ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും അദ്ദേഹം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ടീമിലും മാനേജ്‌മെന്റ് തലത്തിലും വലിയ മാറ്റങ്ങൾ നിങ്ങൾ കാണും," അദ്ദേഹം പറഞ്ഞു. നവംബറിൽ പാക്കിസ്ഥാൻ അടുത്ത ഏകദിന പരമ്പര കളിക്കുന്നതിനാൽ ബാബർ അസമിന്റെ ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടായേക്കില്ല.