മുംബൈ: ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയാകാൻ ഗൗതം ഗംഭീർ. ജൂൺ അവസാനത്തോടെ ഗംഭീർ ടീം ഇന്ത്യയുടെ പുതിയ കോച്ചാകുമെന്നും തിയതി തീരുമാനമായതായും ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്തു. ഗംഭീർ നിർദേശിക്കുന്ന സപ്പോർട്ട് സ്റ്റാഫുകൾ ടീമിലേക്ക് വന്നേക്കും. ദ്രാവിഡും - രോഹിതും മുന്നോട്ടു നയിച്ച ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റത്തിന് ഇതോടെ തുടക്കമാകും.

ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. വീണ്ടും ദ്രാവിഡ് പരിശീലകനാവില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. ട്വന്റി 20 ലോകകപ്പ് അവസാനിച്ച ഉടൻ ജൂൺ അവസാനത്തോടെ ഗംഭീർ ഇന്ത്യൻ പരിശീലകനായി ചുമതലയേൽക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്റെ കാലാവധി.

സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെ സ്വയം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതായി ഗംഭീർ ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ടീം ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും ബൗളിങ് കോച്ച് പരാസ് മാംബ്രെയും ഫീൽഡിങ് കോച്ച് ടി ദിലീപുമാണ്. ഗംഭീർ ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും.

ടീം ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ലോകകപ്പ് കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച താരമായ ഗൗതം ഗംഭീർ, ഐപിഎല്ലിന്റെ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഉപദേശകനായി കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യൻ മുഖ്യ പരിശീലകനാകും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

ചെന്നൈയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫൈനലിനിടെ ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏറെ നേരം സംസാരിച്ചിരുന്നു. എന്നാൽ ഗംഭീറിനെ തുടർന്നും മെന്ററായി ടീമിന് വേണമെന്ന് കെകെആർ താൽപര്യപ്പെടുന്നതായി സൂചനകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ കെകെആറും ബിസിസിഐയും തമ്മിൽ ധാരണയായതാണ് പുതിയ വിവരം.

രാഹുൽ ദ്രാവിഡിന്റെ പിൻഗാമിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഗംഭീറിന് തന്നെയാണ് നിലവിൽ മേൽക്കൈ എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിഷയത്തിൽ അഭിപ്രായം പങ്കുവച്ച് മുൻ ഇന്ത്യൻ കോച്ചും സ്പിന്നറുമായ അനിൽ കുംബ്ലെ രംഗത്ത് വന്നിരുന്നു. ഗൗതം ഗംഭീറിനെ പുകഴ്‌ത്തിയ അനിൽ കുംബ്ലെ പക്ഷേ ഇന്ത്യൻ കോച്ച് എന്ന പദവിയും ചുമതലയും അൽപ്പം വ്യത്യസ്തമായ വെല്ലുവിളി ആണെന്നും അഭിപ്രായപ്പെടുകയുണ്ടായി.

രാഹുൽ ദ്രാവിഡ് നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്തുവെന്ന് കുംബ്ലെ പറയുന്നു. പല സീനിയർ താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന കാലഘത്തിലൂടെയാണ് കടന്നുപോവുന്നത്. ഈ മാറ്റത്തിന്റെ സമയത്ത് ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളിലെ മികവ് ചോരാതെ വേണം ഇന്ത്യൻ ടീം മുന്നോട്ട് പോവാനെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു.

'അതിനുള്ള സമയം കൊടുക്കണം. അദ്ദേഹം തീർച്ചയായും കഴിവുള്ളവനാണ്. ഗൗതം ടീമുകളെ കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യയുടെയും ഐപിഎല്ലിൽ ഡൽഹിയുടെയും ക്യാപ്റ്റനായിരുന്നു അദ്ദേഹം. അതിനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്.' കുംബ്ലെ ഇഎസ്‌പിഎൻ ക്രിക് ഇൻഫോ പരിപാടിയിൽ പറഞ്ഞു.

'എന്നാൽ ഇന്ത്യൻ ടീമിന്റെ കോച്ചിങ് അൽപ്പം വ്യത്യസ്തമാണ്, നിങ്ങൾ അദ്ദേഹത്തിന് സെറ്റിൽ ചെയ്യാൻ സമയം നൽകണം. ഞാൻ സൂചിപ്പിച്ചതുപോലെ, അദ്ദേഹം ആ ജോലി ഏറ്റെടുക്കുകയാണെങ്കിൽ, നിലവിലെ അവസ്ഥ മാത്രമല്ല, ഇന്ത്യയുടെ ഭാവിയും നോക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്' കുംബ്ലെ തന്റെ നിലപാട് വ്യക്തമാക്കി.

താരങ്ങളുമായി ഉള്ള മുൻപരിചയം ഒരു പ്രധാന ഘടകം അല്ലെന്നും കുംബ്ലെ വ്യക്തമാക്കി. കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കണം. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്നും ഏത് സാഹചര്യത്തെയും തരണം ചെയ്യാൻ കെൽപ്പുള്ള വ്യക്തിയായിരിക്കണമെന്നും കുംബ്ലെ പറഞ്ഞു.