- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ രോഹിതിനും മകൾ സമൈയ്റക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗിൽ
ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ട്രാവലിങ് റിസർവ് ആയി ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന യുവതാരം ശുഭ്മൻ ഗില്ലിനെ നാട്ടിലേക്ക് അയക്കുന്നത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ലോകകപ്പ് ടീമിനൊപ്പം റിസർവ് താരങ്ങളായി നാലു പേരെ കൂടി ബിസിസിഐ യുഎസിലേക്കു വിട്ടിരുന്നു. അതിൽ ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവരെയാണ് ഇന്ത്യയിലേക്കു മടക്കി അയക്കുന്നത്. റിസർവ് പട്ടികയിലുള്ള റിങ്കു സിങ്ങും ഖലീൽ അഹമ്മദും ടീം ക്യാംപിൽ തുടരുമെന്നാണ് വിവരം.
ശുഭ്മൻ ഗില്ലിനെ നാട്ടിലേക്കു വിടുന്നത് അച്ചടക്ക നടപടികളുടെ ഭാഗമാണെന്നായിരുന്നു ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതു സത്യമല്ലെന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്റെ നിലപാട്. ഗില്ലിനെയും ആവേശ് ഖാനെയും ഇന്ത്യയിലേക്ക് അയക്കാൻ നേരത്തേ തീരുമാനിച്ചതാണെന്ന് റാത്തോർ വ്യക്തമാക്കി. ലോകകപ്പിലെ മത്സരങ്ങൾ കരീബിയനിൽ മാത്രമാകുന്ന ഘട്ടത്തിൽ റിസർവ് താരങ്ങളായി രണ്ടു പേർ മതിയെന്നായിരുന്നു തീരുമാനമെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.
"തുടക്കം മുതൽ അതുതന്നെയായിരുന്നു ഞങ്ങളുടെ പ്ലാൻ. യുഎസിലേക്കു നാലു താരങ്ങൾ ഒരുമിച്ചു വരിക. വെസ്റ്റിൻഡീസിലേക്കു പോകുമ്പോൾ രണ്ടുപേരെ മാത്രം കൊണ്ടുപോകുക. അതായിരുന്നു ഞങ്ങളുടെ തീരുമാനം. അതു പിന്തുടരുക മാത്രമാണു ചെയ്യുന്നത്. " റാത്തോർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. "ചില സാഹചര്യങ്ങളിൽ അവരുടെ ആവശ്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ആരൊക്കെ ടീമിനൊപ്പം ഉണ്ടാകണമെന്നു തീരുമാനിക്കാൻ ഇവിടെ ഉദ്യോഗസ്ഥരുണ്ട്." റാത്തോർ പറഞ്ഞു.
വിവാദങ്ങൾക്കിടെ ശുഭ്മാൻ ഗിൽ ഇൻസ്റ്റഗ്രാമിൽ നായകൻ രോഹിത് ശർമയെ അൺഫോളോ ചെയ്തെന്നും ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രോഹിത് ശർമയുമായി അടുത്ത ബന്ധം തുടരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകൾ നൽകി ഗിൽ രംഗത്ത് വന്നു. ക്യാപ്റ്റൻ രോഹിത് ശർമക്കും മകൾ സമൈയ്റക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഗിൽ ഞാനും സാമിയും അച്ചടക്കത്തിന്റെ കല രോഹിത് ശർമയിൽ നിന്ന് പഠിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ഗിൽ ചിത്രം പങ്കുവെച്ചത്.
ലോകകപ്പ് ടീമിനൊപ്പമുള്ള നാല് ട്രാവലിങ് റിസർവ് താരങ്ങളിൽ ഉൾപ്പെട്ട ഗില്ലിനെയും ആവേശിനെയും സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുമ്പ് തിരിച്ചയക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ടീമിലെ ആർക്കും പരിക്കില്ലാത്തതിനാലും പ്ലേയിങ് ഇലവനിൽ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കിൽ ഗ്രൂപ്പ് 8 പോരാട്ടങ്ങൾക്ക് വേദിയാവുന്ന വെസ്റ്റ് ഇൻഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന റിപ്പോർട്ടുകൾ പിന്നാലെ പുറത്തുവന്നു.
ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിങ് റിസർവ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താൽപര്യമില്ലെന്നും അമേരിക്കയിൽ വ്യക്തിഗത കാര്യങ്ങൾക്കും ബിസിനസ് കാര്യങ്ങൾക്കുമായാണ് ഗിൽ സമയം ചെലവാക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതാണ് ഗില്ലിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിനിടെ ഇൻസ്റ്റഗ്രാമിൽ ക്യാപ്റ്റൻ രോഹിത് ശർമയെ ഗിൽ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകർ കണ്ടെത്തിയിരുന്നു. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗിൽ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ക്യാപ്റ്റനൊപ്പമുള്ള ചിത്രം പങ്കവെച്ച് ഗിൽ അച്ചടക്കം പഠിക്കുകയാണെന്ന് വ്യക്തമാക്കിയത്.