ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡിനെയും അമേരിക്കയെയും പാക്കിസ്ഥാനെയും കീഴടക്കി മുന്നേറിയെങ്കിലും സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതിൽ ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളിലും ജയിച്ചാണ് മുന്നേറിയത്. ഓൾറൗണ്ട് മികവുമായി മുന്നേറുന്ന ഓസ്‌ട്രേലിയ ഇന്ത്യക്ക് ശക്തരായ എതിരാളികളാണ്.

സ്പിന്നർമാരുടെ മികവിൽ കുതിക്കുന്ന അഫ്ഗാൻ വീര്യത്തെ മറികടക്കുക ഇന്ത്യക്ക് വെല്ലുവിളിയായിരിക്കും. ട്വന്റി 20 ക്രിക്കറ്റിൽ ബംഗ്ലാദേശിൽ ദുർബലരെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ തണുപ്പൻ പ്രകടനം പോരാതെവരും ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാൻ. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് കളി ഗൗരവത്തിലേക്ക് വരുമ്പോൾ ഇന്ത്യയും മാറുമെന്നാണ് ആരാധക പ്രതീക്ഷ.

പാക്കിസ്ഥാനെയും യുഎസിനേയും വീഴ്‌ത്തിയ തന്ത്രങ്ങൾ മതിയാവില്ല ഇന്ത്യ മുന്നേറാൻ. 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബോളിങ്ങ് കരുത്തിൽ ന്യൂസീലൻഡിനെ വിറപ്പിച്ചെത്തുന്ന ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകാൻ സാധ്യതകളേറെ. സ്പിന്നിന്റെ കരുത്തിലാണ് അഫ്ഗാന്റെ വരവ്. ബാറ്റിങ്ങിൽ കോലിയടക്കം ഇതുവരെ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് അൽപം ആശ്വാസം നൽകുന്ന ടീം. നിലവിലെ ഫോമിൽ ബംഗ്ലാദേശിനെ ഇന്ത്യയ്ക്ക് വീഴ്‌ത്താം. 22നാണ് അയൽക്കാർക്കെതിരായ മത്സരം. ഏകദിന ലോകകപ്പിൽ ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ മൂന്നാമത്തെ എതിരാളികൾ. ഓരോ മത്സരം കഴിയുന്തോറും കരുത്താർജിക്കുന്ന ഓസീസ് ചാംപ്യൻ ടീമിന്റെ സ്വഭാവം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ലോകവേദികളിൽ ഇന്ത്യയ്ക്ക് മുന്നിൽ പ്രശ്നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. 24നാണ് ഇന്ത്യ - ഓസീസ് മത്സരം.

ചുരുക്കി പറഞ്ഞാൽ കടലാസിലെ പുലികളായാൽ പോരാ, യഥാർത്ഥ ഓൾറൗണ്ട് പ്രകടനം നടത്തിയാൽ മാത്രമേ രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യക്ക് എത്താനാവൂ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വിൻഡീസും യുഎസും അടങ്ങുന്ന ഗ്രൂപ്പിൽ എത്തിയില്ലെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആകെ ആശ്വാസം.

സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ജൂൺ 19-ന് യു.എസ്.എയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് സൂപ്പർ എട്ടിലെ ആദ്യ മത്സരം. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് സൂപ്പർ എട്ട് മത്സരങ്ങൾ. ടൂർണമെന്റ് തുടങ്ങുമ്പോഴുള്ള റാങ്കിങ് അനുസരിച്ച് നേരത്തേ തന്നെ സൂപ്പർ എട്ടിലെ ഗ്രൂപ്പ് ഘടന നിശ്ചയിച്ചിരുന്നു. ഓരോ ടീമുകളും മൂന്ന് വീതം മത്സരങ്ങൾ കളിക്കും. രണ്ട് ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും.

ഗ്രൂപ്പ് 1 - ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്

ഗ്രൂപ്പ് 2 - വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ