ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ട് സൂപ്പർ 8 കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ഗാരി കിർസ്റ്റൺ. പാക്കിസ്ഥാൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നും താരങ്ങൾക്ക് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരങ്ങൾ ജയിച്ചെങ്കിലും പാക്കിസ്ഥാൻ സൂപ്പർ 8 കാണാതെ പുറത്താവുകയായിരുന്നു. ഇന്ത്യയോടും അമേരിക്കയോടും ഏറ്റ തോൽവിയാണ് ടീമിന് തിരിച്ചടിയായത്.

പാക്കിസ്ഥാൻ ടീമിൽ യാതാെരുവിധ ഐക്യവുമില്ല. അവർ ഇതിനെ ടീമെന്ന് വിളിക്കും, എന്നാൽ ഇതൊരു ടീമല്ല. അവർ പരസ്പരം പാര പണിയാനാണ് ശ്രദ്ധിക്കുന്നത്. താരങ്ങൾ രണ്ട് ചേരിയായി വേർപിരിഞ്ഞു. ഞാൻ പല ടീമുകൾക്കാെപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്തരം സാഹചര്യം ഒരിടത്തും കണ്ടിട്ടില്ല-ഗാരി പറഞ്ഞു. പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ ഇഹ്തിഷാം ഉൾ ഹഖ് ആണ് പരിശീലകന്റെ വാക്കുകൾ വെളിപ്പെടുത്തിയത്. കളിക്കാരുടെ ശാരീക ക്ഷമതയെയും കഴിവുകളെയും ചോദ്യം ചെയ്ത പരിശീലകൻ അന്താരാഷ്ട്ര തലത്തിൽ താരങ്ങൾ പിന്നിലാണെന്നും വിലയിരുത്തിയെന്ന് ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്യുന്നു. ദയനീയമായ ഷോട്ട് സെലക്ഷനും തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഐക്യമില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ടീമിന്റെ തിരിച്ചടിക്ക് കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നു. കളിക്കാരെന്ന നിലയിലും ടീമെന്ന നിലയിലും പരസ്പര പിന്തുണയുടെ അഭാവത്തെ കിർസ്റ്റൺ വിമർശിച്ചു. ദയനീയമായ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ പറയുന്നു. 'തന്റെ കരിയറിൽ താൻ പരിശിലിപ്പിച്ചതിൽ നിന്നും വിഭിന്നമാണ് പാക്കിസ്ഥാൻ ടീമെന്നും പരസ്പര പിന്തുണയുടെ അഭാവം ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചെന്നും കിർസ്റ്റൺ നിരീക്ഷിച്ചു. മികച്ച പ്രകടനവും ഫിറ്റ്‌നസുമുള്ള താരങ്ങളെ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കേണ്ടതുണ്ടെന്നും ടീമിലേക്ക് മികച്ച താരങ്ങൾ എടുക്കണമെന്നും ഗാരി പറയുന്നു.

ലോകകപ്പിന് തൊട്ടുമുമ്പ് പാക്കിസ്ഥാൻ ടീമിലെത്തിയ കിർസ്റ്റൺ ചില കളിക്കാരുടെ ഷോട്ട് സെലക്ഷനെയും സ്‌കിൽ സെറ്റിനെയും ചോദ്യം ചെയ്തു. 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ദക്ഷിണാഫ്രിക്കൻ മുൻതാരത്തെ വലിയ പ്രതീക്ഷയോടെയാണ് പാക്കിസ്ഥാൻ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചത്. ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പരിശീലകനായിരിക്കെയാണ് ഗാരിയെ പാക്കിസ്ഥാൻ പരിശീലകനായി നിയമിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പരിശീലകനാണ് ഗാരി കിർസ്റ്റൺ. മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മിസ്ബ ഉൾ ഹഖിന് പകരമായാണ് ഗാരി കിർസ്റ്റൺ എത്തിയത്. പിസിബി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ മൂന്ന് പേരിൽ ഒരാളായിരുന്നു ഗാരി കിർസ്റ്റൺ. ഓസ്ട്രേലിയൻ പരിശീലകനായ സൈമൺ കാറ്റിച്ച് , മുൻ ഇംഗ്ലണ്ട് താരമായ പീറ്റർ മൂർസ് എന്നിവരാണ് ഗാരിക്കൊപ്പം ഈ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്.

2011ൽ മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ഗാരി. പിസിബി അധ്യക്ഷ സ്ഥാനത്തേക്ക് റമീസ് രാജ എത്തിയതോടെയാണ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങിയത്.