മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി പരിഗണിക്കുന്ന മൂൻ ഇന്ത്യൻ ഓപ്പണറും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീറുമായി ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി ഇന്ന് കൂടിക്കാഴ്ച നടത്തും. മുൻ താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരഞ്ജ്‌പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഗംഭീറുമായി ഇന്ന് സൂമിലൂടെ കൂടിക്കാഴ്ച നടത്തുക. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പരിശീലക സ്ഥാനത്തേക്ക് നൂറുകണക്കിന് വ്യാജ അപേക്ഷകൾ ലഭിച്ചെങ്കിലും യോഗ്യതയുള്ളവരിൽ നിന്നും ഒരേയൊരു അപേക്ഷ മാത്രമാണ് ബിസിസിഐയ്ക്ക് ലഭിച്ചതെന്നാണ് സൂചന. അത് ഗംഭീറിന്റേതാണെന്നും ബിസിസിഐയുടെ ക്രിക്കറ്റ ഉപദേശക സമിതിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. പുതിയ പരിശീലകന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സെലക്ഷൻ കമ്മിറ്റിയിൽ സലീൽ അങ്കോളയുടെ പകരക്കാരനായുള്ള അഭിമുഖവും ഉപദേശക സമിതി ഇന്ന് നടത്തും.

മെയ് 27 ആയിരുന്നു പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയായി ബിസിസിഐ തീരുമാനിച്ചിരുന്നത്. നൂറു കണക്കിന് വ്യാജ അപേക്ഷകൾ വന്നുവെങ്കിലും യോഗ്യതയുള്ളവർ ആരുമില്ലായിരുന്നു. റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്‌ളെമിങ്, ജസ്റ്റിൻ ലാംഗർ തുടങ്ങിയ വിദേശ പരിശീലകരെ തുടക്കത്തിൽ പരിഗണിച്ചിരുന്നെങ്കിലും വർഷത്തിൽ പത്തുമാസത്തോളം ഇന്ത്യൻ ടീമിനൊപ്പം തുടരേണ്ടതിനാൽ ഇവരാരും താൽപര്യം പ്രകടിപ്പിച്ചില്ല. ഇതിനെത്തുടർന്ന് ഇന്ത്യൻ പരിശീലകനെയാണ് പരിഗണിക്കുന്നതെന്ന് ബിസിസിഐ നിലപാട് മാറ്റി.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവി എസ് ലക്ഷ്മണെ സമീപിച്ചെങ്കിലും ലക്ഷ്മണും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഗൗതം ഗംഭീറിന്റെ പേര് പരിശീലക സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ഐപിഎല്ലിൽ ഇത്തവണ കൊൽക്കത്ത മെന്ററായി മടങ്ങിയെത്തിയ ഗംഭീർ അവരെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെ ഇന്ത്യൻ പരിശീലകനാവാനുള്ള താൽപര്യം പരസ്യമാക്കുകയും ചെയ്തിരുന്നു. പരിശീലക ചുമതല ഏറ്റെടുക്കാൻ ഗംഭീർ ചില ഉപാധികളും മുന്നോട്ടുവെച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

അപേക്ഷിക്കുകയാണെങ്കിൽ തന്നെ പരിശീലകനായി നിയമിക്കണമെന്നും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായി താൻ നിർദേശിക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും ആയിരുന്നു ഗംഭീറിന്റെ പ്രധാന ഉപാധികൾ. ഇത് ബിസിസിഐ അംഗീകരിച്ചതോടെയാണ് ഗംഭീർ പരിശീലകനാവാനുള്ള വഴി തുറന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ വിരാട് കോലിയുമായി തർക്കിച്ച് വിവാദത്തിലായിരുന്നെങ്കിലും ഇത്തവണ കൊൽക്കത്ത മെന്ററായി തിരിച്ചെത്തിയ ഗംഭീർ കോലിയുമായി സൗഹൃദം പുതുക്കിയിരുന്നു. ഇരുവരും സൗഹൃദസംഭാഷണം നടത്തുന്ന വീഡിയോകൾ ഐപിഎല്ലിനിടെ പുറത്തുവരികയും ഗംഭീറുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോലി പരസ്യമാക്കുകയും ചെയ്തതും ബിസിസിഐയുടെ മുൻകൈയിലാണെന്നാണ് സൂചന.

ട്വന്റി 20 ലോകകപ്പ് പൂർത്തിയാകുന്നതോടെ ദ്രാവിഡുമായുള്ള കരാർ ബിസിസിഐ പൂർത്തിയാക്കും. ഇതിന് പിന്നാലെ ജൂൺ അവസാനത്തോടെ ഗംഭീർ ബി.സി.സിഐയുമായി കരാറിൽ ഒപ്പുവെച്ചേക്കും. തനിക്ക് ആവശ്യമുള്ള സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഗംഭീറിന് ലഭിക്കും. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് കരാർ കലാവധി.

ദ്രാവിഡിന്റെ കാലാവധി തീരുന്നതോടനുബന്ധിച്ച് അടുത്ത കോച്ച് ആരാവുമെന്നുള്ള ചൂടുള്ള ചർച്ചകളിൽ ഗംഭീറിന്റെ പേര് ഇടംപിടിച്ചിരുന്നു. നിലവിൽ ഐ.പി.എൽ ജേതാക്കളായ കൊൽക്കത്തയുടെ വിജയത്തിനുപിന്നിൽ ഗംഭീറിന്റെ പങ്ക് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുള്ള സ്ഥാനത്തേക്കുള്ള ചവിട്ടുപടികൂടിയായി മാറി. ചെന്നൈയിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ബി.സി.സിഐ സെക്രട്ടറി ജയ് ഷായുമുള്ള ദീർഘസംഭാഷണം കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു.

സപ്പോർട്ട് താരങ്ങളെ സ്വന്തമായി തിരഞ്ഞെടുക്കാനുള്ള ചുമതലയടക്കം ഗംഭീർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് തീരുമാനം ഏകദേശം ഉറപ്പായതെന്ന് 'ദൈനിക് ഭാസ്‌കർ' റിപ്പോർട്ട് പറയുന്നു. "ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ എനിക്കിഷ്ടമാണ്. നിങ്ങളപ്പോൾ 140 കോടി ഇന്ത്യക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്"-42കാരന്റെ വാക്കുകൾ. 2007ൽ ട്വന്റി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ഗംഭീറും ടീമംഗമായിരുന്നു.