ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടും തോൽവി വഴങ്ങി സൂപ്പർ 8 കാണാതെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ നായകൻ ബാബർ അസം അടക്കം ആറ് സീനിയർ താരങ്ങൾ നാട്ടിലേക്ക് ഉടൻ മടങ്ങില്ല. ലോകകപ്പ് കളിച്ചതിന്റെ ക്ഷീണം മാറ്റാൻ ലണ്ടനിലേക്കു പോകാനാണ് ഇവരുടെ തീരുമാനം. ബാബർ അസം, മുഹമ്മദ് ആമിർ, ഇമാദ് വസീം, ഹാരിസ് റൗഫ്, ശതാബ് ഖാൻ, അസം ഖാൻ എന്നിവരാണ് അവധി ആഘോഷത്തിനായി ലണ്ടനിലേക്കു പോകുന്നത്.

ലോകകപ്പിലെ ദയനീയ പ്രകടനത്തിന്റെ പേരിൽ രാജ്യത്ത് ആരാധകർ പ്രതിഷേധം ഉയർത്തുമെന്ന ഭയത്താലാണ് ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ നാട്ടിലേക്ക് മടങ്ങാത്തതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇവർ അമേരിക്കയിൽ നിന്ന് നേരെ ലണ്ടനിൽ അവധി ആഘോഷിക്കാനായി പോകുന്നതെന്ന് എക്‌സപ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റൻ ബാബർ അസമിന് പുറമെ സീനിയർ താരങ്ങളായ മുഹമ്മദ് ആമിർ, ഹാരിസ് റൗഫ്, ഇമാദ് വാസിം, അസം ഖാൻ, ഷദാബ് ഖാൻ എന്നിവരാണ് അവധി ആഘോഷിക്കാനായി അമേരിക്കയിൽ നിന്ന് നേരെ ലണ്ടനിലേക്ക് പോകുന്നത്. ലണ്ടനിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധി ആഘോഷിച്ച ശേഷമാകും ഇവർ നാട്ടിലേക്ക് പോകുക. ഇതിൽ ചില താരങ്ങൾ യുകെയിലെ പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കാൻ ആലോചിക്കുന്നതായും ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

പാക് ടീമിലെ മറ്റ് സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി,ഫഖർ സമൻ എന്നിവർ ടീമിലെ മറ്റ് താരങ്ങൾക്കൊപ്പം ഇന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന് ഉടൻ മത്സരങ്ങളില്ലാത്തതിനാൽ കോച്ച് ഗാരി കിർസ്റ്റൻ ദക്ഷിണാഫ്രിക്കയിലേക്കും സഹ പരിശീലകൻ അസ്ഹർ മെഹ്‌മൂദ് ലണ്ടലിനേക്കും മടങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ പാക് ടീമിനെതിരെ രാജ്യത്ത് പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് ബാബറും സീനിയർ താരങ്ങളും നേരെ ലണ്ടനിലേക്ക് പോകുന്നതെന്നും റിപ്പോർട്ടുണ്ട്.

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുൾപ്പെട്ട ഗ്രൂപ്പിൽ കളിച്ച പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ അരങ്ങേറ്റക്കാരും ആതിഥേയരുമായ അമേരിക്കയോട് സൂപ്പർ ഓവറിൽ അപ്രതീക്ഷിത തോൽവി വഴങ്ങി. രണ്ടാം മത്സരത്തിൽ ഇന്ത്യയോടും തോറ്റതോടെ സൂപ്പർ 8 സാധ്യതകൾ തുലാസിലായ പാക്കിസ്ഥാന് മഴമൂലം അമേരിക്ക-അയർലൻഡ് പോരാട്ടം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അയർലൻഡിനോട് കഷ്ടപ്പെട്ട് ജയിച്ച പാക്കിസ്ഥാൻ കാനഡയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. നാലു കളികളിൽ നാലു പോയന്റ് മാത്രാണ് പാക്കിസ്ഥാന് നേടാനായത്. എ ഗ്രൂപ്പിൽ ഒന്നാമന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള യുഎസും അടുത്ത റൗണ്ടിലെത്തി.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇനി ഓഗസ്റ്റിൽ മാത്രമാണു കളിയുള്ളത്. ബംഗ്ലാദേശിനെതിരെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയാണ് ഇനി കളിക്കേണ്ടത്. ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെയും പരമ്പരയുണ്ട്. പാക്കിസ്ഥാൻ ടീമിൽ താരങ്ങൾ മൂന്നു ഗ്രൂപ്പുകളായാണു പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പ്രശ്‌നങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഗാരി കേഴ്സ്റ്റൻ രംഗത്ത് വന്നിരുന്നു. ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് ഗാരി കേഴ്സ്റ്റൻ തുറന്നു പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.

"പാക്കിസ്ഥാൻ ടീമിൽ ഐക്യമില്ല. അവർ ഇതിനെ ടീമെന്നാണു വിളിക്കുന്നത്. എന്നാൽ അങ്ങനെയല്ല. താരങ്ങൾ പരസ്പരം പിന്തുണ നൽകുന്നില്ല. എല്ലാവരും വേർപെട്ടിരിക്കുകയാണ്. ഞാൻ ഒരുപാടു ടീമുകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലുള്ള ഒരു ടീമിനെ കണ്ടിട്ടില്ല." കേഴ്സ്റ്റൻ വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിനു മുൻപ് ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയ പാക്കിസ്ഥാൻ ബാബർ അസമിനെ വീണ്ടും ചുമതലയേൽപിച്ചിരുന്നു. ഇതോടെയാണ് ബാബറും അഫ്രീദിയും തമ്മിലുള്ള ബന്ധം വഷളായത്. ലോകകപ്പിൽ പാക്കിസ്ഥാന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ അഫ്രീദി കൂട്ടാക്കിയില്ല. അഫ്രീദിയെ കുറച്ചു കാലം കൂടി ക്യാപ്റ്റനാക്കണമായിരുന്നെന്ന് പാക്ക് താരം ശതാബ് ഖാൻ പരസ്യമായി പറഞ്ഞതോടെ ടീമിലെ അഭിപ്രായ വ്യത്യാസവും പുറത്തുവന്നു. ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിൽ മുഹമ്മദ് റിസ്വാനും അസ്വസ്ഥനാണ്.