ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടക്കാനാകാതെ പാക്കിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. പാക് താരങ്ങൾക്കെതിരെ രാജ്യത്തെ ആരാധകർക്ക് ഇടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫുമായി പരസ്യമായി ഒരു ആരാധകൻ തർക്കിക്കുന്നതും ഇതിനു താരം മറുപടി പറയുന്നതിന്റേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

താരം ഭാര്യക്കൊപ്പം പോകുന്നതിനിടെയാണ് ആരാധകൻ ഹാരിസിനു ഇഷ്ടപ്പെടാത്ത രീതിയിൽ സംസാരിച്ചത്. ഇതുകേട്ട് താരം അസ്വസ്ഥനായി അയാൾക്കു നേരെ ചെല്ലുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഹാരിസിനെ തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആരാധകനു സമീപത്തു നിന്ന മറ്റു ചിലരു ഹാരിസിനെ തടയാൻ നോക്കുന്നുണ്ട്. എന്താണ് ഇരുവരും തമ്മിലുണ്ടായ സംഭാഷമെന്നു വ്യക്തമല്ല. നീ ഇന്ത്യക്കാരനല്ലെ എന്നു ഹാരിസ് റൗഫ് ചോദിക്കുമ്പോൾ അല്ല ഞാൻ പാക്കിസ്ഥാൻ സ്വദേശിയാണെന്നു ആരാധകൻ പറയുന്നു.

പരിഹസിച്ച ആരാധകനെ ഇന്ത്യക്കാരനെന്നു പറഞ്ഞ് തല്ലാനായി ഓടിച്ച ഹാരിസ് റൗഫിനെ മറ്റ് ആരാധകർ ചേർന്നാണ് തടഞ്ഞു നിർത്തിയത്. ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ യുകെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഭാര്യയോടൊപ്പം നടക്കുന്നതിനിടെ ഹാരിസ് റൗഫ്, തന്നെ പരിഹസിച്ച ആരാധകനെ അടിക്കാനായി ഓടുന്ന വിഡിയോയാണു പുറത്തുവന്നത്. ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ചെടികൾ ചാടിക്കടന്ന് 'നീ ഇന്ത്യക്കാരനല്ലെ' എന്നു ചോദിച്ചാണ് ഹാരിസ് റൗഫിന്റെ വരവ്. എന്നാൽ താൻ പാക്കിസ്ഥാൻകാരനാണെന്ന് ആരാധകൻ മറുപടി നൽകി. മറ്റു ചില ആരാധകർ ചേർന്നാണു പാക്ക് ക്രിക്കറ്റ് താരത്തെ പിടിച്ചുമാറ്റിയത്.

ആരാധകനുമായി കുറച്ചുനേരം തർക്കിച്ചതിനു ശേഷം ഹാരിസ് റൗഫ് ഇവിടെനിന്നു മടങ്ങി. ഇന്ത്യയോടും യുഎസിനോടും തോറ്റതോടെയാണ് പാക്കിസ്ഥാൻ ലോകകപ്പ് സൂപ്പർ 8ൽ കടക്കാതെ പുറത്തായത്. കാനഡയെയും അയർലൻഡിനെയും തോൽപിച്ചെങ്കിലും പാക്കിസ്ഥാനു മുന്നേറാനായില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് സൂപ്പർ 8ൽ എത്തിയത്.

ആരാധകർക്കു പുറമേ, മുൻ ക്രിക്കറ്റ് താരങ്ങളും പാക്ക് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പാക്കിസ്ഥാൻ ടീമിനെ പൂർണമായും പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡെന്നും വിവരമുണ്ട്. പാക്ക് ടീമിലെ പ്രശ്‌നങ്ങളിൽ പരിശീലകൻ ഗാരി കേഴ്സ്റ്റനും അസ്വസ്ഥനാണ്. പാക്ക് താരങ്ങളിൽ ചിലർ പരസ്പരം സഹകരിക്കുന്നില്ലെന്ന് പരിശീലകൻ വെളിപ്പെടുത്തിയിരുന്നു.