- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പിൽ ഇനി സൂപ്പർ 8 പോരാട്ടം
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇനി സൂപ്പർ 8 പോരാട്ടം. മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തിൽ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പിലെ മൂന്ന് ടീമുകളുമായി ഒരു ടീമിനു പോരാട്ടമുണ്ടാകും. രണ്ട്ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്ക് മുന്നേറും.
നാല് ഗ്രൂപ്പുകളിൽ നിന്ന് മുന്നിലെത്തിയ എട്ട് ടീമുകളാണ് ഇനിയുള്ളത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും അമേരിക്കയും, ഗ്രൂപ്പ് ബി യിൽ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും, ഗ്രൂപ്പ് സിയിൽ നിന്നെത്തിയത് അഫ്ഗാനിസ്ഥാനും, വെസ്റ്റ് ഇൻഡീസും ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും അവസാന എട്ടിലെത്തി. ന്യൂസിലൻഡും പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ പ്രമുഖർ. ജൂൺ 27നാണ് സെമിഫൈനൽ മത്സരങ്ങൾ.
സൂപ്പർ എട്ടിൽ എത്തിയ നാല് ടീമുകൾ മുൻ ചാമ്പ്യന്മാരാണ് ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ. എട്ട് ടീമുകളെ നാല് വീതം ക്രമീകരിച്ച് രണ്ട് ഗ്രൂപ്പിലായാണ് സൂപ്പർ എട്ട് പോരാട്ടങ്ങൾ. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് ഒന്നിൽ. വെസ്റ്റ് ഇൻഡീസ്, യുഎസ്എ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പ് രണ്ടിൽ.
ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒറ്റ മത്സരവും തോൽക്കാതെയെത്തി. സൂപ്പർ 8ൽ ഒരോ ടീമിനും മൂന്ന് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സെമിയിലേക്ക് മുന്നേറും. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, യുഎസ്എ, ഇംഗ്ലണ്ട് ടീമുകളും കളിക്കും. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ടൂർണമെന്റിലെ കറുത്ത കുതിരകളായ അമേരിക്കയെ നേരിടും.
വ്യാഴാഴ്‌ച്ച അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബോളിങ്ങ് കരുത്തിൽ ന്യൂസീലൻഡിനെ വിറപ്പിച്ചെത്തുന്ന ടീം ഇന്ത്യയെ വീഴ്‌ത്താൻ സാധ്യതകളേറെ. സ്പിന്നിന്റെ കരുത്തിലാണ് അഫ്ഗാന്റെ വരവ്. ബാറ്റിങ്ങിൽ കോലിയടക്കം ഇതുവരെ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് അൽപം ആശ്വാസം നൽകുന്ന ടീം. നിലവിലെ ഫോമിൽ ബംഗ്ലാദേശിനെ ഇന്ത്യയ്ക്ക് വീഴ്‌ത്താം. 22നാണ് അയൽക്കാർക്കെതിരായ മത്സരം.
ഏകദിന ലോകകപ്പിൽ ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ മൂന്നാമത്തെ എതിരാളികൾ. ഓരോ മത്സരം കഴിയുന്തോറും കരുത്താർജിക്കുന്ന ഓസീസ് ചാംപ്യൻ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളിൽ ഇന്ത്യയ്ക്ക് മുന്നിൽ പ്രശ്‌നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. 24നാണ് ഇന്ത്യ - ഓസീസ് മത്സരം.
മത്സര ക്രമം
യുഎസ്എ- ദക്ഷിണാഫ്രിക്ക: 19നു രാത്രി 8.00 മണി
ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ്: 20നു രാവിലെ 6.00 മണി
അഫ്ഗാനിസ്ഥാൻ- ഇന്ത്യ: 20നു രാത്രി 8.00 മണി
ഓസ്ട്രേലിയ- ബംഗ്ലാദേശ്: 21നു രാവിലെ 6.00 മണി
ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക: 21നു രാത്രി 8.00 മണി
യുഎസ്എ- വെസ്റ്റ് ഇൻഡീസ്: 22നു രാവിലെ 6.00 മണി
ഇന്ത്യ- ബംഗ്ലാദേശ്: 22നു രാത്രി 8.00 മണി
അഫ്ഗാനിസ്ഥാൻ- ഓസ്ട്രേലിയ: 23നു രാവിലെ 6.00 മണി
യുഎസ്എ- ഇംഗ്ലണ്ട്: 23നു രാത്രി 8.00 മണി
വെസ്റ്റ് ഇൻഡീസ്- ദക്ഷിണാഫ്രിക്ക: 24നു രാവിലെ 6.00 മണി
ഓസ്ട്രേലിയ- ഇന്ത്യ: 24നു രാത്രി 8.00 മണി
അഫ്ഗാനിസ്ഥാൻ- ബംഗ്ലാദേശ്: 25നു രാവിലെ 6.00 മണി