- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനും പിസിബിക്കുമെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ട് സൂപ്പർ 8 കാണാതെ പുറത്തായ പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പാക് ടീമിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുൻ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതേ സമയം പാക്കിസ്ഥാൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
ട്വന്റി20 ലോകകപ്പ് കളിക്കാൻ യുഎസിലേക്കു പോയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ അവിടെ അവധി ആഘോഷിക്കുന്ന പോലെയാണു പെരുമാറിയതെന്നു അതിഖ് കുറ്റപ്പെടുത്തി. താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിക്കുന്നു.
"പാക്ക് ടീമിൽ 17 താരങ്ങളും 17 ഓഫിഷ്യൽസുമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കു വേണ്ടി യുഎസിൽ ബുക്ക് ചെയ്തത് 60 മുറികൾ. എന്തൊരു തമാശ. നിങ്ങൾ അവിടെ ക്രിക്കറ്റ് കളിക്കാനാണോ പോയത്.? അതോ അവധി ആഘോഷിക്കാനോ?. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് താരങ്ങൾക്കൊപ്പം എന്തിനാണു ഭാര്യമാരെ കൊണ്ടുപോകുന്നത്? പിസിബിയാണ് ഇങ്ങനെയൊരു ശീലം കൊണ്ടുവന്നത്. താരങ്ങൾ വൈകുന്നേരങ്ങളിൽ പുറത്തേക്കു പോകുന്നു. ഭാര്യയുടേയും കുട്ടികളുടേയും കാര്യങ്ങൾ നോക്കുന്നു. ഇതൊക്കെ താരങ്ങളുടെ ശ്രദ്ധ ക്രിക്കറ്റിൽനിന്നു മാറ്റുകയാണു ചെയ്യുന്നത്."
"ടേക്ക് എവേ കൗണ്ടറുകളിൽനിന്നാണ് അവർ ഭക്ഷണം കഴിക്കുന്നത്. അവിടെ നിന്ന് വിഡിയോ ഒക്കെ എടുക്കുന്നുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഇങ്ങനെയൊരു സംസ്‌കാരമാണുള്ളത്. അച്ചടക്കം എന്താണെന്ന് ആർക്കും അറിയില്ല. ലോകകപ്പിനിടെ എന്തു കാര്യത്തിലാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്? എല്ലാം മാറ്റിവച്ച് ഒരു രണ്ടാഴ്ചക്കാലം ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ സാധിക്കില്ലേ? നിങ്ങൾക്കായി കോടികളാണു പാക്കിസ്ഥാൻ നൽകുന്നത്." പാക്കിസ്ഥാൻ മുൻ താരം വിമർശിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്‌കാരം പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭക്ഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
അതേസമയം ക്യാപ്റ്റൻ ബാബർ അസം ഉൾപ്പടെ ആറു താരങ്ങൾ പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടില്ല. ലോകകപ്പ് കളിച്ചതിന്റെ ക്ഷീണം മാറ്റാൻ ലണ്ടനിലേക്കു പോകാനാണ് ഇവരുടെ തീരുമാനം. ബാബർ അസം, മുഹമ്മദ് ആമിർ, ഇമാദ് വസീം, ഹാരിസ് റൗഫ്, ശതാബ് ഖാൻ, അസം ഖാൻ എന്നിവരാണ് ലണ്ടനിലേക്കു പോകുന്നത്.
ലണ്ടനിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി അവധിക്കാലം ചെലവഴിച്ച ശേഷമായിരിക്കും ഇവർ പാക്കിസ്ഥാനിലേക്കു പോകുക. ഇതിൽ ചില താരങ്ങൾ യുകെയിലെ പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കാൻ ആലോചിക്കുന്നതായും ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
അവസാന മത്സരത്തിൽ അയർലൻഡിനെതിരെ പാക്കിസ്ഥാൻ മൂന്നു വിക്കറ്റു വിജയം നേടിയിരുന്നു. ഇന്ത്യയോടും യുഎസിനോടും തോറ്റതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. കാനഡയെ ഏഴു വിക്കറ്റിനു തോൽപിച്ചിട്ടും പാക്ക് നിരയ്ക്ക് സൂപ്പർ 8 ഉറപ്പിക്കാൻ സാധിച്ചില്ല. എ ഗ്രൂപ്പിൽ ഒന്നാമന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള യുഎസും അടുത്ത റൗണ്ടിലെത്തി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇനി ഓഗസ്റ്റിൽ മാത്രമാണു കളിയുള്ളത്. ബംഗ്ലാദേശിനെതിരെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയാണ് ഇനി കളിക്കേണ്ടത്. ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെയും പരമ്പരയുണ്ട്. പാക്കിസ്ഥാൻ ടീമിൽ താരങ്ങൾ മൂന്നു ഗ്രൂപ്പുകളായാണു പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.