ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ട് മത്സരത്തിനിടെ മഴയ്ക്ക് സാധ്യത. ബാർബഡോസ് ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിൽ വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണു കളി തുടങ്ങേണ്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. സൂപ്പർ 8 റൗണ്ടിലെ എല്ലാ മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട്.

അക്യൂവെതർ പ്രകാരം 50 ശതമാനമാണ് മഴ പെയ്യാനുള്ള സാധ്യത. സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരായ മത്സരദിനവും മഴയെത്തിയേക്കുമെന്ന് പ്രവചനമുണ്ട്. ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 22നാണ് അയൽക്കാർക്കെതിരായ മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ ജയിച്ച് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയത്. കാനഡക്കെതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാൻ വിടാതെയാണ് അഫ്ഗാൻ മുന്നേറിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനോട് കനത്ത തോൽവി വഴങ്ങിയെങ്കിലും സൂപ്പർ എട്ടിലെത്തിയിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുന്ന ജൂൺ 24ന് സെന്റ് ലൂസിയയിൽ കനത്ത മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ബാർബഡോസിൽ മഴ പ്രവചിച്ചിട്ടുള്ളതിനാൽ ടോസ് ലഭിക്കുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കാനാണു സാധ്യത. രണ്ടാമതു ബാറ്റു ചെയ്യുന്ന ടീമിന് ഡിഎൽഎസ് നിയമപ്രകാരവും ആനുകൂല്യം ലഭിച്ചേക്കും. രണ്ടാം ഇന്നിങ്‌സിൽ മഴ പെയ്താൽ പന്തെറിയാൻ ബോളർമാരും ബുദ്ധിമുട്ടേണ്ടിവരും.

ട്വന്റി20 ലോകകപ്പ് നിയമം അനുസരിച്ച് സൂപ്പർ 8 മത്സരങ്ങൾക്കിടെ മഴ പെയ്താൽ റിസർവ് ദിനം ലഭിക്കില്ല. മഴ കാരണം ഒരു പന്തു പോലും എറിയാതെ കളി ഉപേക്ഷിക്കേണ്ടിവരും. മഴ തോർന്നാൽ ഓവറുകൾ വെട്ടിച്ചുരുക്കി കളി നടത്താനും സാധ്യതയുണ്ട്. കളി ഉപേക്ഷിച്ചാൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഓരോ പോയിന്റു വീതം ലഭിക്കും. ട്വന്റി20 ലോകകപ്പിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കു മാത്രമാണ് റിസർവ് ദിനമുള്ളത്.

എ ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. തുടർന്ന് സൂപ്പർ 8ന് ഒരുങ്ങാൻ ഇന്ത്യയ്ക്ക് ഒരാഴ്ചയിലേറെ സമയം ലഭിച്ചിരുന്നു. അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ ടീമുകളെ തോൽപിച്ചാണ് ഇന്ത്യ ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെത്തിയത്. എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി യുഎസും സൂപ്പർ 8ൽ കടന്നു.

ഇന്ത്യ - ഓസീസ് മത്സരം 24നാണ്. ഏകദിന ലോകകപ്പിൽ ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ ഓസീസിനോട് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. ഓരോ മത്സരം കഴിയുന്തോറും കരുത്താർജിക്കുന്ന ഓസീസ് ചാംപ്യൻ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളിൽ ഇന്ത്യയ്ക്ക് മുന്നിൽ പ്രശ്നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒറ്റ മത്സരവും തോൽക്കാതെയാണ് സൂപ്പർ എട്ടിലെത്തിയത്. സൂപ്പർ 8ൽ ഒരോ ടീമിനും മൂന്ന് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഓരോ ജയം നേടി മുന്നിലെത്തിക്കഴിഞ്ഞു. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസിനും യുഎസ്എക്കും ശേഷിക്കുന്ന മത്സരങ്ങൾ നിർണായകമാണ്.