ബാർബഡോസ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ അഫ്ഗാനിസ്താനു മുന്നിൽ 182 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് രക്ഷയായത്. അഫ്ഗാനിസ്താനുവേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി എന്നിവർ മൂന്നുവിക്കറ്റ് നേടി.

സൂര്യകുമാർ യാദവിന്റെ (53) ഇന്നിങ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാർദിക് പാണ്ഡ്യ (32) നിർണായക പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമ (8), വിരാട് കോലി (24) എന്നിവർക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അഫ്ഗാന് വേണ്ടി റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറിൽ തന്നെ രോഹിത് ശർമയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസൽഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്. പിന്നീട് കോലി - റിഷഭ് പന്ത് (11 പന്തിൽ 20) സഖ്യം 43 റൺസ് കൂട്ടിചേർത്തു. എന്നാൽ ഏഴാം ഓവറിൽ പന്ത് മടങ്ങി. റാഷിദിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയിരുന്നു പന്ത്. മറുവശത്താവട്ടെ കോലി ഏറെ ബുദ്ധിമുട്ടി. ഏകദിന ശൈലിയിലായിരുന്നു കോലിയുടെ ബാറ്റിങ്. ഒരു സിക്സ് മാത്രം നേടിയ കോലി റാഷിദ് ഖാന്റെ പന്തിൽ മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യ.

28 പന്തിൽ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടെ 53 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. മന്ദത നിറഞ്ഞ പിച്ചിൽ രോഹിത്തും കോലിയും ആക്രമിച്ചുകളിക്കുന്നതിൽ പരാജയപ്പെട്ടിടത്താണ് സൂര്യകുമാർ കത്തിപ്പടർന്നത്. ഒൻപതാം ഓവറിൽ ക്രീസിലെത്തിയ താരം 17-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്‌കോർ 150-ലെത്തിയിരുന്നു. മറുപുറത്ത് ഹാർദിക് പാണ്ഡ്യ സൂര്യകുമാറിന് യോജിച്ച കൂട്ടായി പ്രവർത്തിച്ചു. 24 പന്തിൽ 32 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നു. ഇരുവരും ചേർന്ന് 31 പന്തിൽ 60 റൺസ് ചേർത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ടീം സ്‌കോർ 11-ൽ നിൽക്കേ രോഹിത് പുറത്തായി (13 പന്തിൽ 8). ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ റാഷിദ് ഖാൻ ക്യാച്ച് ചെയ്ത് മടക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി സ്‌കോർ വേഗം വർധിപ്പിച്ചു. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസായിരുന്നു ടീം സ്‌കോർ.

ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറിൽ റാഷിദ് ഖാനെത്തി പുറത്താക്കി (11 പന്തിൽ 20). കോലിയും പന്തും ചേർന്ന് രണ്ടാംവിക്കറ്റിൽ കെട്ടിയുയർത്തിയത് 43 റൺസ്. റാഷിദ് ഖാന്റെ അടുത്ത ഓവറിൽ കോലിയും മടങ്ങി (24 പന്തിൽ 24). പത്തോവറിൽ 79 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്‌കോർ. 11-ാം ഓവറിൽ ശിവം ദുബെയും (7 പന്തിൽ 10) പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ചയെ അഭിമുഖീകരിച്ചു. പിന്നീടാണ് സൂര്യകുമാറും ഹാർദിക്കും രക്ഷാപ്രവർത്തനം നടത്തിയത്.

രവീന്ദ്ര ജഡേജ (5 പന്തിൽ 7), അക്ഷർ പട്ടേൽ (6 പന്തിൽ 12), അർഷ്ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ. അഫ്ഗാനിസ്താനുവേണ്ടി റാഷിദ് ഖാൻ നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഫസൽഹഖ് ഫാറൂഖിയും നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് നബിക്ക് ഒരു വിക്കറ്റ്.