- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് മത്സരത്തിനിടെ ഡ്രസ്സിങ് റൂമിൽ പാക്കിസ്ഥാൻ താരങ്ങൾ ഉറങ്ങുന്നത് കണ്ടു
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ഡ്രസ്സിങ് റൂമിൽ പാക്കിസ്ഥാൻ താരങ്ങൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ പാക് നായകൻ മുഹമ്മദ് ഹഫീസ്. ടെസ്റ്റ് മത്സരം നടക്കുന്നതിനിടയിൽ ഡ്രസ്സിങ് റൂമിൽ പോയപ്പോഴാണ് നാലോ അഞ്ചോ താരങ്ങൾ ഉറങ്ങുന്നത് കണ്ടത്. എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നതെന്ന ചിന്തയിലായിരുന്നു താൻ അപ്പോഴെന്നും ഇത്തരക്കാർ ടീമിന്റെ ഭാഗമാകാൻ പാടില്ലെന്നും ഹഫീസ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ നിന്നും സൂപ്പർ 8 കാണാതെ പാക്കിസ്ഥാൻ ടീം പുറത്തായതിന് പിന്നാലെ ഒരു ഓൺലൈൻ സംവാദത്തിനിടയിലാണ് താരത്തിന്റെ പ്രതികരണം. പാക്കിസ്ഥാൻ ടീമിലെ താരങ്ങൾ തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ഹഫീസിന്റെ തുറന്നുപറച്ചിൽ.
ടെസ്റ്റ് നടക്കുന്നതിനിടയിൽ ഞാൻ ഡ്രസ്സിങ് റൂമിൽ പോയപ്പോൾ നാലോ അഞ്ചോ താരങ്ങൾ ഉറങ്ങുന്നത് കണ്ടു. എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നതെന്ന ചിന്തയിലായിരുന്നു ഞാൻ. നിങ്ങളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ ടീമിന്റെ ഭാഗമാകാൻ പാടില്ല. മത്സരം നടക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മത്സരശേഷം എന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷേ മത്സരത്തിന്റെ പ്രൊഫഷണൽ സമയങ്ങളിൽ അതിൽ ശ്രദ്ധിക്കണം.- ഹഫീസ് പറഞ്ഞു.
ലോകകപ്പിൽ ദയനീയ പ്രകടനമായിരുന്നു ടീമിന്റേത്. ഗ്രൂപ്പ് ഘട്ടത്തിൽ യു.എസ്.എ യോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാനുമായില്ല. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയുമടക്കം നാല് പോയന്റ് മാത്രമാണ് ലഭിച്ചത്.
ഇതിന് പിന്നാലെ പാക്കിസ്ഥാൻ ടീമിന്റെ ഐക്യമില്ലായ്മയെക്കുറിച്ച് കോച്ച് ഗാരി കേസ്റ്റണും തുറന്നടിച്ചിരുന്നു. "അവർ ഇതിനെ ഒരു ടീമെന്നു വിളിക്കുന്നുവെന്നേയുള്ളൂ. ഇതൊരു ടീമല്ല, ടീം അംഗങ്ങൾക്കിടയിൽ ഒരു ഐക്യവുമില്ല. നീണ്ട ക്രിക്കറ്റ് കരിയറിൽ ഇങ്ങനെയൊരു ടീമിനെ കണ്ടിട്ടില്ല" -കേസ്റ്റൺ തുറന്നടിച്ചു.
പാക് ടീമിനെതിരേ മുൻ താരങ്ങളടക്കം രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി. മോശം പ്രകടനത്തിനു പിന്നിൽ ടീമിലെ 'ഗ്രൂപ്പിസ'മെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിർണായക സമയത്ത് മെച്ചപ്പെട്ട പ്രകടനം നടത്താതിരുന്ന സീനിയർ കളിക്കാരുടെ സമീപനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇത് ടീമിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലും മാറ്റങ്ങൾക്ക് കാരണമായേക്കും.