- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനം കടുത്തു; നിയമ നടപടിക്കൊരുങ്ങി ബാബർ അസമും പിസിബിയും
ഇസ്‌ലാമബാദ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം സൂപ്പർ 8 കാണാതെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനും പാക്കിസ്ഥാൻ ടീമിനും വൻ വിമർശനങ്ങളാണു നേരിടേണ്ടി വന്നത്. മുൻ താരങ്ങളടക്കം പാക്ക് ടീമിനെതിരെ ആഞ്ഞടിച്ചിരുന്നു.
എന്നാൽ പാക്കിസ്ഥാൻ ക്യാപ്റ്റനെ പരിധിവിട്ട രീതിയിൽ വിമർശിച്ചവർക്കെതിരെ നിയമ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ബാബർ അസമും പിസിബിയും. യൂട്ഊബർമാരും മുൻക്രിക്കറ്റ് താരങ്ങളും നടത്തിയ വിമർശനങ്ങളുടെ തെളിവുകൾ പാക്കിസ്ഥാൻ ബോർഡ് നിയമ വിഭാഗം ശേഖരിക്കുകയാണെന്നും ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
കടുത്ത വിമർശനം ഉന്നയിച്ച സഹ താരമായിരുന്ന അഹമ്മദ് ഷെഹ്സാദിനെതിരെയും ചില യു ട്യൂബ് ചാനലുകൾക്കെതിരേയും ബാബർ അസം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണു റിപ്പോർട്ടുകൾ. വിഷയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമ സമിതിയും നായകനു പിന്തുണയുമായുണ്ട്. സമിതി ഇതു സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്ന് ബാബർ അസമിനെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണമുണ്ടായെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ട്വന്റി20 ലോകകപ്പിനു ശേഷം പേസർ നസീം ഷാ, ഉസ്മാൻ ഖാൻ, വഹാബ് റിയാസ് എന്നീ താരങ്ങൾ മാത്രമാണു പാക്കിസ്ഥാനിൽ തിരിച്ചെത്തിയത്. മറ്റു താരങ്ങൾ യുഎസിൽ തന്നെ തുടരുകയാണ്. ക്യാപ്റ്റൻ ബാബർ അസം അവധിക്കാലം ആഘോഷിക്കാൻ യുകെയിലേക്കു പോകുമെന്നും വിവരമുണ്ട്.
ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസിനോടും ഇന്ത്യയോടും തോറ്റതോടെയാണ് പാക്കിസ്ഥാൻ സൂപ്പർ 8 റൗണ്ടിലെത്താതെ പുറത്തായത്. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസും അടുത്ത റൗണ്ടിലേക്കു മുന്നേറി. സൂപ്പർ 8 സാധ്യതകൾ അവസാനിച്ചതോടെ പാക്കിസ്ഥാൻ താരങ്ങൾക്കെതിരായ വിമർശനം ശക്തമായി.
പാക്ക് താരങ്ങൾ കുടുംബവുമായി യുഎസിലെത്തിയതിനും, ഹോട്ടലിൽ 60ന് മുകളിൽ മുറികൾ ബുക്ക് ചെയ്തതിനും പഴികേട്ടു. രാത്രി ഭക്ഷണം കഴിക്കാൻ ചില താരങ്ങൾ കുടുംബത്തോടൊപ്പം കറങ്ങുകയാണെന്നുവരെ വിമർശനം ഉയർന്നു. ഇതോടെയാണ് നിയമനടപടിയുമായി ബാബർ അസം തന്നെ മുന്നിട്ടിറങ്ങിയത്.
ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളിൽ ബാബറിനൊപ്പം കളിച്ച താരമാണ് അഹമ്മദ് ഷെഹ്സാദ്. ടീം ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ കടുത്ത വിമർശനങ്ങൾ ബാബറിനെതിരെ അഹമ്മദ് ഷെഹ്സാദ് നിരന്തരം നടത്തിയിരുന്നു.