ആന്റിഗ്വ: ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നിർണായക പോരാട്ടത്തിന് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു. ടോസ് ജയിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. അഫ്ഗാനിസ്ഥാനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബംഗ്ലാദേശ് ടീമിൽ ഫാസ്റ്റ് ബോളർ ടസ്‌കിൻ അഹമ്മദ് കളിക്കില്ല.

ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, നിലവിലെ പ്ലേയിങ് ഇലവനുമായി തന്നെ ഇറങ്ങാൻ ക്യാപ്റ്റൻ രോഹിത് ശർമ തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് സെമി ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ടസ്‌കിൻ അഹമ്മദിന് പകരം തൻസിം ഹസൻ ഷാക്കിബ് ബംഗ്ലാദേശിന്റെ പ്ലേയിങ് ഇലവനിലെത്തി.

അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയിൽ ഫോം ഔട്ടായ ശിവം ദുബെ ഇന്നും പ്ലേയിങ് ഇലവനിൽ കളിക്കുമ്പോൾ ഓപ്പണിങ് സഖ്യത്തിലും മാറ്റമൊന്നും വരുത്താൻ ഇന്ത്യ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ടോസ് നേടിയിരുന്നെങ്കിലും ബാറ്റിങ് തെരഞ്ഞെടുക്കമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. അതേസമയം. 150-160 റൺസ് ഈ ഗ്രൗണ്ടിൽ മികച്ച സ്‌കോറായതിനാൽ ഇന്ത്യയെ അതിനുള്ളിൽ ഒതുക്കാനായിരിക്കും ശ്രമിക്കുയെന്നും ബംഗ്ലാദേശ് നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് പേസർമാരെ തുണക്കുന്ന പിച്ചാകും ആന്റിഗ്വയിലേന്ന് വിലയിരുത്തലുണ്ടെങ്കിലും മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അർഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയുമാണ് പേസർമാരായി ടീമിലുള്ളത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ:തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, ഷാക്കിബ് അൽ ഹസൻ, മഹ്‌മൂദുള്ള, ജാക്കർ അലി, റിഷാദ് ഹൊസൈൻ, മഹ്ദി ഹസൻ, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്‌മാൻ.