ആന്റിഗ്വ: ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ബംഗ്ലാദേശിന് എതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 27 പന്തിൽ 50 റൺസ് നേടി പുറത്താകാതെനിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹാർദികിന് പുറമെ വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

രോഹിത്തും കോലിയും ചേർന്ന ഓപ്പണിങ് സഖ്യം ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 22 പന്തിൽ 39 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 11 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റൺസെടുത്ത രോഹിത്, ഷാക്കിബ് അൽ ഹസന്റെ പന്തിൽ സിക്‌സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലായിരുന്നു

ഫോമിലേക്കെത്തിയെന്ന് തോന്നിച്ച കോലിക്കും ഷോട്ട് സെലക്ഷനിലാണ് പിഴച്ചത്. 28 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റൺസെടുത്ത കോലി തൻസിം ഹസന്റെ പന്തിൽ വമ്പനടിക്കുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. വന്നപാടേ സിക്സറടിച്ച് തുടങ്ങിയ സൂര്യകുമാർ യാദവും (6) അതേ ഓവറിൽ തൻസിമിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഇന്ത്യ. സ്‌കോർ 71 ൽ നിൽക്കെ ഓപ്പണർ വിരാട് കോലിയും മടങ്ങി. മൂന്നു സിക്‌സറുകൾ പറത്തിയ കോലി, തൻസിം ഹസന്റെ പന്തിൽ ബോൾഡാകുകയായിരുന്നു.

നേരിട്ട രണ്ടാം പന്തിൽ സൂര്യകുമാർ യാദവ് പുറത്തായി. തൻസിം ഹസന്റെ പന്ത് സൂര്യയുടെ ബാറ്റിൽ എഡ്ജായി വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ് പിടിച്ചെടുത്തു. ഋഷഭ് ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ചെറുത്തു നിൽപ് അധികം നീണ്ടില്ല. നൂറു പിന്നിട്ടതിനു പിന്നാലെ റിഷാദ് ഹുസെയ്‌ന്റെ ബോളിൽ ഋഷഭ് പന്ത് പുറത്തായി. ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും പൊരുതിയതോടെ 16.4 ഓവറിൽ ഇന്ത്യ 150 കടന്നു.

18ാം ഓവറിലെ ആദ്യ പന്തിൽ റിഷാദ് ഹുസെയ്‌നെ സിക്‌സർ പറത്തിയ ശിവം ദുബെ അടുത്ത പന്തിൽ ബോൾഡായി. എങ്കിലും പാണ്ഡ്യ പുറത്താകാതെ നിൽക്കുന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ആശ്വാസം. 19ാം ഓവറിൽ എട്ട് റൺസാണ് ഇന്ത്യ നേടിയത്. തൻസിം ഹസൻ മിറാസിനെ പാണ്ഡ്യ സിക്‌സർ പറത്തി. മുസ്തഫിസുർ റഹ്‌മാൻ എറിഞ്ഞ അവസാന ഓവറിൽ മൂന്നു ബൗണ്ടറികളടക്കം 18 റൺസ് നേടിയ ഇന്ത്യ സ്‌കോർ 196ൽ എത്തിച്ചു. അവസാന പന്തിൽ ഫോറടിച്ചാണ് പാണ്ഡ്യ അർധ സെഞ്ചറി പൂർത്തിയാക്കിയത്. ടോസ് ജയിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.