- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനെ 50 റൺസിന് കീഴടക്കി; ഇന്ത്യ സെമി ഫൈനലിന് അരികെ
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ 'അയൽപ്പോരിൽ' ബംഗ്ലാദേശിനെ 50 റൺസിന് കീഴടക്കി ഇന്ത്യ സെമി ഫൈനലിന് അരികെ. സൂപ്പർ 8ലെ രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയ ഇന്ത്യ എതിരാളികളെ 146 റൺസിന് എറിഞ്ഞൊതുക്കിയാണ് രണ്ടാം ജയം സ്വന്തമാക്കിയത്. ബൗളിംഗിൽ കുൽദീപ് യാദവും ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും തിളങ്ങിയതോടെ ഇന്ത്യ 50 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. ജയത്തോടെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം.
ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ തുടക്കം മുതൽ സമ്മർദത്തിലാക്കിയാണ് വരിഞ്ഞുമുറുക്കിയത്. 7.5 ഓവറുകളിലാണ് ബംഗ്ലാദേശ് സ്‌കോർ 50 തൊട്ടത്. 100 റൺസിലെത്താൻ അവർക്ക് 11.2 ഓവറുകൾ വേണ്ടിവന്നു. 32 പന്തുകളിൽനിന്ന് 40 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. തൻസിദ് ഹസൻ (31 പന്തിൽ 29), റിഷാദ് ഹുസെയ്ൻ (10 പന്തിൽ 24), ലിറ്റൻ ദാസ് (10 പന്തിൽ 13) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റു പ്രധാന സ്‌കോറർമാർ. അർധ സെഞ്ചറിയും ഒരു വിക്കറ്റും വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയാണു കളിയിലെ താരം.
197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കത്തിനു ശേഷമായിരുന്നു ബംഗ്ലാദേശിന്റെ തകർച്ച. രണ്ടാം തോൽവിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും നാല് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും ചേർന്നാണ് ബംഗ്ലാദേശിനെ തകർത്തത്. അർഷ്ദീപ് 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. അർധ സെഞ്ചുറിക്ക് പുറമെ ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിന്റെ വിക്കറ്റ് വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം.
ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് ഓപ്പണർമാരായ ലിറ്റൺ ദാസും തൻസിദ് ഹൊസൈനും ചേർന്ന് 4.3 ഓവറിൽ 35 റൺസെടുത്ത് ഭേദപ്പെട്ട തുടക്കം നൽകി. ലിറ്റൺ ദാസിനെ(13) ഹാർദ്ദിക് മടക്കിയശേഷം ക്രീസിലെത്തിയ ഷാന്റോ തൻസിദിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് കരുതിയെങ്കിലും നിലയുറപ്പിച്ച തൻസിദിനെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കി. 31 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 29 റൺസായിരുന്നു ഹസന്റെ സമ്പാദ്യം. പിന്നാലെ തൗഹിദ് ഹൃദോയിയും (4) കുൽദീപിനു മുന്നിൽ വീണു. 11 റൺസെടുത്ത ഷാക്കിബ് അൽ ഹസനെയും മടക്കി കുൽദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.
എന്നാൽ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയുടെ പ്രകടനം പ്രതീക്ഷ നൽകിയെങ്കിലും 16-ാം ഓവറിൽ ബുംറ ആ ഇന്നിങ്സിന് അവസാനം കുറിച്ചു. 32 പന്തിൽ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം 40 റൺസെടുത്ത ഷാന്റോയാണ് ടീമിന്റെ ടോപ് സ്‌കോറർ. 10 പന്തിൽ 24 റൺസെടുത്ത റിഷാദ് ഹുസൈന്റെ പോരാട്ടം തോൽവിഭാരം കുറയ്ക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറിയും വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 27 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
രോഹിത്തും കോലിയും ചേർന്ന ഓപ്പണിങ് സഖ്യം ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 22 പന്തിൽ 39 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 11 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 23 റൺസെടുത്ത രോഹിത്, ഷാക്കിബ് അൽ ഹസന്റെ പന്തിൽ സിക്സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു.
ഫോമിലേക്കെത്തിയെന്ന് തോന്നിച്ച കോലിക്കും ഷോട്ട് സെലക്ഷനിലാണ് പിഴച്ചത്. 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 37 റൺസെടുത്ത കോലി തൻസിം ഹസന്റെ പന്തിൽ വമ്പനടിക്കുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. വന്നപാടേ സിക്‌സറടിച്ച് തുടങ്ങിയ സൂര്യകുമാർ യാദവും (6) അതേ ഓവറിൽ തൻസിമിന് വിക്കറ്റ് സമ്മാനിച്ചു.
പിന്നാലെയെത്തിയ ശിവം ദുബെയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഋഷഭ് പന്ത് അടിച്ചുതകർത്തു. 24 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 36 റൺസെടുത്ത പന്ത്, റിഷാദ് ഹുസൈന്റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിനിടെ പുറത്താകുകയായിരുന്നു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ദുബെ - ഹാർദിക് പാണ്ഡ്യ സഖ്യം 53 റൺസ് ചേർത്തതോടെ ഇന്ത്യ ട്രാക്കിലായി. തുടക്കത്തിൽ പതറിയ ശേഷം വമ്പനടികൾക്ക് മുതിർന്ന ദുബെ 24 പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 34 റൺസെടുത്ത് 18-ാം ഓവറിൽ മടങ്ങി. തുടർന്നായിരുന്നു അവസാന ഓവറുകളിലെ മികച്ച ബാറ്റിങ്ങിലൂടെ ഹാർദിക് ഇന്ത്യൻ സ്‌കോർ 196-ൽ എത്തിച്ചത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരവും ജയിച്ച് സെമി സാധ്യത സജീവമാക്കാനാണ് ശ്രമിക്കുക. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്.