- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി അഫ്ഗാൻ വിജയം
സെന്റ് വിൻസന്റ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയം. ട്വന്റി ട്വന്റി ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി. ഏകദിന ലോക ചാമ്പ്യന്മാരായ ഓസീസിനെ 21 റൺസിന് തകർത്ത് അഫ്ഗാന്റെ സുന്ദര വിജയം. 149 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 127 റൺസിന് ഓൾഔട്ടായി. ഓസീസിനെ തകർത്ത് അഫ്ഗാനിസ്താൻ സെമി സാധ്യതകൾ സജീവമാക്കി. തോറ്റാൽ പുറത്താകുന്ന കളിയിലാണ് അഫ്ഗാൻ ജീവൻ തിരിച്ചുപിടിച്ചത്. അടുത്ത കളിയിൽ ഇന്ത്യയോട് ഓസ്ട്രേലിയയ്ക്ക് ജയം അനിവാര്യതയായി മാറി. ഇല്ലെങ്കിൽ അവർ ടൂർണ്ണമെന്റിൽ നിന്നും പുറത്താകും.
2023 നവംബർ ഏഴ് എന്നൊരു ദിവസം അഫ്ഗാനിസ്താനിലെ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല. അന്ന് ഏകദിന ലോകകപ്പിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇരട്ട സെഞ്ചുറിയുമായി മാക്സ്വെൽ ഓസ്ട്രേലിയയെ ജയിപ്പിച്ചു. അസാധ്യമെന്ന് തോന്നിയ വിജയമാണ് മാക്സ് വൽ നേടിയത്. സമാനമായി മാക്സ് വെൽ ട്വന്റി ട്വന്റിയിലും നിറഞ്ഞുവെങ്കിലും വിജയത്തിന് ഏറെ മുമ്പേ വീഴ്ന്നു. അന്ന് ഏകദിന ലോകകപ്പിൽ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ഓസ്ട്രേലിയ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇന്ന് അതു സംഭവിച്ചില്ല. അങ്ങനെ ഓസ്ട്രേലിയ ആദ്യമായി അഫ്ഗാന് മുമ്പിൽ വീണു.
ഓസ്ട്രേലിയയെ തകർക്കാൻ അഫ്ഗാനായി ഗുൽബാദിൻ നാല് വിക്കറ്റെടുത്തപ്പോൾ നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത 20-ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓപ്പണർമാരായ ഗുർബാസിന്റേയും ഇബ്രാഹിം സദ്രാൻഡറേയും അർധസെഞ്ചുറികളാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയ കമ്മിൻസാണ് അഫ്ഗാൻ ബാറ്റിങ് നിരയെ തളച്ചത്. ആദം സാംപ രണ്ട് വിക്കറ്റെടുത്തു. പക്ഷേ ക്യാപ്ടന്റെ ഈ മത്സരത്തിലെ ഹാട്രിക് വെറുതെയായി.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റിൽ റഹ്മനുള്ള ഗുർബസും ഇബ്രാഹിം സദ്രാനും 118 റൺസ് കൂട്ടിച്ചേർത്തു. ഗുർബസ് 60 റൺസും സദ്രാൻ 51 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതോടെ അഫ്ഗാന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. അർധസെഞ്ച്വറി നേടിയ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. മാക്സ്വെൽ 59 റൺസെടുത്ത് പുറത്തായി.
12 റൺസെടുത്ത മിച്ചൽ മാർഷ്, 11 റൺസെടുത്ത സ്റ്റോയ്നിസ് എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റർമാർ. നാലു വിക്കറ്റെടുത്ത ഗുൽബാദിൻ നയീബും മൂന്നു വിക്കറ്റെടുത്ത നവീൻ ഉൾ ഹഖുമാണ് ഓസീസിനെ തകർത്തത്.