- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ഓസ്ട്രേലിയ നിർണായക പോരാട്ടം തിങ്കളാഴ്ച
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ അവസാന സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും. സെന്റ് വിൻസന്റിലെ ഡാരൻ സമി ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് എട്ടിനാണ് മത്സരം. സൂപ്പർ 8ലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ സെമി ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ ഇനി ഇന്ത്യ സെമി കാണാതെ പുറത്താവു. അതേസമയം, അഫ്ഗാനിസ്ഥാനെതിരെ തോറ്റതോടെ ഓസ്‌ട്രേലിയയുടെ കാര്യം ത്രിശങ്കുവിലാണ്.
ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. മറുവശത്ത് ഓസ്ട്രേലിയ അങ്ങനെയല്ല. ഞായറാഴ്ച രാവിലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്താനു മുന്നിൽ തകർന്നടിഞ്ഞു. ഇതോടെ ഓസീസിന്റെ സെമി ഫൈനൽ പ്രവേശനവും തുലാസിലായി. സമ്മർദം മുഴുവൻ പേറി വേണം ഓസ്ട്രേലിയക്ക് നാളെ ഇന്ത്യക്കെതിരേ കളിക്കാൻ. ഇന്ത്യയ്ക്കാകട്ടെ, തോറ്റിട്ടില്ല എന്നതിന്റെ ആത്മവിശ്വാസം കൈമുതലായുണ്ട്.
നാളെ ഇന്ത്യയെ തോൽപ്പിച്ചാൽ പോലും ഓസ്‌ട്രേലിയക്ക് സെമി ടിക്കറ്റ് ഉറപ്പില്ല. അതുകൊണ്ട് തന്നെ സമ്മർദ്ദം മുഴുവൻ ഓസ്‌ട്രേലിയക്കായിരിക്കുമെന്നുറപ്പ്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തകർത്താണ് ഓസ്‌ട്രേലിയ കിരീടം നേടിയത്.
ഏകദിന ലോകകപ്പിൽ അപരാജിതരായ ഫൈനലിലെത്തിയ ഇന്ത്യയെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തിൽപ്പരം കാണികൾക്ക് മുമ്പിൽ കീഴടക്കി ആറാം കിരീടം നേടിയപ്പോൾ ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലാണ് ഓസ്‌ട്രേലിയ മുറിവേൽപ്പിച്ചത്. ആ തോൽവി അരാധകർ ഇപ്പോഴും മറന്നിട്ടില്ല.
അതുകൊണ്ടുതന്നെ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ മധുരപ്രതികാരത്തിനുള്ള അവസരമാണ് ടീം ഇന്ത്യക്കിത്. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തുന്ന ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയിൽ നേരിടേണ്ടിവരിക. അത് മാത്രമല്ല നാളെ ഓസീസിനെ തോൽപ്പിച്ചാൽ സെമിയിലെത്താമെന്ന ഓസീസ് മോഹങ്ങൾക്ക ഇരുട്ടടി നൽകാനും രോഹിത് ശർമക്കും സംഘത്തിനുമാകും.
നെറ്റ് റൺറേറ്റിൽ ഏറെ മുന്നിലുള്ളതിനാൽ ഓസീസിനെതിരെ തോറ്റാൽ പോലും ഇന്ത്യക്ക് സെമിയിലെത്താനാകും എന്നതിനാൽ സമ്മർദ്ദമൊന്നുമില്ലാതെയാകും ഇന്ത്യ ഇറങ്ങുക. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇന്ത്യക്ക് സെമിയിലെത്താൻ 96.9 ശതമാനം സാധ്യതയാണ് സ്റ്റാർ സ്‌പോർട് പ്രവചിക്കുന്നത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും 120 റൺസ് വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ മാത്രമെ ഇന്ത്യ സെമി കാണാതെ പുറത്താകു.
അതേസമയം, ഇന്ത്യയെ തോൽപിച്ചാൽ മാത്രം ഓസീസിന് സെമിയിലെത്താനാവില്ല. അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടത്തിൽ അഫ്ഗാൻ വമ്പൻ ജയം നേടാതിരിക്കുകയും വേണം. നിലവിൽ നെറ്റ് റൺറേറ്റിൽ അഫ്ഗാനെക്കാൾ മുന്നിലാണെന്നത് മാത്രമാണ് ഓസീസിന് അശ്വാസം പകരുന്ന കാര്യം. നിലവിൽ ഓസ്‌ട്രേലിയക്ക് സെമിയിലെത്താൻ 57.3 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം കഴിഞ്ഞാണ് അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. അതിനാൽ തന്നെ നെറ്റ് റൺറേറ്റ് കണക്കുകൂട്ടി കളിക്കാൻ അഫ്ഗാനാവുമെന്നതും അനുകൂല ഘടകമാണ്. ഓസ്‌ട്രേലിയയെ തോൽപ്പിച്ചതോടെ അഫ്ഗാനിസ്ഥാന്റെ സെമി സാധ്യത 37.5 ശതമാനായി ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് കളികളും തോറ്റ ബംഗ്ലാദേശ് സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും 8.6 ശതമാനം മാത്രമാണ് ബംഗ്ലാദേശിന്റെ സെമി സാധ്യത.
മത്സരത്തിൽ ഇന്ത്യ ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കുകയോ ചെയ്താൽ രോഹിത് ശർമയും സംഘവും സെമിയിലെത്തും. ഇന്ത്യയ്ക്കു നാലു പോയിന്റും, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്കു രണ്ടു പോയിന്റു വീതവുമാണുള്ളത്. അടുത്ത മത്സരങ്ങളിൽ ഇന്ത്യയെ ഓസ്‌ട്രേലിയയും ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാനും തോൽപിച്ചാൽ മൂന്നു ടീമുകൾക്കും നാലു പോയിന്റു വീതമാകും.
ഇതോടെ നെറ്റ് റൺറേറ്റ് നോക്കിയാകും സെമിയിലെത്തുന്ന രണ്ടു ടീമുകളെ തീരുമാനിക്കുക. 2.425 ആണ് നിലവിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ്. ഓസ്‌ട്രേലിയയുടേത് 0.223. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനു ശേഷം ഇതിൽ മാറ്റം വരും. അഫ്ഗാനിസ്ഥാൻ നെറ്റ് റൺറേറ്റിൽ വളരെ പിറകിലാണ്. 0.650 ആണ് അഫ്ഗാന്റെ റൺറേറ്റ്. എന്നാലും അഫ്ഗാന് ഒരു സാധ്യത ബാക്കിയുണ്ട്.
ഇന്ത്യ ഓസ്‌ട്രേലിയയോടു വലിയ മാർജിനിൽ തോൽക്കുകയും, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനോടു വലിയ മാർജിനിൽ ജയിക്കുകയും ചെയ്താൽ അവർക്ക് സെമി ഉറപ്പിക്കാൻ സാധിക്കും. അങ്ങനെ സംഭവിച്ചാൽ ഗ്രൂപ്പ് ഒന്നിൽനിന്ന് ഓസ്‌ട്രേലിയയും അഫ്ഗാനും സെമി ഫൈനലിൽ കടക്കും. ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റാലും, ബംഗ്ലാദേശിനെതിരെ ജയിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മുന്നോട്ടുപോക്കു സാധ്യമല്ല.
എണ്ണയിട്ട യന്ത്രംപോലെയാണ് ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് ലൈനപ്പുകൾ. ബുംറയെന്ന തുറുപ്പുചീട്ടാണ് ബൗളിങ്ങിലെ കുന്തമുന. ബാറ്റിങ്ങിലാവട്ടെ, രോഹിത്-കോലി മുതൽ ജഡേജ, അക്ഷർ വരെയുള്ള നിരയുണ്ട്. തിരിച്ചുവരവിൽ മിന്നും ഫോമോടെ ഋഷഭ് പന്തും കരുത്തായി സൂര്യകുമാർ യാദവുമുണ്ട്. ഓസ്ട്രേലിയക്കെതിരായ തിങ്കളാഴ്ചത്തെ മത്സരം സെമി ഫൈനലിന് മുൻപായുള്ള ഇന്ത്യയുടെ അവസാനത്തെ മത്സരമാണെന്നതിനാൽ ടീം ലൈനപ്പിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ്. ഇതുവരെ ഒരേ ടീമിനെ വച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
അതേ സമയം ഗ്രൂപ്പ് രണ്ടിൽ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ദക്ഷിണാഫ്രിക്കയും മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച ഇംഗ്ലണ്ടുമാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. എന്നാൽ യു എസിനെതിരെ വമ്പൻ ജയം നേടിയ വിൻഡീസിനും സെമി സാധ്യതയുണ്ട്. നാളെ പുലർച്ചെ നടത്തുന്ന ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് മത്സരമാകും സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുക.