ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ അമേരിക്കയെ പത്ത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു.എസിനെ 18.5 ഓവറിൽ 115-ൽ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, 9.4 ഓവറിൽ ഒറ്റ വിക്കറ്റും കളയാതെ ലക്ഷ്യം മറികടന്നു. സ്‌കോർ-117/0 (9.4 ഓവർ). 19-ാം ഓവറിൽ അഞ്ചുപന്തിൽ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോർദാനാണ് യു.എസിന്റെ നട്ടെല്ലൊടിച്ചത്. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ജോസ് ബട്ലറുടെ ബാറ്റിങ് വെടിക്കെട്ടാണ് (38 പന്തിൽ 83) ഇംഗ്ലണ്ടിന് അതിവേഗ ജയം സമ്മാനിച്ചത്. ഇതോടെ ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.

ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് വലിയ മാർജിനിൽ വിജയം അനിവാര്യമായിരുന്നു. അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്‌ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്‌സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്‌ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇംഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്‌ലർ തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി.

ഏഴ് സിക്സും ആറ് ഫോറും ചേർന്നതാണ് ബട്ലറുടെ ഇന്നിങ്സ്. ഹർമീത് സിങ് എറിഞ്ഞ ഒൻപതാം ഓവറിൽ ഇംഗ്ലണ്ട് നേടിയത് 32 റൺസ്. ആദ്യ പന്തിൽ സിംഗിളെടുത്തു. പിന്നീട് തുടർച്ചയായ നാല് പന്തുകൾ സിക്സിനു പറത്തി. അടുത്ത പന്ത് വൈഡ്. അതുകഴിഞ്ഞ് വീണ്ടും സിക്സ്. ആദ്യ പന്തിലെ സിംഗിളൊഴിച്ചാൽ ബാക്കിയെല്ലാം സിക്സ്. ആ ഓവറോടെത്തന്നെ മത്സരത്തിന്റെ ഗതി പൂർണമായും നിശ്ചയിക്കപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു.എസ്. 18.5 ഓവറിൽ 115 റൺസിന് പുറത്തായി. അഞ്ചിന് 115 എന്ന നിലയിലായിരുന്ന യു.എസ്. പിന്നീടുള്ള അഞ്ച് വിക്കറ്റുകളും ഒരു റൺ പോലും ചേർക്കാനാവാതെ കളഞ്ഞു. അതിൽ നാല് വിക്കറ്റുകളും ജോർദാനായിരുന്നു. 30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്‌സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.

പവർപ്ലേയിൽ 48-ന് രണ്ട് എന്ന നിലയിലായിരുന്ന യു.എസ്., പിന്നീട് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. റൺസ് വേഗവും കുറഞ്ഞു. സാം കറനെറിഞ്ഞ 18-ാം ഓവറിൽ ഓരോന്നുവീതം സിക്സും ബൗണ്ടറിയുമായി 13 റൺസ് നേടി. ഓവറിലെ ആറാം പന്തിൽ പക്ഷേ, ഹർമീത് പുറത്തായി (17 പന്തിൽ 21). അപ്പോൾ ടീം സ്‌കോർ-115.

തുടർന്നുള്ള ഓവർ എറിയാനെത്തിയത് ജോർദാൻ. ആദ്യ പന്തിൽ കോറി ആൻഡേഴ്സൻ പുറത്ത് (28 പന്തിൽ 29). തുടർന്നെത്തിയ അലി ഖാൻ രണ്ടാമത്തെ പന്തിൽ റണ്ണൊന്നുമെടുത്തില്ല. മൂന്നാം പന്തിൽ ഔട്ട്. നാലാംപന്തിൽ നൊഷ്തുഷ് കെഞ്ചിഗെയും അഞ്ചാം പന്തിൽ നേത്രവാൽക്കറും പുറത്തായതോടെ യു.എസിന്റെ കളി അവസാനിച്ചു. ജോർദാൻ ഹാട്രിക്കും നേടി. 2.5 ഓവറിൽ പത്ത് റൺസ് വിട്ടുനൽകിയാണ് ജോർദാൻ നാല് വിക്കറ്റുകൾ നേടിയത്. അഞ്ച് പന്തെറിഞ്ഞതിൽ നാലിലും വിക്കറ്റ്. 115-ൽ അഞ്ച് എന്ന നിലയിലായിരുന്ന ടീം അങ്ങനെ 115-ൽ പത്ത് എന്ന നിലയിൽ മുട്ടുമടക്കി.