സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുന്ന അവസാന സൂപ്പർ 8 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്താൻ കഴിയുന്ന ഇന്ത്യക്ക് തോറ്റാലും നെറ്റ് റൺറേറ്റിന്റെ കരുത്തിൽ സെമി ഏകദേശം ഉറപ്പാണ്. മഴ മൂലം മത്സരം ഉപേക്ഷിച്ചാലും ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാവുമെന്നതിനാൽ സെമിയിൽ ആരാകും ഇന്ത്യയുടെ എതിരാളികളെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറിയതിനാൽ ഗ്രൂപ്പ് ഒന്നിൽ ദക്ഷിമാഫ്രിക്ക ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമായി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കും.ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാകും ഇന്ത്യ സെമിയിൽ നേരിടേണ്ടിവരിക.

ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികളെങ്കിൽ അത് ഓസ്‌ട്രേലിയയിൽ നടന്ന കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിലെ അതേ എതിരാളികളാകും. 2022ലെ ടി20 ലോകകപ്പിൽ അഡ്ലെയ്ഡ് ഓവലിൽ നടന്ന സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഫൈനലിൽ പാക്കിസ്ഥാനെ വീഴ്‌ത്തി കിരീടവും നേടിയിരുന്നു.

ഇന്ന് ഓസ്‌ട്രേലിയയോട് വലിയ മാർജിനിൽ തോറ്റ് നെറ്റ് റൺറേറ്റിൽ പിന്നിലായി രണ്ടാം സ്ഥാനത്തായാൽ അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയാകും ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയിലെത്തുന്നത്. 2014ലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്വന്റി 20 ലോകകപ്പ് സെമിയിൽ അവസാനം ഏറ്റുമുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസടിച്ചപ്പോൾ വിരാട് കോലിയുടെ അർധസെഞ്ചുറി മികവിൽ ഇന്ത്യ 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

അതേ സമയം ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും വൻ മാർജിനിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകില്ല. അഫ്ഗാനിസ്താനെയും ബംഗ്ലാദേശിനെയും തകർത്ത് സെമി ഏതാണ്ട് ഉറപ്പാക്കിയതായിരുന്നു ഇന്ത്യ. ഓസ്ട്രേലിയയെ കീഴടക്കി അഫ്ഗാൻ ഗ്രൂപ്പിലെ സെമി സാധ്യതകൾ തകിടംമറിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, അഫ്ഗാനിസ്താൻ, ഓസ്ട്രേലിയ ടീമുകളിൽ ഏത് ടീമിന് വേണമെങ്കിലും പുറത്താകാൻ സാധ്യതയുണ്ട്.

തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ രോഹിത്തും സംഘവും സെമി ടിക്കറ്റെടുക്കും. അതോടെ അഫ്ഗാൻ - ബംഗ്ലാദേശ് മത്സരം ഇന്ത്യയെ ബാധിക്കില്ല. അഫ്ഗാനിസ്ഥാൻ ടീമിന് സാധ്യതയേറും.

എന്നാൽ ഓസ്ട്രേലിയയും അഫ്ഗാനിസ്താനും വലിയ മാർജിനിൽ വിജയിച്ചാൽ ഇന്ത്യയുടെ കാര്യം കുഴപ്പത്തിലാകും. ഇന്ത്യയ്ക്കെതിരേ ഓസീസ് 41 റൺസിനോ 32 പന്തുകൾ ബാക്കിനിൽക്കെയോ വിജയിച്ചാൽ അഫ്ഗാനിസ്താന് സെമിയിൽ കടക്കാൻ ബംഗ്ലാദേശിനെ 83 റൺസിന് പരാജയപ്പെടുത്തണം. ഇങ്ങനെ സംഭവിച്ചാൻ ഇന്ത്യ പുറത്താകും. ഇനി ഓസ്ട്രേലിയക്കെതിരായ മത്സരം എന്തെങ്കിലും കാരണവശാൽ ഉപേക്ഷിച്ചാലും ഇന്ത്യ സെമിയിലെത്തും. കാരണം പിന്നീട് ഒരു ടീമിനും അഞ്ചു പോയന്റ് സ്വന്തമാക്കാനാകില്ല.

സെമിയിലെത്താൻ ഓസീസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയും അവസാന മത്സരത്തിൽ അഫ്ഗാൻ, ബംഗ്ലാദേശിനോട് തോൽക്കുകയും വേണം. ഇനി ഇന്ത്യയോട് ചെറിയ തോൽവിയാണ് നേരിടുന്നതെങ്കിലും ഓസീസിന് സെമി സാധ്യതയുണ്ട്. ഓസീസിന്റെ നെറ്റ് റൺറേറ്റ് മറികടക്കാത്ത തരത്തിൽ ബംഗ്ലാദേശ്, അഫ്ഗാനെ തോൽപ്പിച്ചാൽ മതി. ഇന്ത്യയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചാലും ഓസീസിന് സാധ്യത തെളിയും. ബംഗ്ലാദേശ്, അഫ്ഗാനെ തോൽപ്പിക്കുകയോ അല്ലെങ്കിൽ ആ മത്സരവും ഉപേക്ഷിച്ചാലോ മതി.

ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുകയും അഫ്ഗാൻ, ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ഓസീസ്, അഫ്ഗാൻ, ബംഗ്ലാദേശ് ടീമുകൾക്ക് രണ്ട് പോയന്റ് വീതമാകും. അങ്ങനെ വന്നാൽ നെറ്റ് റൺറേറ്റ് വിധിനിർണയിക്കും. നിലവിൽ ഓസീസാണ് നെറ്റ് റൺറേറ്റിൽ മുന്നിൽ.

അഫ്ഗാൻ അവസാന മത്സരം ഒരു റണ്ണിനാണ് പരാജയപ്പെടുന്നതെങ്കിൽ ഇന്ത്യയോട് 31 റൺസിനോ അതിൽ കൂടുതലോ ഉള്ള മാർജിനിൽ തോറ്റെങ്കിൽ മാത്രമേ ഓസീസിന്റെ നെറ്റ് റൺറേറ്റ് അഫ്ഗാന് താഴെ പോകൂ. ഇനി ഇന്ത്യയ്ക്കെതിരേ ഓസീസ് ഒരു റണ്ണിന്റെ ജയമാണ് നേടുന്നതെങ്കിൽ ബംഗ്ലാദേശിനെ 36 റൺസിന് പരാജയപ്പെടുത്തിയാൻ അഫ്ഗാന് സെമിയിലെത്താം.

ഇനി ചേസ് ചെയ്ത് ഓസീസ് അവസാന പന്തിലാണ് ജയിക്കുന്നതെങ്കിൽ അഫ്ഗാന് 15.4 ഓവറിനുള്ളിൽ ജയം നേടിയാൽ മാത്രമേ സെമി സാധ്യതയുള്ളൂ. ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ അവസാന മത്സരം ഉപേക്ഷിച്ചാലും അഫ്ഗാന് സെമിയിൽ കയറാം.