- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ലൂസിയയിൽ ഹിറ്റ്മാന്റെ റൺമഴ! ഓസീസിന് 206 റൺസ് വിജയലക്ഷ്യം
സെന്റ് ലൂസിയ: ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 206 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. നായകൻ രോഹിത് ശർമയുടെ അതിവേഗ അർധ സെഞ്ചറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ചുറിക്ക് എട്ടു റൺസകലെ പുറത്തായ രോഹിത്ത് 41 പന്തുകൾ നേരിട്ട് 92 റൺസാണ് അടിച്ചെടുത്തത്. എട്ടു സിക്‌സുകളും ഏഴു ഫോറുകളും രോഹിതിന്റെ ഇന്നിങ്‌സിന് തിളക്കം നൽകി. ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 27), രവീന്ദ്ര ജഡേജയും (അഞ്ചു പന്തിൽ ഒൻപത്) പുറത്താകാതെനിന്നു. 16 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 31 റൺസെടുത്തു.
രണ്ടാം ഓവറിൽ തന്നെ വിരാട് കോലിയെ (0) നഷ്ടമായ ശേഷമായിരുന്നു രോഹിത് സെന്റ് ലൂസിയയെ അക്ഷരാർഥത്തിൽ പൂരപ്പറമ്പാക്കിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറുമടക്കം 29 റൺസാണ് രോഹിത് അടിച്ചെടുത്തത്. 19 പന്തിൽ 50 തികച്ചു. രോഹിത് വെടിക്കെട്ടിൽ വെറും 8.4 ഓവറിൽ ഇന്ത്യൻ സ്‌കോർ 100 കടന്നു. തുടർന്ന് 12-ാം ഓവറിൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്താകും വരെ രോഹിത്തിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളൊഴുകി.
ഇതിനിടെ രണ്ടാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 87 റൺസും രോഹിത് ചേർത്തു. 14 പന്തിൽ നിന്ന് 15 റൺസ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. തുടർന്നെത്തിയ സൂര്യകുമാർ 16 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്തു. രോഹിത്തിനു പിന്നാലെ സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. 22 പന്തുകൾ നേരിട്ട ശിവം ദുബെയ്ക്ക് 28 റൺസെടുക്കാനേ സാധിച്ചുള്ളൂ. 17 പന്തിൽ നിന്ന് 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് സ്‌കോർ 200 കടത്തിയത്.
പവർപ്ലേയിൽ ഒരു വിക്കറ്റു നഷ്ടത്തിൽ 60 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് വിരാട് കോലിയെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ രോഹിത് ശർമയുടെ രക്ഷാപ്രവർത്തനം ഫലം കണ്ടു. അഞ്ചു പന്തുകൾ നേരിട്ട കോലി റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. പിന്നാലെ രോഹിത് ശർമ അടി തുടങ്ങി.
4.1 ഓവറിൽ 43 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ മഴയെത്തിയതോടെ ഏതാനും മിനിറ്റുകൾ കളി നിർത്തിവച്ചു. 20 പന്തിൽ രോഹിത് അർധ സെഞ്ചറി തികച്ചു. 14 പന്തിൽ 15 റൺസെടുത്ത താരത്തെ മാർകസ് സ്റ്റോയ്‌നിസിന്റെ പന്തിൽ ജോഷ് ഹെയ്‌സൽവുഡ് ക്യാച്ചെടുത്തുപുറത്താക്കി. 8.4 ഓവറിൽ (52 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടു. സ്‌കോർ 127ൽ നിൽക്കെ രോഹിത് ശർമയെ സ്റ്റാർക്ക് ബോൾഡാക്കി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15ാം ഓവറിൽ സൂര്യകുമാർ യാദവ് മടങ്ങി. വൈഡ് ലൈനിലൂടെപോയ പന്തിൽ ബാറ്റുവച്ച സൂര്യയ്ക്കു പിഴച്ചു. എഡ്ജ് ആയി ഉയർന്ന പന്ത് കീപ്പർ മാത്യു വെയ്ഡ് അനായാസം കൈപ്പിടിയിലാക്കി.
അവസാന പന്തുകളിൽ സ്‌കോർ ഉയർത്തേണ്ട ചുമതല പാണ്ഡ്യയും ദുബെയും ഏറ്റെടുത്തു. സ്റ്റോയ്‌നിസ് എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ടു പന്തുകൾ പാണ്ഡ്യ സിക്‌സർ പറത്തി. എന്നാൽ നാലാം പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ശിവം ദുബെയെ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. 28 റൺസുമായാണു ദുബെയുടെ മടക്കം. 19.4 ഓവറുകളിൽ ഇന്ത്യ 200 കടന്നു. മാർകസ് സ്റ്റോയ്‌നിസും മിച്ചൽ സ്റ്റാർക്കും ഓസീസിനായി രണ്ടു വിക്കറ്റു വീതം നേടി.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിൽ മിച്ചൽ സ്റ്റാർക് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഈ മത്സരം നിർണായകമാണ്. ജയത്തിൽ കുറഞ്ഞതൊന്നും ഓസ്‌ട്രേലിയയെ സെമിയിൽ കടക്കാൻ സഹായിക്കില്ല. മറുവശത്ത് ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഏറക്കുറെ ഉറപ്പിച്ചാണ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിൽ കടക്കും. തോറ്റാൽ ഓസ്‌ട്രേലിയ ടൂർണമെന്റിൽ നിന്നു പുറത്താകും.