ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ നിന്നും ഓസ്‌ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡേവിഡ് വാർണർ. 15 വർഷം നീണ്ട കരിയറിനാണ് ഓസ്‌ട്രേലിയൻ ഓപ്പണർ വിരാമമിട്ടത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ആറ് റൺസെടുത്ത് വാർണർ പുറത്തായിരുന്നു.

ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ സഖ്യം വിരമിച്ചപ്പോൾ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു വാർണർ. 2023ൽ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും 2021ൽ ട്വന്റി 20 ലോകകപ്പും നേടി കരിയറിൽ വലിയ നേട്ടങ്ങളോടെയാണ് വാർണർ വിരമിക്കുന്നത്. 2015 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിലും വാർണർ അംഗമായിരുന്നു. 2016ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പ്യനാക്കിയത് വാർണറിലെ നായകമികവാണ്.

112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ട്വന്റി 20യിലും ഓസ്‌ട്രേലിയൻ ഓപ്പണർ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 18,895 റൺസാണ് ഡേവിഡ് വാർണറിന്റെ സമ്പാദ്യം. 110 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 33.44 ശരാശരിയിൽ 3277 റൺസ് നേടിയ വാർണർ 28 അർദ്ധശതകവും ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള വിദേശ താരങ്ങളിൽ ഒരാളാണ് വാർണർ. വിവിധ ഫ്രാഞ്ചൈസികൾക്കായി ഐപിഎൽ കളിക്കുന്ന താരം ടിക് ടോക് വീഡിയോകളിലൂടെയാണ് വലിയ ജനപ്രീതി നേടിയത്.

ഇടം കൈയൻ ഓപ്പണർ അവസാന ഏകദിനം കളിച്ചത് 2023 ലോകകപ്പ് ഫൈനലിലായിരുന്നു. ജനുവരിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അതേസമയം അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻ ട്രോഫി കളിക്കാൻ താത്പ്പര്യമുണ്ടെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്ന. ടീമിന്റെ തീരുമാനം അനുസരിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യക്കെതിരെയുള്ള അവസാന മത്സരത്തിൽ ആറ് റൺസെടുത്താണ് വാർണർ പുറത്തായത്. അർഷദീപിന്റെ പന്തിൽ സൂര്യകുമാർ യാദവാണ് ക്യാച്ചെടുത്തത്. ലൈനും ലെംഗ്തും പാലിച്ച് കൃത്യതയോടെ എത്തുന്ന പന്തുകളെ പോലും നിർദാക്ഷിണ്യം അടിച്ചുപറത്തി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ഇതിഹാസമായി മാറിയ വാർണർ ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഒരു ആദരവും ഏറ്റുവാങ്ങാതെയാണ് മടങ്ങുന്നത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പിൽ സെമി കാണാതെ ഓസീസ് പുറത്തായതിന് പിന്നാലെയാണ് സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ചത്.

15 വർഷം നീണ്ട കരിയറിൽ ഓസ്ട്രേലിയൻ സുവർണ തലമുറയുടേയും ഓസീസ് പ്രതാപകാലത്തിന്റെയും മുന്നണി പോരാളിയായിരുന്നു ഈ ഇടംകൈയൻ പേസർ. ഏകദിനങ്ങളിൽ ആദം ഗിൽക്രിസ്റ്റും മാതൃ ഹെയ്ഡനും ഭരിച്ച ഓപ്പണിങ് ആധിപത്യത്തിലേക്ക് വാർണറുടെ വരവോടെ അത് ടോപ്ഗിയറിലായി. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഓപ്പണറായി തിളങ്ങിയ കരിയറിനാണ് വിരാമമാകുന്നത്.

സച്ചിനെ പോലെ ഉയരക്കുറവ് ഒരിക്കലും ഒരു പോരായ്മയായി തോന്നാത്ത ബാറ്റിങ് വിസ്ഫോടനങ്ങളുടെ കാലമാണ് അവസാനിക്കുന്നത്. 2015, 2023 ഏകദിന ലോകകപ്പും 2021-ട്വന്റി 20 ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു. 2021-ലെ ടി20 ലോകകപ്പ് ടൂർണമെന്റിലെ താരവും വാർണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഓസീസിനായി നേടി. ഇന്ത്യയ്ക്കെതിരായ 2023-ഏകദിന ലോകകപ്പ് ഫൈനലാണ് അവസാനത്തെ ഏകദിനമത്സരം. 2023 ലോകകപ്പിൽ 11 കളികളിൽനിന്നായി 535 റൺസാണ് താരം നേടിയത്.

2009-ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരേയാണ് ട്വന്റി 20 യിലെ അരങ്ങേറ്റം. പിന്നീട് 15-വർഷം ഓസീസിന്റെ നെടുംതൂണായി വാർണറുണ്ടായിരുന്നു. 112-ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8786-റൺസെടുത്ത വാർണർ ഏകദിനത്തിൽ 161 മത്സരങ്ങളിൽ നിന്നായി 6932-റൺസും ടി20-യിൽ 110 മത്സരങ്ങളിൽ നിന്നായി 3277-റൺസുമെടുത്തു. ട്വന്റി20 ക്രിക്കറ്റ് കളിച്ചുനടന്ന കാലത്ത് തനിക്ക് ടെസ്റ്റ് ക്രിക്കറ്റും നന്നായി വഴങ്ങുമെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗാണെന്ന് ഡേവിഡ് വാർണർ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരെ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയശേഷം സംസാരിക്കുമ്പോഴാണ് വാർണർ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലിൽ ഡൽഹിക്കായി കളിക്കുന്ന കാലത്താണ് സേവാഗ് ഈ 'പ്രവചനം' നടത്തിയത്. അധികം ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താൻ അന്ന് സേവാഗിന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുത്തില്ലെന്നും വാർണർ പറഞ്ഞു.

'ടെസ്റ്റിലും എനിക്കു മികവു കാട്ടാനാകുമെന്ന് ആദ്യം പറഞ്ഞത് വീരേന്ദർ സേവാഗാണ്. ഐപിഎല്ലിൽ ഡൽഹിക്കു കളിക്കുന്ന കാലത്ത് ടീമിനൊപ്പം സേവാഗുമുണ്ടായിരുന്നു. ഞാൻ ട്വന്റിയേക്കാൾ ശോഭിക്കുക ടെസ്റ്റ് ക്രിക്കറ്റിലാണെന്ന് അന്ന് എനിക്കടുത്തിരുന്ന് സേവാഗ് പറയുമായിരുന്നു. നിങ്ങൾക്ക് ബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നായിരുന്നു എന്റെ പ്രതികരണം. കാരണം അന്ന് ഞാൻ അധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. ഞാൻ അവിശ്വസിച്ചിട്ടും അദ്ദേഹം അതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു' വാർണർ അന്ന് പറഞ്ഞു.

തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സിൽ അർധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ചാണ് കളിമതിയാക്കിയത്. സ്വന്തം ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികളേയും കുടുംബാംഗങ്ങളേയും സാക്ഷി നിർത്തിയാണ് 112 ടെസ്റ്റുകൾ നീളുന്ന കരിയർ വാർണർ 37 ാമത്തെ വയസ്സിൽ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ 34 റൺസെടുത്ത വാർണർ രണ്ടാം ഇന്നിങ്സിൽ 57 റൺസെടുത്തു. ജയിക്കാൻ കേവലം 10 റൺസ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.