ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ സെമിപ്രവേശനം തെരുവിലിറങ്ങി ജനത ആഘോഷമാക്കുന്നതിനിടെ നേട്ടത്തിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ വളർച്ചക്ക് തുടർച്ചയായി നൽകുന്ന സഹായത്തിന് ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും ഇന്ത്യയുടെ പ്രവൃത്തി അഭിനന്ദാർഹമാണെന്നും താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് അഫ്ഗാൻ ചരിത്രം രചിച്ചത്.

ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ ഉയർച്ച സമാനതകളില്ലാത്തതാണ്. 2017-ലാണ് അവർ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലെ മുഴുവൻ അംഗങ്ങളായത്. വെറും ഏഴ് വർഷത്തിനിപ്പുറം 2024-ൽ ലോകകപ്പിന്റെ സെമിഫൈനലിലെത്തി. ന്യൂസിലൻൻഡ്, ഓസ്ട്രേലിയ തുടങ്ങിയ വമ്പന്മാരെ അടിയറവ് പറയിച്ചാണ് അഫ്ഗാന്റെ കുതിപ്പ്.

അഫ്ഗാനിലെ ക്രിക്കറ്റിന്റെ വളർച്ചക്ക് ഇന്ത്യയും ബിസിസിഐയും മികച്ച പിന്തുണയാണ് നൽകിയത്. ഗ്രേറ്റർ നോയിഡയിലെ വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സ് 2015-ൽ അഫ്ഗാനിസ്ഥാന്റെ താൽകാലിക ഹോം ഗ്രൗണ്ടാകാൻ ഇന്ത്യ അനുവദിച്ചു. നേരത്തെ ഷാർജയായിരുന്നു അഫ്ഗാന്റെ ഹോം ഗ്രൗണ്ട്. 2017 ൽ ഗ്രേറ്റർ നോയിഡയിൽ അയർലൻഡിനെതിരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ഡെറാഡൂണിൽ ബംഗ്ലാദേശിനെതിരായ ഒരു ട്വന്റി 20 പരമ്പരക്കും അവർ ആതിഥേയത്വം വഹിച്ചിരുന്നു.

ഇന്ത്യൻ കോച്ചുകളുടെ മാർഗനിർദ്ദേശങ്ങളും ബിസിസിഐ ലഭ്യമാക്കി. മുൻ ഇന്ത്യൻ താരങ്ങളായ ലാൽചന്ദ് രാജ്പുത്, മനോജ് പ്രഭാകർ, അജയ് ജഡേജ എന്നിവരെല്ലാം മുമ്പ് അഫ്ഗാനിസ്ഥാൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് വരെ ജഡേജ അവരുടെ ഉപദേശകനായിരുന്നു. അഫ്ഗാനിസ്ഥാൻ കളിക്കാരുടെ വിജയത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് നിസംശയം പറയാം. ക്യാപ്റ്റൻ റാഷിദ് ഖാൻ, നബി, നൂർ, ഗുർബാസ് തുടങ്ങിയ താരങ്ങളെല്ലാം ഐപിഎല്ലിലെ മിന്നും താരങ്ങളാണ്.

ബംഗ്ലാദേശിനെ കീഴടക്കി ടി20 ലോകകപ്പിന്റെ സെമിയിൽ കടന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ താരങ്ങൾ ദേശീയ ഹീറോകളായി മാറിക്കഴിഞ്ഞു. ടീമിനെ അഭിനന്ദിച്ച് താലിബാൻ വിദേശകാര്യ മന്ത്രി. അമീർ ഖാൻ നു മുത്താഖി അഫ്ഗാൻ നായകൻ റാഷിദ് ഖാനുമായി വീഡിയോകോളിൽ സംസാരിച്ചു.

ടീമിനെ അഭിനന്ദിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഗോള വേദിയിൽ അഫ്ഗാന്റെ യശസുയർത്തിയതിന് മന്ത്രി താരങ്ങൾക്ക് നന്ദി പറഞ്ഞു. അതേസമയം സെമി ഫൈനൽ പ്ര വേശനം ആഘോഷമാക്കി അഫ്ഗാനിൽ വൻ ജനാവലി തെരുവിലിറങ്ങി. വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. വിവിധയിടങ്ങളിൽ മത്സരം വീക്ഷിക്കാൻ കൂറ്റൻ സ്‌ക്രീനികളും സജ്ജമാക്കിയിരുന്നു.

നേരത്തെ ഏകദിന ലോകകപ്പിലെ പ്രകടനത്തിനും റാഷിദിനെയും സംഘത്തെയും താലിബാൻ ഭരണകൂടം അഭിനന്ദിച്ചിരുന്നു. ബംഗ്ലാദേശിനെ എട്ടുറൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ചരിത്രത്തിലാദ്യമായി ഒരു ഐസിസി ടൂർണമെന്റിന്റെ സെമി കടക്കുന്നത്.

കിരീടങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ടീമുകൾ കളത്തിലിറങ്ങുമ്പോൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ചെറിയ വിജയങ്ങൾ പോലും അഫ്ഗാനിസ്ഥാന് സ്വപ്നതുല്യമാണ്. അത് നായകൻ റാഷിദ് ഖാന്റെ വാക്കുകളിൽ പ്രകടം. അത്രമേൽ ദുരിതക്കയത്തിൽ നിന്നാണ് അഫ്ഗാൻ താരങ്ങൾ ഓരോ മത്സരത്തിനുമിറങ്ങുന്നത്. സ്വന്തം നാട്ടിൽ കളിച്ച് വളരാനുള്ള അവസരങ്ങളില്ല. ഹോം മത്സരങ്ങൾക്ക് പോലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കണം.

സ്വന്തം നാട്ടിലേക്ക് വമ്പൻ ടീമുകൾ കളിക്കാനെത്തില്ല. താരങ്ങൾ വരുമാന മാർഗം കണ്ടെത്തുന്നത് ഐപിഎൽ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളിൽ കളിച്ച്. ഈ ഗതികേടിൽ നിന്ന് അഫ്ഗാൻ താരങ്ങൾ ടി20 ലോകകപ്പിൽ നേടിയ ഈ ഐതിഹാസിക വിജയം ക്രിക്കറ്റിൽ സമാനതകളില്ലാത്തതാണ്.

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഐസിസിയുടെ ലോക ക്രിക്കറ്റ് ലീഗിലെ ഡിവിഷൻ സിയിൽ കളിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ നിരയിലായിരുന്നു അന്ന് അഫ്ഗാന്റെ സ്ഥാനം. അവിടെ നിന്നാണ് റാഷിദ് ഖാനും സംഘവും ആരാധകരെ വിസ്മയിപ്പിക്കുന്നത്. റാഷിദ് ഖാൻ എന്നെ ഓൾറൗണ്ടറെ ചുറ്റിപ്പറ്റിയാണ് അഫ്ഗാൻ ടീമെന്ന പതിവ് പരിഹാസത്തിന് ഈ ലോകകപ്പ് മറുപടി നൽകിയതായി കാണാം.

പിച്ചിന്റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാനാകുന്ന താരങ്ങളും ലോകത്തര നിലവാരത്തിലേക്ക് ഉയർന്ന പേസർമാരും സ്പിന്നർമാരുടെ കരുത്തും ഒരുപോലെ ടീമിനെ വിജയ പാതയിലെത്തിച്ചത്. കോച്ചിങ് സ്റ്റാഫുകളായ ജൊനാഥൻ ട്രോട്ട്, ഡെയ്ൻ ബ്രാവോ എന്നിവരുടെ തന്ത്രങ്ങളും അഫ്ഗാന്റെ കരുത്താണ്. ഓസ്‌ട്രേലിയ അടക്കമുള്ള വമ്പൻ ടീമുകളെ മുട്ടുകുത്തിച്ചാണ് ലോക ക്രിക്കറ്റിൽ അഫ്ഗാൻ വിസ്മയമാകുന്നത്.