സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് വ്യാഴാഴ്ച നടക്കാനിരിക്കെ വീണ്ടും മഴയുടെ ഭീഷണി. വ്യാഴാഴ്‌ച്ച ഗയാന, പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുന്നത് ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്ക്ക് എതിരായ മത്സരം ഒഴിച്ച് മൂന്ന് മത്സരങ്ങളിലും സൂപ്പർ എട്ടിലും ഇന്ത്യ എല്ലാ മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ തോൽപ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്.

സൂപ്പർ എട്ടിലെ രണ്ട് ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവരാണ് സെമിയിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് ഒന്നിൽനിന്ന് ചാമ്പ്യന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്താനും സെമിയിലെത്തി. ഗ്രൂപ്പ് രണ്ടിൽനിന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതായും ഇംഗ്ലണ്ട് രണ്ടാമതായും സെമിയിലേക്ക് ടിക്കറ്റെടുത്തു. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് നടക്കുന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും രാത്രി എട്ടുമണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

ടൂർണമെന്റിൽ പലതവണ വില്ലനായെത്തിയ മഴ കളി മുടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി സെമി, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമടക്കം പല നിയമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഗയാനയിൽ നിന്ന് വരുന്നത്. കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത. വാസ്തവത്തിൽ, അടുത്ത രണ്ട് ദിവസത്തേക്ക് ഗയാനയിലെ കാലാവസ്ഥ മോശമായിരിക്കും.

ഇന്നലേയും ഇന്നും പ്രദേശങ്ങളിൽ കനത്ത മഴയുണ്ട്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കൂടെ കാറ്റും ഇടിമിന്നലും. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിന് റിസർവ് ദിനമുണ്ട്. മത്സരം നിശ്ചയിച്ച ദിവസം പൂർത്തിയാക്കാനാവാതെ വന്നാൽ മാത്രമേ റിസർവ് ദിനം ഉപയോഗപ്പെടുത്തൂ. അതും ഓവർ കുറച്ചതിന് ശേഷവും കളി തുടരാനാകാതെ വന്നാൽ മാത്രം. ഒന്നാം സെമിക്ക് ആദ്യ ദിനം 60 മിനിറ്റും റിസർവ് ദിനത്തിൽ 190 മിനിറ്റും അധികസമയം ഉണ്ടായിരിക്കും.

റിസർവ് ദിനത്തിലേക്ക് സെമി മത്സരം നീണ്ടാൽ പുതിയ തുടക്കമായിരിക്കില്ല.ആദ്യ ദിനത്തിന്റെ തുടർച്ചയായിരിക്കും കളി. ടോസിന് ശേഷം മത്സരം തുടരാനായില്ലെങ്കിൽ റിസർവ് ദിനത്തിൽ കളിക്കുമ്പോൾ നേരത്തേയുള്ള ടോസും പ്രഖ്യാപിച്ച ടീമും അനുസരിച്ചായിരിക്കും മത്സരം. എന്നാൽ മത്സരത്തിൽ ഓവർ കുറയ്ക്കുകയും ശേഷം കളി തുടരാനാവാതെ വരുകയുമാണെങ്കിൽ റിസർവ് ദിനത്തിൽ 20 ഓവർ മത്സരം നടക്കും.

ഉദാഹരണത്തിന് മത്സരത്തിന്റെ 9-ാം ഓവറിൽ മഴ മൂലം കളി തടസ്സപ്പെടുന്നു. പിന്നീട് 17 ഓവറാക്കി ചുരുക്കുന്നു. എന്നാൽ, മത്സരത്തിൽ പിന്നീട് ഒരു പന്തുപോലും എറിയാനാവാതെ ആ ദിവസം കളി ഉപേക്ഷിക്കുന്നു. 17 ഓവറാക്കി ചുരുക്കിയതിന് ശേഷം കളി ആരംഭിക്കാത്തതിനാൽ റിസർവ് ദിനത്തിൽ 20 ഓവർ മത്സരമായിരിക്കും നടക്കുക.

എന്നാൽ, 17 ഓവറാക്കി ചുരുക്കിയതിന് ശേഷം കളി ആരംഭിക്കുന്നു. പിന്നാലെ ഒരോവർ എറിഞ്ഞതിന് ശേഷം മഴയെത്തുന്നു. പിന്നീട് ഒരു പന്തുപോലും എറിയാനാവാതെ ആ ദിവസം കളി ഉപേക്ഷിക്കേണ്ടി വന്നാൽ റിസർവ് ദിനത്തിൽ 17-ഓവർ മത്സരമാണ് നടക്കുക.

എന്നാൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിക്ക് റിസർവ് ദിനമില്ല. എന്നാൽ, നിശ്ചയിച്ച ദിവസം 250 മിനിറ്റ് അധികസമയമുണ്ടായിരിക്കും. മത്സരത്തിന് റിസർവ് ദിനം നൽകാത്തത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10-ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇത് അഞ്ച് ഓവറായിരുന്നു.

ഒരു പന്ത് പോലും എറിയാനാവാത്ത രീതിയിൽ മത്സരം മഴയെടുത്താൽ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ കടക്കും. ഇംഗ്ലണ്ട് പുറത്തേക്കും. സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിൽ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ പിന്നീട് ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ജയിച്ചിരുന്നു. ഗ്രൂപ്പ് രണ്ടിൽ രണ്ടാമതായിരുന്നു ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം അവർ പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇൻഡീസ്, യുഎസ് ടീമുകളെ തോൽപ്പിക്കാനുമായി.