- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബാബ്വെ പര്യടനം: നിതീഷ് റെഡ്ഢിക്ക് പരിക്കേറ്റു; പകരം ശിവം ദുബെ ടീമിൽ
മുംബൈ: ട്വന്റി 20 ലോകകപ്പിന് പിന്നാലെ നടക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പരിക്കേറ്റ യുവതാരം നിതീഷ് റെഡ്ഡി പുറത്തായി. ഇതോടെ ഓൾറൗണ്ടർ ശിവം ദുബേയെ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരമായാണ് ദുബേക്ക് അവസരം നൽകുന്നത്. ഐപിഎല്ലിൽ തിളങ്ങിയ 21കാരനായ നിതീഷിനെ ആദ്യമായി ആയിരുന്നു ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.
നിതീഷ് കുമാർ ഐപിഎല്ലിലെ എമേർജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന് എന്ത് സ്വഭാവത്തിലുള്ള പരിക്ക് ആണെന്ന് വ്യക്തമാക്കാൻ ബിസിസിഐ തയ്യാറായിട്ടില്ല. ജൂലൈ ആറിന് തുടങ്ങുന്ന സിംബാബ്വെ പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ജൂലൈ ആറു മുതൽ 14 വരെയാണ് ഇന്ത്യ സിംബാബ്‌വെ ട്വന്റി20 പരമ്പര നടക്കേണ്ടത്.
താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണു താരത്തെ ചികിത്സിക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി 13 മത്സരങ്ങൾ കളിച്ച നിതീഷ് 303 റൺസും മൂന്നു വിക്കറ്റുകളും നേടിയിരുന്നു.
ഇന്ത്യൻ സംഘത്തെ ശുഭ്മാൻ ഗില്ലാണ് നയിക്കുക. യുവതാരങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. അഭിഷേക് ശർമ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, ധ്രുവ് ജുറൽ എന്നിവർക്ക് ആദ്യമായിട്ടാണ് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലിൽ പുറത്തെടുത്ത പ്രകടനമാണ് ഇവർക്കെല്ലാം ഗുണം ചെയ്തത്. അതേസമയം, തിലക് വർമ തഴയപ്പെട്ടു.
സഞ്ജുവിന് പുറമെ യശസ്വി ജയ്‌സ്വാൾ മാത്രമാണ് ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ടീമിലെത്തിയ താരം. അഞ്ച് ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരുന്ന ശുഭ്മാൻ ഗിൽ ട്രാവലിങ് റിസർവായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.