ലാഹോർ: ട്വന്റി 20 ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെതിരെ മുൻ പാക്കിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ് നടത്തിയ ഗുരുതര ആരോപണത്തിന് മറുപടിയുമായി നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരെ സൂപ്പർ എട്ട് മത്സരത്തിനിടെ ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാണിച്ചു എന്നാണ് ഇൻസമാം തെളിവുകളേതുമില്ലാതെ ആരോപിച്ചത്. ടീം പന്തിൽ കൃത്രിമം കാണിച്ചതോടെയാണ് അർഷ്ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നും ഇൻസമാം ആരോപിച്ചിരുന്നു.

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 അങ്കത്തിൽ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ 24 റൺസിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസമിന്റെ ആരോപണം. അതിങ്ങനെയായിരുന്നു. "അർഷ്ദീപ് സിങ് ഇന്നിങ്‌സിലെ 15-ാം ഓവർ എറിയുമ്പോൾ റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു എന്ന വസ്തുത ആർക്കും തള്ളാനാവില്ല. 12-13 ഓവർ ആയപ്പോഴാണോ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാൻ പാകമായത്? അംപയർമാർ കണ്ണ് തുറന്ന് നോക്കണം. അർഷ്ദീപ് ആ സമയത്ത് റിവേഴ്‌സ് സ്വിങ് നടത്തണമെങ്കിൽ പന്തിൽ ചിലത് ചെയ്തിരിക്കണം." ഇൻസി പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

അർഷ്ദീപിന് പകരം ജസ്പ്രീത് ബുമ്രക്കാണ് ആ സമയം റിവേഴ്സ് സിങ് ലഭിച്ചത് എങ്കിൽ അംഗീകരിക്കുമായിരുന്നു എന്നും ഇൻസമാം പറയുന്നു. "ജസ്പ്രീത് ബുമ്രക്കാണ് റിവേഴ്‌സ് സ്വിങ് ലഭിച്ചതെങ്കിൽ എനിക്ക് മനസിലാകുമായിരുന്നു. കാരണം അയാളുടെ ആക്ഷൻ അങ്ങനെയാണ്." എന്നുമാണ് ഇൻസമാം ഉൾ ഹഖിന്റെ വിശദീകരണം. എന്നാൽ ഇൻസമാമിന്റെ ആരോപണത്തോട് ഐസിസിയോ ബിസിസിഐയോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോൾ ആരോപണത്തിന് മറുപടി പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത്തിന്റെ മറുപടിയിങ്ങനെ... "ഇതിനിപ്പോൾ ഞാനെന്താണ് മറുപടി പറയുക. ചൂടുള്ള സാഹചര്യത്തിൽ, വിക്കറ്റ് വരണ്ടതാവുമ്പോഴും പന്തുകൾക്ക് റിവേഴ്സ് സ്വിങ് ഉണ്ടാവും. അത് ഇന്ത്യയുടെ മാത്രം കാര്യമല്ല, എല്ലാ ടീമുകൾക്കും ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്. കളിക്കുന്നത് ഇംഗ്ലണ്ടിലോ അല്ലെങ്കിൽ ഓസ്ട്രേലിയയിലോ അല്ല. വല്ലപ്പോഴുമെങ്കിലും നിങ്ങളുടെ തലച്ചോറ് ഉപയോഗിക്കൂ." രോഹിത് മറുപടി നൽകി.

വാർത്താസമ്മേളനത്തിൽ ഇൻസമാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് രോഹിത് പറഞ്ഞത്. വിക്കറ്റ് ഡ്രൈയാണ്. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിങ് കിട്ടുന്നുണ്ട്. കളിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് ചിന്തിച്ച് മനസിലാക്കണം. ഇത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. രോഹിത് കൂട്ടിച്ചേർത്തു. മുൻ പാക് താരം സലീം മാലിക്കും സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.

പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ ബൗളർ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഇൻസമാം ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് അമ്പയർമാരെയും വിമർശിച്ചു. അമ്പയർമാരും മറ്റും ചില ടീമുകൾക്ക് അനുകൂലമായി പെരുമാറുന്നുണ്ടെന്ന് മാലിക്കും ആരോപിച്ചിരുന്നു. കൃത്രിമം കാണിച്ചില്ലെങ്കിൽ പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇൻസമാമിന്റെ പക്ഷം.

"ചില ടീമുകൾക്കായി അമ്പയർമാർ കണ്ണടച്ചിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ത്യയും അതിലൊന്നാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ സമാന സാഹചര്യം റിപ്പോർട്ട് ചെയ്തതിന് പിഴയീടാക്കിയത് ഞാൻ ഓർക്കുന്നു." - സലീം മാലിക്ക് പറഞ്ഞു. ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റിലാണ് ഉണ്ടായതെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകുമായിരുന്നുവെന്നും മാലിക് പറഞ്ഞു.