ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. ഗയാനയിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടായെങ്കിലും കാർമേഘങ്ങൾ ഒഴിയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഗയാന സമയം രാവിലെ 10.30-നാണ് (ഇന്ത്യൻ സമയം വൈകീട്ട് എട്ടു മണി) സെമി മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ മുതൽ ഗയാനയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ മത്സരം നടക്കുന്ന പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ വെള്ളത്താൽ നിറഞ്ഞു.

കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ ഗയാനയിൽ മഴ തുടരുമെന്നാണ് സൂചന. മത്സരം നടക്കേണ്ട ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം മഴയിൽ മുങ്ങിനിൽക്കുന്നതിന്റെ വീഡിയോ അൽപം മുമ്പ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം ഗ്രൗണ്ടിൽ പടർന്ന വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടോസിന് രണ്ട് മണിക്കൂർ മാത്രം ബാക്കിയിരിക്കെയാണ് ഗയാനയിൽ നേരിയ തോതിൽ മഴ തുടങ്ങിയത്. ഇതോടെ ടോസ് വൈകാൻ സാധ്യതയുണ്ട്. ഗയാനയിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തിന് റിസർവ് ഡേ ഇല്ലെങ്കിലും മഴ കാരണം വൈകിയാലും ഓവറുകൾ വെട്ടിക്കുറക്കുന്നതിന് 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം തുടങ്ങേണ്ടതെങ്കിലും രാത്രി 12.10ന് ശേഷവും മത്സരം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമെ ഓവറുകൾ വെട്ടി കുറക്കു. ഇന്ത്യൻ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കിൽ പോലും മുഴുവൻ ഓവർ മത്സരമായിരിക്കും നടക്കുക. ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോൾ ഇന്ത്യക്ക് കണക്ക് തീർക്കാനുണ്ട്. 2022 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്താവുന്നത്.

ഗയാനയിൽ 70 ശതമാനം മഴ പെയ്യാൻ സാധ്യതുണ്ടെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. അങ്ങനെ വന്നാൽ മത്സരം നടക്കാനും സാധ്യയില്ല. മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയാണ് ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെയാണ് സെമി മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ പോലും ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമെന്ന സാഹചര്യമുണ്ടാക്കിയത്.

അതേസമയം സെമി ഫൈനൽ മത്സരത്തിന് റിസർവ് ഡേയില്ല. സാധാരണ ട്വന്റി 20 മത്സരത്തിനിടെ മഴ പെയ്താൽ 60 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിക്കുക. ഇതിനുള്ളിൽ മത്സരം നടത്തണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് മാച്ച് റഫറിയും അമ്പയർമാരുമെത്തും. എന്നാൽ ഇവിടെ സെമിക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മത്സരം നടത്താൻ നാല് മണിക്കൂറോളം കാക്കും.

ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാൽ 12.10 വരെ കാക്കും. ഈ സമയത്ത് മത്സരം ആരംഭിച്ചാലും മുഴുവൻ ഓവർ മത്സരം തന്നെ നടത്തും. അതിലും വൈകിയാൽ മാത്രമേ ഓവറുകൾ ചുരുക്കൂ. എന്നാൽ 10 ഓവർ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമേ കണക്കിലെടുക്കൂ. അതിലും കുറഞ്ഞാൽ മത്സരം ഉപേക്ഷിക്കും.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.