- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിന്; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
ഗയാന: ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. നേരത്തേ ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകുകയായിരുന്നു. മഴയുടെ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സൂപ്പർ 8 റൗണ്ടിൽ ഓസ്‌ട്രേലിയയെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളില്ല. മഴ കാരണം വൈകിയാണ് കളി തുടങ്ങുന്നത്.
ഗയാനയിൽ ഇന്ന് 57 ശതമാനമാണ് മഴ പെയ്യാൻ സാധ്യത. മഴ മത്സരം തടസ്സപ്പെടുത്തിയാൽ കളി തുടരാൻ 7 മണിക്കൂർ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മഴമൂലം സെമിഫൈനൽ ഉപേക്ഷിക്കേണ്ടിവന്നാൽ ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യ ഫൈനലിൽ കടക്കും.
ടൂർണമെന്റിലെ അപരാജിത കുതിപ്പിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന് സെമിപോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ 8ലും അപ്രതീക്ഷിത തോൽവി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. സ്പിന്നർമാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം. ഇതുവരെ നടന്ന 18 മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ടീം 6 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം 8 മത്സരങ്ങളിൽ വിജയികളായി. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ: 133
പിച്ചിലെ ബൗൺസും മഴ കാരണം മൂടിയിട്ടതിനാൽ തുടക്കത്തിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കുമെന്നതും കണക്കിലെടുത്താണ് ഫീൽഡിങ് തെരഞ്ഞെടുക്കുന്നതെന്ന് ടോസ് നേടിയ ശേഷം ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ വ്യക്തമാക്കി.
അതേസമയം, ടോസ് നേടിയിരുന്നെങ്കിലും ബാറ്റിങ് തന്നെയായിരുന്നു തെരഞ്ഞെടുക്കുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. മത്സരം പുരോഗമിക്കുന്തോറം വേഗം കുറയുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോർ ഉയർത്താനാണ് ശ്രമിക്കുകയെന്നും രോഹിത് പറഞ്ഞു. ഈ ലോകകപ്പിൽ ഗയാനയിൽ ഇതുവരെ നടന്നത് അഞ്ച് മത്സരങ്ങളാണ്. ഇതിൽ മൂന്നെണ്ണത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയിൽ ഔട്ട് ഫീൽഡ് നനഞ്ഞു കുതിർന്നതിനാലാണ് ടോസ് വൈകിയത്. മത്സരം ഒരു മണിക്കൂർ വൈകിയെങ്കിലും ഓവറുകൾ വെട്ടിക്കുറക്കാതെ 20 ഓവർ മത്സരം തന്നെയാണ് നടക്കുക. 2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്
ഇന്ത്യ പ്ലേയിങ് ഇലവൻ രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ഫിൽ സോൾട്ട്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൻ, സാം കറൻ, ക്രിസ് ജോർദാൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, റീസ് ടോപ്‌ലി.