ഗയാന: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം പുരോഗമിക്കുമ്പോഴും ഗയാന, പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ ഗാലറിയിൽ കസേരകളിൽ ഭൂരിഭാഗവും കാലി. പൊതുവെ ഇന്ത്യയുടെ മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ നടക്കുമ്പോഴും തിങ്ങി നിറയുന്ന ഗാലറികൾ കണ്ടു ശീലിച്ച ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഗയാനയിൽ കാണുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് ആറ് മാസം മുമ്പ് പോലും ടിക്കറ്റുകൾ ബുക്ക് ചെയ്ത ഇന്ത്യൻ ആരാധകർക്ക് പോലും മത്സരം നേരിട്ട് കാണാൻ എത്തിയപ്പോൾ വലിയ യാത്രാദുരിതമാണ് നേരിടേണ്ടി വരുന്നത്.

വെസ്റ്റിൻഡീസിലെ വിവിധ ദ്വീപു സമൂഹങ്ങളിലെ ഗ്രൗണ്ടുകളിലാണ് നോക്കൗട്ട് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ മത്സരക്രമത്തിന് അനുസരിച്ച് താമസസ്ഥലത്തുനിന്നും സ്‌റ്റേഡിയത്തിൽ എത്താൻ പലപ്പോഴും കഴിയുന്നില്ലെന്ന് കേരളത്തിൽ നിന്നുമെത്തിയ ആരാധകർ പറയുന്നു. ഇന്ത്യയിൽ നിന്നടക്കം വെസ്റ്റിൻഡ്‌സിൽ മത്സരം കാണാൻ എത്തിയ ആരാധകർക്ക് സമാനമായ അനുഭവമാണ് നേരിടുന്നത്.

സെമി പോരാട്ടമടക്കം ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ വെസ്റ്റിൻഡീസിലെത്തിയ ഇന്ത്യൻ ആരാധകർക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് അടക്കം കിട്ടാനില്ലെന്ന പരാതി ഉയർന്നുകഴിഞ്ഞു. ആറ് മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കരീബിയൻ ദ്വീപുകളിലെത്തിയ മലയാളി ആരാധകർക്ക് അടക്കം യാത്രദുരിതം നേരിട്ടു. മത്സരങ്ങൾ ദ്വീപ് സമൂഹത്തിലെ വിവിധ ഗ്രൗണ്ടുകളിലായി നടക്കുന്നത് കാരണം യഥാസമയം സ്റ്റേഡിയത്തിൽ എത്താൻ ആരാധകർ വലയുകയാണ്.

സെമി പോരാട്ടം നടക്കുന്ന ഗയാനയിലെ സ്‌റ്റേഡിയത്തിലും ആരാധകർ കുറവാണ്. പൊതുവെ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ പോലും തിങ്ങി നിറയുന്ന ഗാലറികൾ സവിശേഷമായ കാഴ്ചയാണ്. എന്നാൽ യു എസിൽ നിന്നും മത്സരം വിൻഡീസ് ദ്വീപുകളിലേക്ക് എത്തിയതോടെ കണക്ഷൻ ഫ്‌ളൈറ്റുകൾ കിട്ടാതെ ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താൻ സാധിക്കാതെ വന്നിരുന്നു. ട്വന്റി 20 ക്രിക്കറ്റിന്റെ മത്സരക്രമവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച അഫ്ഗാനിസ്ഥാന് സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള തയ്യാറെടുപ്പ് പോലും നടത്താനുള്ള സമയം ലഭിച്ചില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ആരോപിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനുശേഷം നാലു മണിക്കൂറോളം വിമാനം വൈകി ട്രിനാഡിഡിലെത്തിയ അഫ്ഗാന് പുതിയ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കതിരെ ഇറങ്ങും മുമ്പ് പരിശീലനത്തിന് പോലും സമയം ലഭിക്കാതിരുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മൈക്കൽ വോൺ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ഈ വേദിയിൽ മുമ്പ് കളിച്ചിട്ടുണ്ടല്ലോ എന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയപ്പോൾ അത് തനിക്കറിയാമെന്നും പക്ഷെ സെമി ഫൈനൽ മത്സരം നടന്ന പിച്ച് വ്യത്യസ്തമായിരുന്നുവെന്നും മറുപടി നൽകി. കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പിനെങ്കിലും അഫ്ഗാന് അവസരം നൽകണമായിരുന്നു. അഫ്ഗാൻ-ദക്ഷിണാഫ്രിക്ക സെമി ഫൈനൽ മത്സരം ഗയാനയിലായിരുന്നു നടത്തേണ്ടിയിരുന്നതെന്നും എന്നാൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കാനായി അഫ്ഗാന്റെ മത്സരം ട്രിനിഡാഡിൽ നടത്തുകയായിരുന്നുവെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന നീതികേടാണെന്നും വോൺ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.