ഗയാന: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം മഴ കാരണം വീണ്ടും തടസ്സപ്പെട്ടു. എട്ട് ഓവറുകൾ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയും (26 പന്തിൽ 37), സൂര്യകുമാർ യാദവുമാണ് (ഏഴു പന്തിൽ 13) പുറത്താകാതെനിൽക്കുന്നത്. ഗയാനയിൽ കനത്ത മഴ മാറിയെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞതോടെ മത്സരം വൈകാനാണ് സാധ്യത.

മഴ കാരണം മത്സരത്തിന്റെ ടോസ് അടക്കം വൈകിയിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴയെത്തുകയായിരുന്നു. ഒൻപതു പന്തുകളിൽ ഒൻപതു റൺസെടുത്ത കോലി പേസർ റീസ് ടോപ്‌ലിയുടെ പന്തിൽ ബോൾഡാകുകയായിരുന്നു. നാലു റൺസെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർ‌സ്റ്റോ ക്യാച്ചെടുത്തും മടക്കി. പവർപ്ലേയിൽ 46 റൺസാണ് ഇന്ത്യ നേടിയത്.

ഗയാനയിൽ ഇന്ന് 57 ശതമാനമാണ് മഴ പെയ്യാൻ സാധ്യത. മഴ മത്സരം തടസ്സപ്പെടുത്തിയാൽ കളി തുടരാൻ 7 മണിക്കൂർ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മഴമൂലം സെമിഫൈനൽ ഉപേക്ഷിക്കേണ്ടിവന്നാൽ ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യ ഫൈനലിൽ കടക്കും.

ടൂർണമെന്റിലെ അപരാജിത കുതിപ്പിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന് സെമിപോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ 8ലും അപ്രതീക്ഷിത തോൽവി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. സ്പിന്നർമാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം. ഇതുവരെ നടന്ന 18 മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ടീം 6 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം 8 മത്സരങ്ങളിൽ വിജയികളായി. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ: 133

മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. എന്തെങ്കിലും കാരണത്താൽ മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. മഴ കാരണം മൂടിയിട്ട പിച്ചിൽ നിന്ന് തുടക്കത്തിൽ പേസർമാർക്ക് ആനുകൂല്യം ലഭിച്ചേക്കുമെന്നും ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണത്താലാണെന്നും ടോസ് നേടിയ ശേഷം പ്രതികരിക്കവെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പറഞ്ഞു.