മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തീയതികളിൽ തീരുമാനമായതായി റിപ്പോർട്ടുകൾ. ഓക്ടോബർ അഞ്ച് മുതലാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. നവംബർ 19നായിരിക്കും ഫൈനൽ പോരാട്ടം.അതേസമയം തീയതികൾ സംബന്ധിച്ച് ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്കിൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പത്ത് വേദികളിലായാണ് പോരാട്ടങ്ങൾ.ബംഗളൂരു, ചെന്നൈ, ധരംശാല, അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നവയാണ് വേദികൾ. നവംബർ 19ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ പോരാട്ടം.

46 ദിവസമായി നടക്കുന്ന ടൂർണമെന്റിൽ പത്ത് ടീമുകൾ മാറ്റുരയ്ക്കും. മൂന്ന് നോക്കൗട്ട് മത്സരങ്ങളടക്കം 48 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക.സാധാരണ നിലയിൽ ഒരു വർഷം മുൻപ് തന്നെ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ വേദികൾ ഐസിസി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഇത്തവണ ഐസിസിയും ബിസിസിഐയും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

ടൂർണമെന്റിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുന്നത് സംബന്ധിച്ചും ആശങ്കകൾ നിൽക്കുന്നുണ്ട്. ഐസിസി പോരാട്ടങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ കളിക്കാനെത്തുന്ന പാക് ടീമിന് വിസ ക്ലിയറൻസ് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഐസിസി യോഗത്തിൽ പാക് താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കാനെത്താനുള്ള വിസ അനുവദിക്കാൻ സർക്കാർ തയ്യാറാകുമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതയി റിപ്പോർട്ടുകളുണ്ട്.