അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ആവേശത്തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് പത്ത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. ഡേവിഡ് മലന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 24 പന്തിൽ 14 റൺസ് എടുത്ത് നിൽക്കെ മാറ്റ് ഹെന്റിയുടെ പന്തിൽ ടോം ലാതമിന് ക്യാച്ച് നൽകി മലൻ മടങ്ങുകയായിരുന്നു. ജോണി ബെയർ‌സ്റ്റോയും, ജോ റൂട്ടുമാണ് ക്രീസിൽ.

പരിക്കിൽ നിന്ന് മോചിതരാകാത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും ന്യൂസിലൻഡ് ടീമിലില്ല. വില്യംസണിന്റെ അസാന്നിധ്യത്തിൽ ടോം ലാഥമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസർ ലോക്കി ഫെർഗൂസനും സ്പിന്നർ ഇഷ് സോധിയും കിവീസിന്റെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി.

സൗത്തിയുടെ അഭാവത്തിൽ ട്രെന്റ് ബോൾട്ടിലാണ് കിവീസിന്റെ ബൗളിങ് പ്രതീക്ഷകൾ. സന്നാഹ മത്സരങ്ങളിൽ ആധികാരിക ജയവുമായി ആത്മവിശ്വാസത്തോടെയാണ് കിവീസ് ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയിൽ ഇടുപ്പിന് പരിക്കേറ്റ ബെൻ സ്റ്റോക്‌സ് ഇന്ന് പ്ലേിങ് ഇലവനിലില്ല. പേസർമാരായ റീസ് ടോപ്ലി, ഡേവിഡ് വില്ലി, അറ്റ്കിൻസൺ എന്നിവർക്കും പ്ലേയിങ് ഇലവനിൽ ഇടമില്ല.

നാലു വർഷം മുമ്പ് ലോർഡ്‌സിൽ നിർഭാഗ്യം കൊണ്ട് കൈവിട്ട ലോക കിരീടം കൈപ്പിടിയിലൊതുക്കാനുറച്ചാണ് കിവീസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും. ലോർഡ്‌സിൽ നടന്ന കിരീടപ്പോരാട്ടത്തിൽ നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. പിന്നീട് ഐസിസി ഈ വിവാദ നിയമം പിൻവലിച്ചു.

മറുവശത്ത് ഇംഗ്ലണ്ടാകട്ടെ 2019ലെ ലോകകപ്പിനുശേഷം അടിച്ചുപൊളി ക്രിക്കറ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്റെയും ഏകദിന ക്രിക്കറ്റിന്റെയും ജാതകം തന്നെ മാറ്റിയെഴുതി കഴിഞ്ഞു. ഹാരി ബ്രൂക്കും ഡേവിഡ് മലനും ജോണി ബെയർ‌സ്റ്റോയും ജോസ് ബട്ലറും ലിയാം ലിവിങ്സ്റ്റണും എല്ലാം അടങ്ങുന്ന ബാറ്റിങ് നിര ഏത് ടീമിനും ഭീഷണിയാണ്.ബാറ്റിംഗിൽ ഡെവോൺ കോൺവെയുടെയും ഡാരിൽ മിച്ചലിന്റെയും ടോം ലാഥമിന്റെയും ബാറ്റിങ് ഫോമിലാണ് കിവീസിന്റെ പ്രതീക്ഷകൾ.

ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോണി ബെയർ‌സ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, സാം കുറാൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്, മാർക്ക് വുഡ്.

ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ട്രെന്റ് ബോൾട്ട്.