അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം പുരോഗമിക്കുമ്പോഴും ബിസിസിഐയ്ക്ക് കനത്ത നാണക്കേടായി ഒഴിഞ്ഞു കിടക്കുന്ന ഗാലറി. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന അഹമ്മദബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലിൽ എണ്ണിയെടുക്കാവുന്ന കാണികൾ മാത്രം. പ്രവർത്തി ദിനമായതിനാൽ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചപ്പോൾ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ കാണികൾ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വിൽപനയിലെ അപാകതകളുമെല്ലാം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത് തടയാൻ കാരണമായെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ആദ്യ മത്സരത്തിൽ 40,000 വരെ സ്ത്രീകൾക്ക് സൗജന്യമായി കളി കാണാനവസരം ഒരുക്കിയിട്ടും ഗാലറിയിൽ ആരവങ്ങളില്ലാത്തത് ബിസിസിഐക്ക് വലിയ നാണക്കേടാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം സ്റ്റേഡിയത്തിലെത്തി സൗജന്യമായി കാണാൻ അഹമ്മദാബാദിലെ ബിജെപിയുടെ വാർഡ് തല പ്രാദേശിക നേതാക്കളാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ മാസം പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതാണ് സ്ത്രീകളെ സൗജന്യമായി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തിന് പ്രചോദനമായതെന്ന് ബോഡക്‌ദേവ് ഏരിയയിലെ ബിജെപി വൈസ് പ്രസിഡന്റ് ലളിത് വാധവാൻ പറഞ്ഞു. ടിക്കറ്റിന് പുറമെ ചായയ്ക്കും ഉച്ചഭക്ഷണത്തിനുമുള്ള കോംപ്ലിമെന്ററി കൂപ്പണുകളും നൽകിയാണ് വനിതകളെ സ്റ്റേഡിയത്തിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ഇത് വേണ്ടത്ര ഫലം കണ്ടോയെന്ന് സംശയമാണ്.

എന്നാൽ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് സ്ത്രീകളെ അണിനിരത്താൻ പാർട്ടി പ്രത്യേകം ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ലെന്നായിരുന്നു ഗുജറാത്ത് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞത്.. ''സ്ത്രീകൾ വൻതോതിൽ പോയാൽ കൊള്ളാം. എന്നാൽ അതിനായി പ്രത്യേക ശ്രമമൊന്നും പാർട്ടി നടത്തുന്നില്ല,'' എന്നായിരുന്നു വ്യാസിന്റെ മറുപടി.

ലോകകപ്പിൽ ഒക്ടോബര് 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിൽപനക്കെത്തി മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് മാത്രമെ സ്റ്റേഡിയത്തിൽ കാണികളെത്തൂവെങ്കിൽ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക.

ട്വന്റി 20 ക്രിക്കറ്റിന്റെയും ടി10 ക്രിക്കറ്റിന്റെയും കാലത്ത് ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകൾക്കിടെയാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകർ കൂട്ടത്തോടെ കൈയൊഴിഞ്ഞത്.

ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെ തുടക്കമായപ്പോൾ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പരിക്കിൽ നിന്ന് മോചിതരാകാത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും ന്യൂസിലൻഡ് ടീമിലില്ല. വില്യംസണിന്റെ അസാന്നിധ്യത്തിൽ ടോം ലാഥമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസർ ലോക്കി ഫെർഗൂസനും സ്പിന്നർ ഇഷ് സോധിയും കിവീസിന്റെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ ഇടുപ്പിന് പരിക്കേറ്റ ബെൻ സ്റ്റോക്‌സ് ഇന്ന് പ്ലേിങ് ഇലവനിലില്ല. പേസർമാരായ റീസ് ടോപ്ലി, ഡേവിഡ് വില്ലി, അറ്റ്കിൻസൺ എന്നിവർക്കും പ്ലേയിങ് ഇലവനിൽ ഇടമില്ല.