അഹമ്മദാബാദ്: ഏകദിനക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. 77 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചൽ സാന്റ്നർ ഗ്ലെൻ ഫിലിപ്സ് എന്നിവരുമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17 റൺസെടുത്ത മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ടീം സ്‌കോർ 50 കടത്തി. എന്നാൽ ബെയർസ്റ്റോയ്ക്കും പിടിച്ചുനിൽക്കാനായില്ല. 33 റൺസെടുത്ത താരത്തെ മിച്ചൽ സാന്റ്നർ പുറത്താക്കി.

നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. രചിൻ രവീന്ദ്ര ചെയ്ത 17-ാം ഓവറിൽ തുടർച്ചയായി സിക്സും ഫോറുമടിച്ച് താരം ട്വന്റി 20 ശൈലിയിൽ ബാറ്റുവീശിയെങ്കിലും ഓവറിലെ അവസാന പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 25 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മോയിൻ അലി 11 റൺസുമായി മടങ്ങിയതോടെ ഇംഗ്ലണ്ട് 118 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

ആറാമനായി ക്രീസിലെത്തിയ നായകൻ ജോസ് ബട്ലർ റൂട്ടിന് മികച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് തകർച്ചയിൽ നിന്ന് കരകയറി. ബട്ലറെ സാക്ഷിയാക്കി റൂട്ട് അർധസെഞ്ചുറി നേടി. ഇരുവരും ചേർന്ന് സ്‌കോർ 188-ൽ എത്തിച്ചെങ്കിലും 43 റൺസെടുത്ത ബട്ലറെ മാറ്റ് ഹെന്റി പുറത്താക്കി. ഇതോടെ ടീം പതറി. പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച് റൂട്ട് ടീം സ്‌കോർ 200 കടത്തി. എന്നാൽ ലിവിങ്സ്റ്റണും നിരാശപ്പെടുത്തി. 20 റൺസെടുത്ത താരത്തെ ട്രെന്റ് ബോൾട്ട് പുറത്താക്കി. പിന്നാലെ റൂട്ടും മടങ്ങി. ഇതോടെ ഇംഗ്ലണ്ട് തകർന്നു. 86 പന്തിൽ 77 റൺസെടുത്ത റൂട്ടിനെ ഗ്ലെൻ ഫിലിപ്സ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

പിന്നാലെ വന്ന സാം കറൻ (14), ക്രിസ് വോക്സ് (11) എന്നിവരും നിരാശപ്പെടുത്തി. അവസാന വിക്കറ്റിൽ മാർക്ക് വുഡും ആദിൽ റഷീദും ചേർന്ന് ടീം സ്‌കോർ 280 കടത്തി. വുഡ് 13 റൺസെടുത്തു റഷീദ് 15 റൺസ് നേടിയും പുറത്താവാതെ നിന്നു. കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സാന്റ്നർ ഗ്ലെൻ ഫിലിപ്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ട്രെന്റ് ബോൾട്ടും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.